ഭുവനേശ്വർ: 32 വർഷം നീണ്ട ഇടവേളക്കുശേഷം കാലിക്കറ്റ് സർവകലാശാലക്ക് അഖിലേന്ത്യ അന്തർ സർവകലാശാല വോളിബാൾ കിരീടം. ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെ.ഐ.ടി.ടി) കാമ്പസിൽ നടന്ന ഫൈനലിൽ ഹരിയാനയിലെ കുരുക്ഷേത്ര സർവകലാശാലയെ 3-1ന് കീഴടക്കിയാണ് കാലിക്കറ്റ് കനകകിരീടം ചൂടിയത്. സ്കോർ: 21-25, 25-18, 25-20, 25-22. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ആദ്യ സെറ്റിൽ പലവട്ടം ലീഡ് നേടിയെങ്കിലും കുരുക്ഷേത്ര വിജയം സ്വന്തമാക്കി. എന്നാൽ, കുരുക്ഷേത്രക്കെതിരായ യുദ്ധം തോൽക്കാൻ കാലിക്കറ്റ് തയാറായിരുന്നില്ല.
ഐബിൻ ജോസ്, ക്യാപ്റ്റൻ ജോൺ ജോസഫ്, നിസാം മുഹമ്മദ്, മുഹമ്മദ് നാസിഫ് തുടങ്ങിയവരുടെ മികവിൽ കാലിക്കറ്റ് കുരുക്ഷേത്രയെ മറിച്ചിട്ടു. 1989ൽ കോട്ടയത്താണ് അവസാനമായി കാലിക്കറ്റ് സർവകലാശാല അഖിലേന്ത്യ കിരീടം നേടിയത്. എം.കെ. മുരളി നയിച്ച ടീമിൽ കെ. അബ്ദുൽ നാസറടക്കമുള്ളവർ അന്ന് അണിനിരന്നിരുന്നു.
കോഴിക്കോട് സായിയിലെ ലിജോ ജോണാണ് ഇത്തവണ കിരീടം നേടിയ ടീമിന്റെ പരിശീലകൻ. കെ.പി. ബിനീഷ് കുമാർ, പി.വി. നജീബ്, അഹമ്മദ് ഫായിസ് എന്നിവരും കോച്ചിങ് സംഘത്തിലുണ്ടായിരുന്നു. ടീം: ഇ.ജെ. ജോൺ ജോസഫ് (ക്യാപ്റ്റൻ), ഐബിൻ ജോസ്, വി.ടി. അശ്വിൻരാഗ്, ജെനിൻ യേശുദാസ്, കെ.കെ. ദിൽഷിൻ, നിസാം മുഹമ്മദ്, പി.വി. ജിഷ്ണു, ഡി. ദീക്ഷിത്, കെ.കെ. അമൽ അജയ്, റോണി സെബാസ്റ്റ്യൻ, മുഹമ്മദ് നാസിഫ്, കെ. ആനന്ദ് (ലിബറോ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.