ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് രണ്ടു സ്വർണമടക്കം നാലു മെഡലുകൾ മാറിലണിഞ്ഞ ത്രോ രംഗത്തെ ഇതിഹാസം പ്രവീൺ കുമാർ സോബ്തി (74) അന്തരിച്ചു. അശോക് വിഹാറിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു മരണം.
ഡിസ്കസ് ത്രോ, ഹാമർ ത്രോ എന്നിവയിൽ ഒരുപോലെ തിളങ്ങിയ പ്രതിഭയായിരുന്നു സോബ്തി. 1966, 1970 ഏഷ്യൻ ഗെയിംസുകളിൽ ഡിസ്കസിൽ സ്വർണം നേടിയ താരം ഹാമർ ത്രോയിൽ 1966 ഏഷ്യാഡിൽ വെങ്കലവും അതേവർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും സ്വന്തമാക്കി. 1974 ഏഷ്യൻ ഗെയിംസിൽ ഡിസ്കസിൽ വെള്ളിയും മാറിലണിഞ്ഞു. 1968, 1972 ഒളിമ്പിക്സുകളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത സോബ്തിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ലോക കായിക മാമാങ്കങ്ങളിലായിരുന്നു (ഹാമർ ത്രോയിൽ 1968ലെ 60.84 മീ., ഡിസ്കസ് ത്രോയിൽ 1972ലെ 53.12 മീ. )
1988ൽ ദൂരദർശൻ സംപ്രേഷണമാരംഭിച്ച 'മഹാഭാരത്' സീരീസിൽ ഭീമന്റെ വേഷം ചെയ്തത് സോബ്തിയായിരുന്നു. കൂടാതെ 50ഓളം സിനിമകളിലും അഭിനയിച്ചു. 2013ൽ ആം ആദ്മി സ്ഥാനാർഥിയായി ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ സോബ്തി തൊട്ടടുത്ത വർഷം ബി.ജെ.പിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.