കൊച്ചി: പ്രശസ്ത അത്‌ലറ്റിക്സ് പരിശീലകന്‍ ഡോ. എസ്.എസ്. കൈമള്‍ (ശിവശങ്കരന്‍ കൈമള്‍) അന്തരിച്ചു. 81 വയസ്സായിരുന്നു. എറണാകുളത്തെ മകന്‍റെ വീട്ടില്‍ വെച്ച് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീണാണ് അന്ത്യം. 1970 മുതൽ 2003 വരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശീലകനായിരുന്നു. ഇക്കാലയളവിലാണ് അത്‌ലറ്റിക്‌സില്‍ കാലിക്കറ്റ് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്തത്.
കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നുള്ള ഒളിമ്പിക് താരങ്ങള്‍ ഉള്‍പ്പെടെയുള്ള ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ പരിശീലകനായും ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി.ടി. ഉഷ, മേഴ്‌സിക്കുട്ടന്‍, എം.ഡി. വത്സമ്മ, അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെയുള്ള നിരവധി അത്‌ലറ്റുകളെ പരിശീലിപ്പിച്ചു. കായിക നേട്ടത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ പേര് അന്തര്‍ദേശീയ തലത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
എസ്.എസ്. കൈമള്‍ പരിശീലകനായിരുന്ന കാലത്താണ് അത്‌ലറ്റിക്‌സില്‍ കാലിക്കറ്റ് സര്‍വകലാശാല ഏറ്റവും കൂടുതല്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി കിരീടങ്ങള്‍ നേടിയത്. കുറച്ചുകാലം കായിക പഠനവകുപ്പ് മേധാവിയുടെ ചുമതലയും വഹിച്ചിരുന്നു. വിരമിച്ച ശേഷം 2004, 2006, 2012, 2014 വര്‍ഷങ്ങളില്‍ സര്‍വകലാശാല അത്‌ലറ്റിക്‌സ്, ക്രോസ് കണ്‍ട്രി ടീമിനൊപ്പം അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് മുഖ്യപരിശീലകനായി.
കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച കെ. ശാന്തകുമാരിയാണ് ഭാര്യ. നേവി ക്യാപ്റ്റൻ സന്തോഷ്, സൗമി എന്നിവര്‍ മക്കളാണ്. പാലക്കാട് ചുണ്ണാമ്പു തറയിലാണ് വീട്. സംസ്കാരം ചൊവ്വാഴ്ച പാലക്കാട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.