കഷ്ടപ്പാടിന് നടുവിലും  ക്രിക്കറ്റ് പരിശീലനം മുടക്കാതെ മാതാപിതാക്കൾ;  അണ്ടർ 19 ലോകകപ്പിൽ കേരളത്തിന്‍റെ അഭിമാനമായി ജോഷിത

കഷ്ടപ്പാടിന് നടുവിലും ക്രിക്കറ്റ് പരിശീലനം മുടക്കാതെ മാതാപിതാക്കൾ; അണ്ടർ 19 ലോകകപ്പിൽ കേരളത്തിന്‍റെ അഭിമാനമായി ജോഷിത

അണ്ടര്‍ 19 വനിതകളുടെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തില്‍ കേരളത്തിന് അഭിമാനമായി വി.ജെ. ജോഷിത. മിന്നു മണിക്കും സജന സജീവനും ശേഷം ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ മലയാളി വനിതാ താരമാകാൻ ജോഷിതക്ക് സാധിച്ചു. ഇന്ത്യ വിജയിച്ച ഐ.സി.ടൂർണമെന്‍റിൽ പങ്കാളിയാകുന്ന ആദ്യ മലയാളി വനിതയും ജോഷിതയാണ്. സുനിൽ വാത്സൻ, എസ്. ശ്രീശാന്ത്, സഞ്ജു സാംസൺ എന്നീ താരങ്ങൾ ഇന്ത്യക്ക് വേണ്ടി പുരുഷ ടീമിൽ ലോകകപ്പ് വിജയത്തിന്‍റെ ഭാഗമായിട്ടുണ്ട്.

ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ആറു കളിയില്‍ ആറ് വിക്കറ്റാണ് ഈ വലംകൈയന്‍ പേസ് ബൗളറുടെ സമ്പാദ്യം. വയനാട് കല്‍പ്പറ്റ സ്വദേശിയായ ജോഷിത ദക്ഷിണാഫ്രിക്കക്കെതിരെ ഫൈനലില്‍ രണ്ട് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് ലഭിച്ചില്ല. കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള കൃഷ്ണഗിരിയിലെ വയനാട് ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് താരോദയം.

കല്‍പ്പറ്റ ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ് പതിനെട്ടുകാരി ജോഷിത. ബത്തേരി സെന്റ് മേരീസ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഈ കുട്ടിത്താരം. മുണ്ടേരി ജി.വി.എച്ച്.എസ്.എസിൽ ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ കൃഷ്‌ണഗിരി ക്രിക്കറ്റ് അക്കാദമിയിൽ ജോഷിത എത്തിയത്. സജന സജീവൻ, മിന്നു മണി എന്നിവരുടെ വഴി പിന്തുടർന്ന് താരം പടിപടിയായി വളർന്നു. കഴിഞ്ഞവർഷം പൂനെയിൽ നടന്ന ത്രിരാഷ്ട്രകപ്പിലെ മികച്ചപ്രകടനത്തോടെ അണ്ടർ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻടീമിൽ ഇടം ലഭിച്ചു. അവിടെയും മികച്ച പ്രകടവുമായി തിളങ്ങിയതോടെ ലോകകപ്പ് ടീമിലെത്തി. ലോകകപ്പിലെ കളിച്ച ആദ്യമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിക്കൊണ്ട് കളിയിലെ താരമായി മാറുവാൻ ജോഷിതക്ക് സാധിച്ചു.

ഞായറാഴ്‌ച ഇന്ത്യൻ കൗമാരപ്പട ലോകകപ്പ് നേടുമ്പോൾ ഗ്രാമത്തുവയലിലെ ജോഷിതയുടെ വീട്ടിലും ആവേശം നിറഞ്ഞുകവിഞ്ഞു. ടീം ലോക കിരീടം ഉയര്‍ത്തുമ്പോള്‍ കല്‍പ്പറ്റയിലെ ഹോട്ടലില്‍ ജോലിയിലായിരുന്നു അച്ഛന്‍ ജോഷി. പണിത്തിരക്കിന്റെ ഇടവേളകളില്‍ മകളുടെ കിരീടനേട്ടം അദ്ദേഹം കണ്ടത് മൊബൈല്‍ ഫോണിലാണ്. ഈ സമയം ഗ്രാമത്തുവയലിലെ കൊച്ചുവാടകവീട്ടില്‍ അമ്മ ശ്രീജയും സഹോദരി ജോഷ്‌നയും ലോകകപ്പ് നേട്ടത്തിന്റെ ആഹ്ലാദത്തിലായിരുന്നു.

കഷ്ടപ്പാടുകള്‍ക്ക് നടുവിലും ജോഷിതയുടെ സ്വപ്‌നത്തിന് നിറംപകര്‍ന്നത് അവരുടെ മാതാപിതാക്കളാണ്. ഹോട്ടല്‍ തൊഴിലാളിയായ ജോഷിയും ഫാന്‍സി സ്റ്റോറില്‍ ജോലി ചെയ്യുന്ന ശ്രീജയും മകളുടെ ക്രിക്കറ്റ് പരിശീലനം പരമാവധി മുടക്കിയിരുന്നില്ല. ചെറുപ്രായത്തില്‍ തന്നെ ക്രിക്കറ്റ് പരിശീലനത്തിന് തുടക്കമിട്ട ജോഷിത കഴിഞ്ഞ ഏഴുവര്‍ഷമായി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. പരിശീലകന്‍ അമല്‍ ബാബുവാണ് ജോഷിതയിലെ താരത്തെ കണ്ടെത്തിയത്.

Tags:    
News Summary - Vj Joshita-player from kerala in u19 women's world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.