സാറൻമാരേ, ഇനി ചാമ്പിക്കോ’....ഹൈ ജംപിൽ സ്വർണം നേടിയ ശേഷം അഭിനവ് ശ്രീറാമിന്റെ ഡയലോഗായിരുന്നു ഇത്. അവന്റെ ആഗ്രഹം പോലെ കാമറ ഫ്ലാഷുകൾ മിന്നി. റിപ്പോർട്ടർമാർ വിവരങ്ങളും ശേഖരിച്ചു. കഴിഞ്ഞദിവസം ലോങ് ജംപിൽ രണ്ടാംസ്ഥാനക്കാരനായതിന്റെ പേരിൽ അരികിലാക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു ആലപ്പുഴ കലവൂർ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി അഭിനവ് ശ്രീറാം. ആ വിഷമത്തിൽ നിന്ന് ഫീനിക്സ് പക്ഷിയുടെ കരുത്തോടെയാണ് അവൻ ഞായറാഴ്ച ഹൈജംപിൽ തന്റെയും ഈ കായികമേളയിലെയും ഏറ്റവും മികച്ച ഉയരം കണ്ടെത്തിയത്.
1.84 മീറ്റര്‍ ചാടി ഇടുക്കി എസ്.ടി.എച്ച്.എസ്.എസ് ഇരട്ടയാറിലെ മാർട്ടിൻ ജോസഫ് സ്വര്‍ണം ഉറപ്പിച്ച സമയത്താണ്പരിശീലകരെയും വീട്ടുകാരെയും അദ്ഭുതപ്പെടുത്തി അഭിനവ് 1.86 മീറ്റർ ചാടി ഒന്നാമനായത്. മുമ്പ് 1.82 മീറ്ററായിരുന്നു അവന്റെ ഏറ്റവും വലിയ നേട്ടം. പത്രത്തില്‍ ഫോട്ടോ വരണം, അതുവഴി നാടും നാട്ടുകാരും തിരിച്ചറിയണം എന്ന മോഹമാണ് 1.86 മീറ്റർ ചാടാന്‍ പ്രേരിപ്പിച്ചതെന്ന് അഭിനവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
മൂന്നുവര്‍ഷമായി ലോങ്ജംപില്‍ സംസ്ഥാന കായികമേളയില്‍ മത്സരിക്കാറുണ്ടെങ്കിലും മെഡലൊന്നും കിട്ടാറില്ല. അഞ്ചു മാസം മുമ്പാണ് പരിശീലകൻ കെ.ആർ. സാംജിയുടെ കീഴില്‍ ഹൈജംപിലും ഒരു കൈനോക്കിയത്. രാവിനെ പകലാക്കിയായിരുന്നു പരിശീലനം. ചേര്‍ത്തല കെ.ആര് പുരത്തെ വീട്ടില്‍നിന്ന് പരിശീലന കേന്ദ്രത്തിലേക്ക് 22 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടിവന്നതോടെ കുടുംബവുമായി താമസം പരിശീലന കേന്ദ്രത്തിന് സമീപത്തെ വാടക വീട്ടിലേക്ക് മാറ്റുകയായിരുന്നു.
ശനിയാഴ്ച നടന്ന ലോങ് ജംപിൽ വെള്ളി നേടിയെങ്കിലും തന്റെ പടവും വിവരങ്ങളും ശേഖരിക്കാത്തതിന്റെ നിരാശ ഈ കുട്ടിക്കുണ്ടായിരുന്നു. ലോങ് ജംപിൽ വെള്ളി നേടിയ ശേഷം ‘സാറെ എന്റെ കൂടി ഫോട്ടോ പത്രത്തില്‍ കൊടുക്കാമോ, സെക്കൻഡുണ്ട്’ എന്ന് പറഞ്ഞ് അവൻ മാധ്യമപ്രവർത്തകരെ സമീപിച്ചിരുന്നു. ‘നീ ഒരു ഫസ്റ്റ് അടിക്ക്, അപ്പോൾ ഫോട്ടോ വരും’ എന്ന ഉത്തരത്തിന് മറുപടിയായാണ് ഹൈജംപിൽ സ്വർണം നേടി ‘ഭീഷ്മ പര്‍വം സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് കടമെടുത്ത് അവന് പറഞ്ഞത്- ‘‘സാറന്മാരെ ഇനി ചാമ്പിക്കോ...’’.
ഇക്കഴിഞ്ഞ സംസ്ഥാന ജൂനിയര്‍ മീറ്റില്‍ ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടിയെങ്കിലും നാട്ടിലാരും അറിഞ്ഞില്ല. ദേശീയ മെഡലാണ് അടുത്ത സ്വപ്നം. വൈക്കം ഫയര്‍ഫോഴ്സിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍ ശ്രീറാമിന്റെയും വൈക്കം വി.എച്ച്.എസ്.എസിയിലെ അധ്യാപിക എസ്.ഷീനയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.