പുരുഷ ലോങ്ജംപിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യയുടെ മലയാളി താരം എം. ശ്രീശങ്കറും ജെസ്വിൻ ആൽഡ്രിനും ഫൈനലിൽ പ്രവേശിച്ചു. 7.90 മീറ്റർ ചാടിയാണ് ശ്രീശങ്കർ കടന്നത്. 7.67ൽ ആൽഡ്രിനും കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. അതേസമയം, പുരുഷന്മാരുടെ 1500 മീറ്ററിൽ മലയാളി ജിൻസൺ ജോൺസണും അജയ് കുമാർ സരോജും ഫൈനലിലേക്ക് മുന്നേറി. ഹീറ്റ്സിൽ ജിൻസൺ മൂന്നു മിനിറ്റ് 56.22 സെക്കൻഡിലും അജയ് മൂന്നു മിനിറ്റ് 51.93 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്. വനിതകളുടെ 100 മീറ്ററിൽ ജ്യോതി യാരാജിയും നിത്യ രാംരാജും ഫൈനലിൽ പ്രവേശിച്ചു. ഹീറ്റിൽ രണ്ടാമതായി 13.03 സെക്കൻഡിലാണ് ഇന്ത്യയുടെ സ്വർണപ്രതീക്ഷയായ ജ്യോതി ഓടിയെത്തിയത്. 13.30 സെക്കൻഡിൽ നിത്യയും ഫിനിഷ് ചെയ്തു. പുരുഷ ലോങ്ജംപ്, 1500 മീ., വനിത 100 മീ. ഹർഡ്ൽസ് ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും.
പുരുഷ, വനിത 400 മീ. മത്സരങ്ങളിൽ ഇന്ത്യക്ക് മെഡൽ നഷ്ടം. പുരുഷ ഫൈനലിൽ മത്സരിച്ച മലയാളി മുഹമ്മദ് അജ്മൽ (45.97 സെ.) അഞ്ചാം സ്ഥാനക്കാരനായി. വനിതകളിൽ ഐശ്വര്യ മിശ്ര (53.50) നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വനിത വോളിബാളിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. പൂൾ എയിലെ ആദ്യ മത്സരത്തിൽ ഉത്തര കൊറിയയോട് 1-3നായിരുന്നു പരാജയം. സ്കോർ: 25-23, 22-25, 17-25, 16-25. ഞായറാഴ്ച രണ്ടാം മത്സരത്തിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളികൾ. പുരുഷ വോളിയിൽ ഇന്ത്യൻ ടീമിന് ആറാം സ്ഥാനമാണ് ലഭിച്ചത്.
വനിത ബോക്സിങ്ങിൽ ഇന്ത്യക്ക് മൂന്നു മെഡലുകൾ കൂടി ഉറപ്പായി. വനിതകളുടെ 75 കിലോയിൽ ലവ്ലിന ബോർഗൊഹെയ്നും 54 കിലോയിൽ പ്രീതി പവാറും പുരുഷന്മാരുടെ +92 കിലോയിൽ നരേന്ദർ ബെർവാലും സെമി ഫൈനലിൽ പ്രവേശിച്ചു. ഒളിമ്പിക് മെഡലിസ്റ്റായ ലവ്ലിന ദക്ഷിണ കൊറിയയുടെ സിയൂങ് സുയോനിനെ 5-0ത്തിനും പ്രീതി കസാഖ്സ്താന്റെ ഷായിന ഷെകെർബോകോവയെ 4-1നും നരേന്ദർ ഇറാന്റെ റാമേസൻപൂർ ദെലാവറിനെ 5-0ത്തിനും തോൽപിച്ചു.
വനിത 3x3 ബാസ്കറ്റ്ബാളിൽ ഇന്ത്യൻ വനിതകൾ ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീക്വാർട്ടറിൽ മലേഷ്യയെ 16-6നാണ് തോൽപിച്ചത്. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയെ ഇന്ത്യ നേരിടും. അതേസമയം, പുരുഷന്മാർ പ്രീക്വാർട്ടറിൽ 17-19ന് ഇറാനോട് തോറ്റു പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.