ധാക്ക: പാകിസ്താനെ തകർത്ത് ഇന്ത്യക്ക് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻറിൽ മൂന്നാംസ്ഥാനം. സെമി ഫൈനലിൽ ജപ്പാനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ഇന്ത്യ, ബുധനാഴ്ച നടന്ന ലൂസേഴ്സ് ഫൈനലിൽ നാലിനെതിരെ മൂന്നു ഗോളുകൾക്കാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്.
ഹർമൻപ്രീത് സിങ്, സുമിത്, വരുൺ കുമാർ, അക്ഷദീപ് സിങ് എന്നിവരാണ് ഇന്ത്യക്കുവേണ്ടി ഗോളുകൾ നേടിയത്. പാകിസ്താനുവേണ്ടി അർഫ്രാസ്, അബ്ദുൽ റാണ, നദീം എന്നിവർ വലകുലുക്കി. ടൂർണമെൻറിൽ രണ്ടാംതവണയാണ് ഇന്ത്യ പാകിസ്താനെ തോൽപിക്കുന്നത്. നേരത്തെ, ഗ്രൂപ്പ് മത്സരത്തിൽ 3-1ന് ഇന്ത്യ വിജയിച്ചിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്തതിന്‍റെ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ നിലവിലെ ജേതാക്കളായ ഇന്ത്യയുടെ തോൽവി അപ്രതീക്ഷിതമായിരുന്നു. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജപ്പാന്‍റെ വിജയം.
ഗ്രൂപ്പ് മത്സരങ്ങളിൽ ദക്ഷിണ കൊറിയയോട് 2-2ന്‍റെ സമനില വഴങ്ങിയ ഇന്ത്യ തുടർന്നുള്ള മത്സരങ്ങളിൽ ബംഗ്ലാദേശ് (9-0), പാകിസ്താൻ (3-1), ജപ്പാന്‍ (6-0) എന്നിവരെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയിലെത്തിയത്. ജപ്പാനും ദക്ഷിണകൊറിയയും തമ്മിലാണ് കലാശപ്പോര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.