തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷം നടന്ന ആൺകുട്ടികളുടെ അണ്ടർ 20 പോൾവോൾട്ട് മത്സരം. കൂട്ടുകാരും സഹപാഠികളുമായ എം. അക്ഷയും ആനന്ദ് മനോജും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മറ്റ് മത്സരാർഥികളെല്ലാം പിൻവാങ്ങിയിരിക്കുന്നു. ഇരുവരും പുതിയ ഉയരങ്ങൾ ക്ലിയർ ചെയ്യുന്നു, പരസ്പരം പ്രോത്സാഹിപ്പിക്കുന്നു, കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നു. ഓരോ ശ്രമത്തിനുമൊരുങ്ങുമ്പോൾ കൈയിലുള്ള പോളുകളിലേക്ക് ചെറിയ ആശങ്കയോടെ രണ്ടുപേരും നോക്കും. താരതമ്യേന നിലവാരം കുറഞ്ഞവയായതിനാൽ മത്സരം കഴിയുന്നത് വരെയെങ്കിലും കേടുവരാതിരിക്കട്ടെയെന്ന് പ്രാർഥിച്ചിട്ടുണ്ടാവണം.
ഭയപ്പെട്ടതൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിലുണ്ടായത് ഇവിടെയും ആവർത്തിച്ചു. ഒളിമ്പിക് ഹൈജംപിൽ ഖത്തര്‍ താരം മുഅ്തസ് ബര്‍ഷിമും ഇറ്റലിയുടെ ജിയാൻമാര്കോ ടംബേറിയും സ്വർണമാണ് പങ്കുവെച്ചതെങ്കിൽ അക്ഷയും ആനന്ദും സ്വർണത്തിനൊപ്പം റെക്കോഡ് പുസ്തകത്തിലെ സ്ഥാനം കൂടി പങ്കിട്ടു. 2019ൽ എറണാകുളത്തിെൻറ എം. സിദ്ധാർഥ് കുറിച്ച 4.71 മീ. മറികടന്ന് 4.72 മീ. ഉയരമാണ് ഇരുവരും ചാടിയത്. 4.72 മീറ്റർ ആദ്യശ്രമത്തിൽ തന്നെ ക്ലിയർ ചെയ്യാൻ അക്ഷയിനും ആനന്ദിനും ഒരേപോലെ കഴിഞ്ഞെന്നതും കൗതുകമുണർത്തുന്നു. പിന്നീടുള്ള രണ്ടും പരാജയപ്പെട്ടു. 4.80ന് ശ്രമിച്ചതും വിഫലം. 4.72 മീറ്റർ തന്നെ ദേശീയ റെക്കോഡ് (4.60 മീ.) മറികടക്കുന്ന പ്രകടനമാണ്.
എറണാകുളം കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥികളാണ് അക്ഷയും ആനന്ദും. സംസ്ഥാന മീറ്റിൽ മത്സരിക്കുന്നത് പക്ഷേ, കോട്ടയം കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കോളജിന് വേണ്ടിയാണ്. എറണാകുളം ജില്ല മീറ്റ് നടക്കുമ്പോൾ പരിക്കിെൻറ പിടിയിലായിരുന്നു ഇരുവരും. ഏറക്കുറെ ഭേദമായതോടെ തുടർന്നുവന്ന കോട്ടയം ജില്ല മീറ്റിൽ ഇറങ്ങി.
അന്ന് ആനന്ദ് ഒന്നാമതെത്തി. പരിക്ക് പൂർണമായും മാറാത്തതിനാൽ ഒരു ശ്രമം മാത്രം നടത്തി സംസ്ഥാന മീറ്റിന് യോഗ്യത നേടി വെള്ളി മെഡലോടെ പിൻവാങ്ങുകയായിരുന്നു. പിരിവും വായ്പയുമായി ആറുലക്ഷം മുടക്കിയാണ് കഴിഞ്ഞവർഷം ഇവർക്കുവേണ്ടി ഉപകരണങ്ങൾ വാങ്ങിയതെന്ന് പരിശീലകൻ സി.ആർ. മധു പറയുന്നു. 1.05 ലക്ഷം രൂപ വിലവരുന്ന പോളാണ് അക്ഷയും ആനന്ദും ഉപയോഗിക്കുന്നത്. ഇതിന് 25,000 രൂപ വീതം ഇവരുടെ വീട്ടുകാർ വഴി വായ്പയായി സംഘടിപ്പിച്ചു.
ഒരുവർഷം ഉപയോഗിക്കാനുള്ള നിലവാരമേ പോളിനുള്ളൂ. ഇനിയും കടംവാങ്ങാൻ വയ്യെന്ന് പരിശീലകനും താരങ്ങളും. കർഷകനായ എറണാകുളം മാമലക്കണ്ടം ഉതിരാലമറ്റം മനോജിെൻറയും ജയയുടെയും മകനാണ് ആനന്ദ്. ഓട്ടോ ഡ്രൈവറായ ഇടപ്പള്ളി എളമക്കര മധുസൂദനെൻറയും ശ്രീവിദ്യയുടെയും മകനാണ് അക്ഷയ്. അഞ്ച് വർഷമായി മാർബേസിലിൽ ഉണ്ട് രണ്ടുപേരും. കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ മീറ്റ് ജൂനിയർ വിഭാഗം പോൾ വോൾട്ടിൽ ആനന്ദിന് സ്വർണവും അക്ഷയ്്ക്ക് വെള്ളിയുമായിരുന്നു.
തേഞ്ഞിപ്പലം: സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിെൻറ രണ്ടാംദിനവും പാലക്കാട് ജില്ലക്ക് സ്വന്തം. ഒമ്പത് സ്വർണവും രണ്ട് വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 180 പോയൻറാണ് ഇതുവരെ നേടിയത്. എട്ട് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായി 121 പോയൻറോടെ എറണാകുളം രണ്ടാം സ്ഥാനത്തും ഏഴ് സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമുൾപ്പെടെ 114 പോയൻറോടെ കോഴിക്കോട് മൂന്നാമതും.
ചൊവ്വാഴ്ച അഞ്ച് മീറ്റ് റെക്കോഡുകൾ പിറന്നു. ആൺകുട്ടികളുടെ അണ്ടർ 20 പോൾവോൾട്ടിൽ കോട്ടയത്തിെൻറ എം. അക്ഷയും ആനന്ദ് മനോജും റെക്കോഡ് പങ്കിട്ടു. അണ്ടർ 14 പെൺകുട്ടികളുടെ ബാൾ ത്രോയിൽ പാലക്കാടിെൻറ അഭിന (45.15 മീ.), അണ്ടർ 18 പെൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കാസർകോടിെൻറ അഖില രാജു (39.25 മീ.), അണ്ടർ 20 പെൺകുട്ടികളുടെ 800 മീറ്ററിൽ എറണാകുളത്തിെൻറ സി. ചാന്ദ്നി (രണ്ട് മിനിറ്റ് 8.71 സെക്കൻഡ്), ഹാമർത്രോയിൽ എറണാകുളത്തിെൻറ കെസിയ മറിയം ബെന്നി (47.81 മീ.) എന്നിവരും റെക്കോഡ് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.