ഹാങ്ചോ: ഗെയിംസ് അവസാനിക്കാനിരിക്കെ മെഡലുകളേറെ വാരിക്കൂട്ടിയ ദിനത്തിൽ സുവർണ ഹാട്രിക് നിറവിൽ ഓജസ് ഡിയോതാലെയും ജ്യോതി സുരേഖ വെന്നവും. അദിതി സ്വാമി വെങ്കലവും സ്വന്തമാക്കിയതോടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലാദ്യമായി അമ്പെയ്ത്തിൽ ഒമ്പതു മെഡലുകളെന്ന അത്യപൂർവ നേട്ടവും രാജ്യത്തിന് സ്വന്തം. വെങ്കല മെഡലിനായുള്ള പോരാട്ടത്തോടെയാണ് ഈയിനത്തിൽ വേദിയുണർന്നത്.
ഇന്തോനേഷ്യൻ എതിരാളിയെ മറിച്ചിട്ട് അദിതി അനായാസം മെഡലുറപ്പാക്കിയതിനു പിന്നാലെയായിരുന്നു ഓജസ് ഡിയോതാലെയും ജ്യോതി സുരേഖ വെന്നവും സ്വർണനേട്ടത്തിലേക്ക് അമ്പെയ്തു കയറിയത്. നേരത്തേ മിക്സഡ്, വനിത ടീം ഇനങ്ങളിൽ സ്വർണം നേടിയിരുന്ന ജ്യോതി ദക്ഷിണ കൊറിയൻ എതിരാളി സോ ചീവോനിനെ 149-145നാണ് ഫൈനലിൽ കീഴടക്കിയത്. പുരുഷ വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യനായ ഡിയോതാലെ അനായാസം ജയിച്ച് സ്വർണം സ്വന്തമാക്കി.
ജ്യോതി ഈ വർഷം ലോക ചാമ്പ്യൻഷിപ്പിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. ചെസിൽ പുരുഷ, വനിത വിഭാഗങ്ങളിൽ ഇന്ത്യ വെള്ളി നേടി. അർജുൻ എരിഗെയ്സി, വിദിത് ഗുജറാത്തി, ഹരികൃഷ്ണ, പ്രഗ്നാനന്ദ, ഡി ഗുകേഷ് എന്നിവരടങ്ങുന്നതായിരുന്നു പുരുഷ ടീമെങ്കിൽ ഡി. ഹരിക, കൊനേരു ഹംപി, വൈശാലി, വാന്റിക അഗ്രവാൾ, സവിത ശ്രീ എന്നിവരായിരുന്നു വനിത ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.