കുന്നംകുളം: 18 വർഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥയാക്കി പി. അഭിരാം എന്ന ‘അന്തർദേശീയ താരം’. ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന ദേശീയ ഗെയിംസ് ടീമിലേക്ക് വിളിവന്ന ആഹ്ലാദവുമായി സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടമത്സരത്തിനിറങ്ങിയ പാലക്കാട് മാതൂർ സി.എഫ്.ഡി വി.എച്ച്.എസ്.എസിലെ പി. അഭിരാമാണ് 48.06 സെക്കൻഡിൽ ചരിത്രനേട്ടം സ്വന്തമാക്കിയത്.
2005ൽ കോതമംഗലം സെന്റ് ജോർജിലെ വി.ബി. ബിനീഷ് സ്ഥാപിച്ച 48.23 സെക്കൻഡിന്റെ റെക്കോഡാണ് ഭേദിച്ചത്. ട്രാക്കിൽ റെക്കോഡ് പിറന്നില്ലെന്ന കഴിഞ്ഞവർഷത്തെ പഴിക്കും കുന്നംകുളത്ത് ഈ നേട്ടത്തിലൂടെ പരിഹാരമായി. ഇന്ത്യയുടെ ഭാവി കായിക വാഗ്ദാനമായി ഈ പ്ലസ്ടുക്കാരൻ മാറുകയാണ്. 100, 200 മീറ്റർ ഓട്ടമത്സരങ്ങളിലും മികച്ച പ്രകടനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഈ മിടുക്കൻ.
ദേശീയ ഗെയിംസിലേക്ക് സെലക്ഷൻ ലഭിക്കുന്ന സ്കൂൾ വിദ്യാർഥിയെന്ന പ്രത്യേകതയും അഭിരാമിനുണ്ട്. റിലേ ടീമിലേക്കാണ് സെലക്ഷൻ. കുറഞ്ഞ കാലം കൊണ്ട് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മീറ്റുകളിലെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ചുകഴിഞ്ഞു. നാഷനൽ യൂത്ത് ചാമ്പ്യൻഷിപ്, ഏഷ്യൻ മീറ്റ്, ഖേലോ ഇന്ത്യ മീറ്റ്, ദേശീയ സ്കൂൾമീറ്റ് എന്നിവയിലെല്ലാം 400 മീറ്ററിൽ സ്വർണം നേടി. ബംഗളൂരുവിൽ നടന്ന സീനിയർ നാഷനൽസിൽ സെമിഫൈനൽ വരെയെത്തി.
അണ്ടർ 18 ജൂനിയർ അത്ലറ്റിക് മീറ്റിൽ 400 മീറ്റർ 47.84 സെക്കൻഡിൽ ഓടിയെത്തിയതാണ് ഈ മിടുക്കന്റെ മികച്ച പ്രകടനം. ആ പ്രകടനം സ്കൂൾ കായികോത്സവത്തിൽ പുറത്തെടുക്കാൻ കഴിയാത്തതിലെ നിരാശയും അഭിരാം പ്രകടിപ്പിച്ചു. മത്സരങ്ങളുടെ ആധിക്യം പ്രകടനത്തെ ബാധിച്ചതായാണ് പറയുന്നത്. പാലക്കാട് പല്ലൻചാത്തന്നൂർ അമ്പാട്ടിൽ പ്രമോദ്-മഞ്ജുഷ ദമ്പതികളുടെ മകനാണ്. കെ. സുരേന്ദ്രന്റെ കീഴിലാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.