ബംഗളൂരു: ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് വോളിബാളിനുള്ള ഇന്ത്യൻ പുരുഷ ടീമിന്റെ സെലക്ഷൻ ട്രയൽ മുന്നറിയിപ്പില്ലാതെ അവസാന നിമിഷം മാറ്റിവെച്ചു. പങ്കെടുക്കാനായി ബംഗളൂരുവിലെത്തിയ പ്രമുഖ താരങ്ങളടക്കം ദുരിതത്തിലായി. ബംഗളൂരുവിൽ ഞായറാഴ്ച മുതൽ മൂന്നു ദിവസമാണ് ട്രയൽസ് നടത്താൻ നിശ്ചയിച്ചത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ നേതൃത്വത്തിലായിരുന്നു ഇത്.
വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നടത്തിപ്പിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഈയ്യിടെ രൂപവത്കരിച്ച അഡ്ഹോക് കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു ട്രയൽസ്. ശനിയാഴ്ച രാത്രിതന്നെ താരങ്ങളെത്തി. ആർ. അംഗമുത്തു, നവീൻ രാജ, എം. ഉക്രപാണ്ഡ്യൻ എന്നിവരടക്കമുള്ള 15 അംഗസംഘം ചെന്നൈയിൽ നിന്നും ജെറോം വിനീത്, മുത്തുസ്വാമി എന്നിവരടങ്ങുന്ന പത്തംഗ കേരള സംഘം കൊച്ചിയിൽ നിന്നും വന്നു.
സെലക്ടർമാരായ നാലുപേരും എത്തി. എന്നാൽ, അവസാനനിമിഷം സെലക്ഷൻ ട്രയൽ മാറ്റിയെന്ന വിവരം ലഭിച്ചതോടെ ഇവർക്ക് മടങ്ങേണ്ടിവന്നു. മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്നും തീരുമാനം ഏറെ ൈവകിയാണ് ഉണ്ടായതെന്നും മുൻ അന്താരാഷ്ട്ര താരവും അഡ്ഹോക് കമ്മിറ്റി അംഗവുമായ എസ്. ഗോപിനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.