ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ജലാശയത്തിൽ ഇന്ത്യൻ തുഴച്ചിലുകാർ തിങ്കളാഴ്ച രണ്ടു വെങ്കല മെഡലുകളിലേക്കുകൂടി തുഴയെറിഞ്ഞു. പുരുഷന്മാരുടെ ഫോർസ് ഇനത്തിൽ ജസ്‍വീന്ദർ സിങ്, ഭീം സിങ്, പുനിത് കുമാർ, ആശിഷ് ഗോലിയാൻ എന്നിവരടങ്ങിയ സംഘവും പുരുഷന്മാരുടെ സ്കൾസിൽ സത്നം സിങ്, പർമീന്ദർ സിങ്, ജക്കാർ ഖാൻ, സുഖ്മീത് സിങ് എന്നിവരടങ്ങിയ സഖ്യവുമാണ് വിജയപീഠത്തിൽ കയറിയത്. രണ്ടിനങ്ങളിലും അവസാന കുതിപ്പിൽ ഇന്ത്യക്കാർ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്.
ഫോർസ് ഇനത്തിൽ അവസാന 500 മീറ്റർ വരെ നാലാമതായിരുന്ന ടീം 6:10.81 മിനിറ്റിൽ തുഴഞ്ഞെത്തുമ്പോൾ വെള്ളി നേടിയ ശക്തരായ ചൈനക്കു (6:10.04) പിന്നിൽ സെക്കൻഡിന്റെ അംശങ്ങൾ മാത്രം അകലെയായിരുന്നു. അവസാന 20 മീറ്ററിലെ പിഴവാണ് ഇന്ത്യക്ക് വെള്ളി നഷ്ടമാക്കിയത്. ഈ ഇനത്തിൽ ഉസ്ബകിസ്താനാണ് സ്വർണം.
പുരുഷന്മാരുടെ സ്കൾസിലും പിന്നിൽനിന്നു തുഴഞ്ഞുകയറിയാണ് ടീം വെങ്കലം നേടിയത്. ഇതോടെ തുഴച്ചിലിൽ രണ്ടു വെള്ളിയും മൂന്നു വെങ്കലവുമായി ഇന്ത്യൻ പോരാട്ടം അവസാനിച്ചു. ബാങ്കോക് ഗെയിംസിൽ ഒരു സ്വർണവും രണ്ടു വെങ്കലവുമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.
ഇന്നലെ പുരുഷന്മാരുടെ സിംഗ്ൾ സ്കൾസിൽ ഇന്ത്യയുടെ ബൽരാജ് പൻവാർ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ വനിതകളുടെ എയ്റ്റ്സിൽ ഇന്ത്യ തീർത്തും നിരാശപ്പെടുത്തി. അഞ്ചു ടീമുകളുടെ പോരാട്ടത്തിൽ ഏറ്റവും പിറകിലായാണ് ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.