ദോഹ: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചതിനു പിന്നാലെ ഫീൽഡ് ഇനത്തിൽ മെഡൽ നേടി ഖത്തർ. ഹാമർത്രോയിൽ കഴിഞ്ഞ ഗെയിംസിലെ സ്വർണമെഡൽ ജേതാവ് അഷ്റഫ് അംജദ് അൽ സെയ്ഫി തുടർച്ചയായി രണ്ടാം തവണയും മെഡൽ പട്ടികയിൽ ഇടംപിടിച്ചു. എന്നാൽ, ഇത്തവണ നേരത്തെ നേടിയ സ്വർണം വെള്ളിയായി മാറി. 72.42 മീറ്റർ ദൂരെ ഹാമർ പായിച്ചായിരുന്നു 28കാരനായ അഷ്റഫ് അംജദ് വെള്ളിയിലെത്തിയത്. 72.97 മീറ്റർ പ്രകടനം കാഴ്ചവെച്ച ചൈനയുടെ വാങ് കിക്കാണ് സ്വർണം.
കഴിഞ്ഞ പതിറ്റാണ്ടുകാലമായി ഹാമർത്രോയിൽ മിന്നും പ്രകടനം നടത്തുന്ന അഷ്റഫ് അംജദ് നേരത്തെ ഏഷ്യൻ, വേൾഡ് ജൂനിയർ ചാമ്പ്യനായിരുന്നു. ടോക്യോ ഒളിമ്പിക്സിൽ 26ാം സ്ഥാനത്തായിരുന്ന ഇദ്ദേഹത്തിന്റെ ഗംഭീര തിരിച്ചുവരവിനായിരുന്നു ഗ്വാങ്ചോ സാക്ഷിയായത്. ഏഷ്യൻ ഗെയിംസിൽ ഇത്തവണ ഖത്തറിന്റെ അഞ്ചാമത്തെ മെഡൽനേട്ടമാണിത്. ബീച്ച് വോളിയിലെ സ്വർണവും ഷൂട്ടിങ്ങിലെ ഒരു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ നേരത്തെ നാല് മെഡലുകൾ നേടിയിരുന്നു. ഖത്തറിന്റെ മുഅതസ് ബർഷിം മത്സരിക്കുന്ന ഹൈജംപ് പോരാട്ടത്തിന് ഒക്ടോബർ നാലിനാണ് വേദിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.