പെർത്ത്: ഒരു മികച്ച പരമ്പരക്കുള്ള തുടക്കമെന്ന നിലയിൽ ആരാധകരെ ആവേശത്തിലെത്തിക്കുകയാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരം. ഒന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ ഇന്ത്യയുടെയും ആസ്ട്രേലിയയുടെയും ബൗളർമാരുടെ മികച്ച പ്രകടനങ്ങളാണ് പെർത്തിൽ കാണാനായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 150 റൺസ് നേടി എല്ലാവരും പുറത്തായിരുന്നു. നാല് വിക്കറ്റ് നേടിയ ജോഷ് ഹെയ്‍സൽവുഡാണ് ഇന്ത്യൻ ബാറ്റിങ്ങിന് ഏറ്റവും കൂടുതൽ വെല്ലുവിളിയുയർത്തിയത്. മിച്ചൽ സ്റ്റാർക്ക്, നായകൻ പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഒരുപിടി മാറ്റങ്ങളുമായി എത്തിയ ഇന്ത്യൻ സ്ക്വാഡിൽ രണ്ട് പുതിയ താരങ്ങളുമുണ്ടായിരുന്നു. ഇന്ത്യയുടെ ടീം കണ്ട് കുറച്ച് പേരെങ്കിലും ഒരുസമയം നെറ്റി ചുളിച്ചിരുന്നു. നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവരാണ് ഇന്ത്യക്കായി അരങ്ങേറിയത്. മത്സരം തുടങ്ങി മൂന്നാം ഓവർ ആയപ്പോഴേക്കും ഇന്ത്യക്ക് ഓപ്പണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. റണ്ണൊന്നുമെടുക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ മടക്കം. പിന്നീടെത്തിയ ദേവ്ദത്ത് പടിക്കൽ 23 പന്ത് നേരിട്ട് റൺസൊന്നും നേടാതെ മടങ്ങി. രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മോശമല്ലാത്ത സ്കോറിങ്ങുമായി അപ്പുറത്ത് പാറ പോലെ കെ.എൽ. രാഹുൽ നിൽക്കുന്നുണ്ടായിരുന്നു. ടീം സ്കോർ 32ൽ നിൽക്കെ മുൻ നായകൻ വിരാട് കോഹ്ലിയും മടങ്ങി. അഞ്ച് റൺസായിരുന്നു അദ്ദേഹത്തിന്‍റെ സമ്പാദ്യം. 26 റൺസ് നേടി അമ്പയറിങ് പിഴവ് മൂലം രാഹുലും മടങ്ങി.
ധ്രുവ് ജുറേൽ (11), വാഷിങ്ടൺ സുന്ദർ (4) എന്നിവരും വേഗത്തിൽ മടങ്ങിയപ്പോൾ ഇന്ത്യ പരുങ്ങലിലായി. എന്നാൽ എട്ടാമനായി ക്രീസിലെത്തിയ അരങ്ങേറ്റക്കാരൻ നിതീഷ് റെഡ്ഡിയും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ഇന്ത്യയെ കരകയറ്റി. പന്ത് 37 റൺസ് നേടിയപ്പോൾ നിതീഷ് 41 റൺസ് നേടി ടോപ് സ്കോററായി. വാലറ്റത്ത് റാണ (7), ബുംറ (8) എന്നിവരും പിടിച്ചുനിൽക്കാനാകാതെ മടങ്ങിയതോടെ ഇന്ത്യയുടെ ടോട്ടൽ 150ൽ നിന്നു.
മറുപടി ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയയെ ബുംറയും മുഹമ്മദ് സിറാജും തുടക്കം മുതൽ വിറപ്പിക്കുകയായിരുന്നു. ടീം സ്കോർ 14ൽ നിൽക്കെ നഥാൻ മക്സ്വീനിയെ വിക്കറ്റിന് മുന്നിൽ കുരുക്കി ബുംറ വിക്കറ്റ് വേട്ടക്ക് ആരംഭം കുറിച്ചു. പിന്നീട് ക്രീസിൽ പിടിച്ചുനിൽക്കാൻ ഏറെ പാടുപെടുന്ന ആസ്ട്രേലിയൻ ബാറ്റർമാരെയാണ് കാണാൻ സാധിച്ചത്. എട്ട് റൺസ് നേടിയ ഖവാജയെ വിരാടിന്‍റെ കയ്യിലെത്തിച്ച് ബുംറ തന്‍റെ വേട്ട തുടർന്നു. പിന്നാലെയെത്തിയ സൂപ്പർതാരം സ്റ്റീവൻ സ്മിത്തിനെ തൊട്ടടുത്ത പന്തിൽ പൂജ്യനായി മടക്കി ബുംറ മത്സരത്തിൽ ഇന്ത്യക്ക് പൂർണമായും മേൽകൈ കൊണ്ടുവന്നു. അപകടകാരിയായ ട്രാവിസ് ഹെഡ് ആക്രമിച്ച് മുന്നേറാനുള്ള ശ്രമമായിരുന്നു. നേരിട്ട 12 പന്തിൽ രണ്ട് ഫോർ നേടി 11 റൺസുമായി താരം നിൽക്കുമ്പോഴായിരുന്നു ഹർഷിത് റാണയുടെ മികച്ചൊരു പന്ത് അദ്ദേഹത്തിന്‍റെ വിക്കറ്റ് പിഴുതത്.
മിച്ചൽ മാർഷിനെ (6) രാഹുലിന്‍റെ കൈകളിലെത്തിച്ച് സിറാജും അക്കൗണ്ട് തുറന്നു. രണ്ട് റൺസ് മാത്രം നേടിയ മാർനസ് ലബുഷെയ്നെ മടക്കി സിറാജ് കളം നിറഞ്ഞു. ക്യാപ്റ്റൻ പാറ്റ് കമിൻസിനെ പുറത്താക്കാൻ ഇന്ത്യൻ നായകൻ വീണ്ടും പന്തെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ പന്തിന്‍റെ കൈയിലെത്തിച്ചാണ് ബുംറ കമിൻസിനെ പുറത്താക്കിയത്. അദ്ദേഹത്തിന്‍റെ നാലാം വിക്കറ്റായിരുന്നു ഇത്. 19 റൺസുമായി അലക്സ് ക്യാരിയും ആറ് റൺസുമായി മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിലുള്ളത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ് ആഥിതേയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.