ടോക്യോ: പാരാലിമ്പിക്‌സിൽ ടേബിൾ ടെന്നിസ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ഭവിനബെൻ പട്ടേൽ ചരിത്രമെഴുതി. ശനിയാഴ്ച രാവിലെ ടോക്യോയിൽ നടന്ന വനിതകളുടെ ക്ലാസ് 4 സെമിഫൈനലിൽ ചൈനയുടെ മിയാവോ ഴാങ്ങിനെ 3-2നാണ് ഇവർ പരാജയപ്പെടുത്തിയത്. ചരിത്ര വിജയത്തോടെ ഇവർ വെള്ളി മെഡലുറപ്പിച്ചു.
34കാരിയായ പട്ടേൽ ആദ്യമായിട്ടാണ് പാരാലിമ്പിക്‌സിൽ മാറ്റുരക്കുന്നത്. സെമി ഫൈനലിൽ ലോക മൂന്നാം നമ്പറുകാരിയായ മിയാവോയെ 34 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് ഭവനിബെൻ പേട്ടൽ കീഴടക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട പേട്ടൽ അടുത്ത രണ്ട് ഗെയിമുകൾ സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. നാലാമത്തെ ഗെയിം നഷ്ടപ്പെട്ടെങ്കിലും അവസാന ഗെയിം സ്വന്തമാക്കി ഫൈനലിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. സ്കോർ: 7-11 11-7 11-4 9-11 11-8.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ ചൈനീസ് താരം യിംഗ് സോവിനെയാണ് ഇവർ നേരിടുക. പാരാലിമ്പിക്സ് ടേബിൾ ടെന്നിസിൽ ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം മെഡലുറപ്പിച്ചത്.
ഗുജറാത്തിലെ മെഹ്സാന ജില്ലക്കാരിയായ ഭവിന, നികുഞ്ച് പട്ടേലിനെ വിവാഹം കഴിച്ച ശേഷമാണ് അഹ്മദാബാദിലേക്ക് താമസം മാറ്റിയത്. ഭവിന ബെൻ സ്വർണമണിയുമെന്ന് ഇന്ത്യൻ പാരാലിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് ദീപക് മാലിക് ശുഭാപ്തി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.