ഓള്‍ ഇന്ത്യ പൊലീസ് നീന്തൽ: ബി.എസ്.എഫും കേരള പൊലീസും ചാമ്പ്യന്മാർ

തിരുവനന്തപുരം: ഓള്‍ ഇന്ത്യ പൊലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ 315 പോയന്‍റ് നേടി ബി.എസ്.എഫ് ഓവറോള്‍ ചാമ്പ്യന്‍മാരായി. സംസ്ഥാന പൊലീസ് വിഭാഗത്തില്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ ചാമ്പ്യന്‍മാരായത് കേരളമാണ്. പുരുഷ വിഭാഗത്തില്‍ 125 പോയന്‍റും വനിത വിഭാഗത്തില്‍ 100 പോയന്‍റും കേരള പൊലീസിന് ലഭിച്ചു.

പുരുഷന്മാരുടെ വിഭാഗത്തില്‍ ഏറ്റവും മികച്ച നീന്തല്‍ താരമായത് സജന്‍ പ്രകാശ് (35 പോയന്‍റ്) ആണ്. വനിത വിഭാഗത്തിലെ മികച്ച നീന്തല്‍താരമെന്ന പദവി 35 പോയന്‍റ് വീതം നേടിയ സി.ആര്‍.പി.എഫിലെ റിച്ച മിശ്രയും കേരള പൊലീസിലെ ജോമി ജോർജും പങ്കിട്ടു.

മത്സരിച്ച എല്ലാ വ്യക്തിഗത ഇനങ്ങളിലും സ്വര്‍ണമെഡല്‍ എന്ന അപൂര്‍വ നേട്ടമാണ് സജന്‍ പ്രകാശ്, റിച്ച മിശ്ര, ജോമി ജോർജ് എന്നിവര്‍ കൈവരിച്ചത്. സജന്‍ പ്രകാശിന് അഞ്ച് വ്യക്തിഗത സ്വര്‍ണവും ടീം ഇനങ്ങളില്‍ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും ലഭിച്ചു. ജോമി ജോര്‍ജിന് അഞ്ച് വ്യക്തിഗത സ്വര്‍ണവും ടീം ഇനങ്ങളില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ലഭിച്ചു. റിച്ച മിശ്രക്ക് അഞ്ച് വ്യക്തിഗത സ്വര്‍ണവും ടീം ഇനങ്ങളില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ലഭിച്ചു.

ടീം ഇനത്തില്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ ബി.എസ്.എഫാണ് ചാമ്പ്യന്‍മാർ. യഥാക്രമം 136, 161 പോയന്‍റുകള്‍ നേടി. ക്രോസ് കണ്‍ട്രി മത്സരത്തില്‍ വനിത വിഭാഗത്തില്‍ 41 പോയന്‍റോടെ രാജസ്ഥാന്‍ പൊലീസും പുരുഷ വിഭാഗത്തില്‍ 34 പോയന്‍റോടെ അസം റൈഫിള്‍സും ചാമ്പ്യന്‍മാരായി. വാട്ടര്‍പോളോ, സ്പ്രിങ് ബോര്‍ഡ് ഡൈവിങ് ഇനങ്ങളില്‍ ഇരുവിഭാഗത്തിലും ചാമ്പ്യന്‍മാരായത് ബി.എസ്.എഫാണ്. ഹൈബോര്‍ഡ് ഡൈവിങ്ങില്‍ പുരുഷ വിഭാഗത്തിലും ബി.എസ്.എഫ് മുന്നിലെത്തി.

പിരപ്പന്‍കോട് ഡോ.ബി.ആര്‍. അംബേദ്കര്‍ അന്താരാഷ്ട്ര സ്വിമ്മിങ് കോംപ്ലക്സില്‍ നടന്ന സമാപന ചടങ്ങില്‍ സ്പീക്കര്‍ എം.ബി.രാജേഷ് മുഖ്യാതിഥിയായി. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, എ.ഡി.ജി.പി ടി.വി. രവിചന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - All India Police Swimming: BSF and Kerala Police are champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.