ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിന് തിങ്കളാഴ്ച കൊടിയിറങ്ങാനിരിക്കെ പത്താംനാൾ സ്വപ്നതുല്യമായ നേട്ടങ്ങളുമായി ഇന്ത്യ. ട്രിപ്ൾ ജംപിൽ രാജ്യത്തിന് ആദ്യ സ്വർണം സമ്മാനിച്ച എൽദോസ് പോളും മില്ലി മീറ്റർ മാത്രം വ്യത്യാസത്തിൽ രണ്ടാമനായ അബ്ദുല്ല അബൂബക്കറും മലയാളികളുടെയും അഭിമാനമുയർത്തി. ബോക്സിങ്ങിലെ മൂന്നു സ്വർണ മെഡലുകൾകൂടി ചേർന്നതോടെ ഇടക്ക് മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്തേക്കും കയറിയിരുന്നു ഇന്ത്യ. ബോക്സിങ് വനിതകളുടെ 48 കിലോഗ്രാമിൽ നീതു ഗാംഘസും ലൈറ്റ് ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ ലോക ചാമ്പ്യൻ നിഖാത് സരീനും പുരുഷന്മാരുടെ 51 കിലോഗ്രാമിൽ അമിത് പൻഗാലുമാണ് സ്വർണം നേടിയത്.
ഫൈനലിൽ ഇംഗ്ലണ്ടിന്റെ കിയാറൻ മക്ഡൊണാൾഡിനെ 5-0ത്തിന് മറിച്ചിട്ട് അമിത്, കഴിഞ്ഞ തവണത്തെ വെള്ളി സ്വർണമാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെതന്നെ ഡെമീ ജേഡ് റെസ്താനെ ഇതേ സ്കോറിൽ നീതുവും വീഴ്ത്തി. നീതുവിന്റെ അരങ്ങേറ്റ ഗെയിംസാണിത്. നിഖാത് അയർലൻഡിന്റെ കാർലി മെക് നോളിനെയും 5-0ത്തിന് തോൽപിച്ചു.
പാരാ ടേബ്ൾ ടെന്നിസിൽ ഇന്ത്യയുടെ ഭാവിന ഹസ്മുഖ്ഭായ് സ്വർണവും അൽഗാർ രാജ് അരവിന്ദം വെങ്കലവും നേടി. ടേബ്ൾ ടെന്നിസ് പുരുഷ ഡബ്ൾസിൽ ശരത് കമൽ-ജി. സത്യൻ സഖ്യം ഫൈനലിൽ തോറ്റ് വെള്ളി സ്വന്തമാക്കി. വനിത ഹോക്കി ടീമും ജാവലിൻത്രോയിൽ അന്നു റാണിയും പുരുഷ 10,000 മീ. നടത്തത്തിൽ സന്ദീപ് കുമാറും വെങ്കലം നേടി. മത്സരങ്ങൾ പുരോഗമിക്കവെ 17 സ്വർണവും 13 വെള്ളിയും 19 വെങ്കലവുമായി അഞ്ചാമതാണ് ഇന്ത്യ.
ഇന്ത്യയുടെയും കേരളത്തിന്റെയും ഒരേയൊരു സ്വർണം
ട്രിപ്ൾ ജംപിൽ ഇന്ത്യയുടെ പ്രഥമ സ്വർണമാണ് എൽദോസ് നേടിയെന്നതിനൊപ്പം കോമൺവെൽത്ത് ഗെയിംസിൽ ആദ്യ വ്യക്തിഗത സ്വർണം നേടുന്ന കേരളീയനുമായി എറണാകുളം കോലഞ്ചേരി സ്വദേശി. ഞായറാഴ്ച ഫൈനലിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് മൂന്നുപേരാണ് മത്സരിച്ചത്. എൽദോസിനും അബ്ദുല്ലക്കും പുറമെ പ്രവീൺ ചിത്രവേലുമുണ്ടായിരുന്നു. ഇതാദ്യമായി 17 മീറ്റർ പിന്നിട്ട എൽദോസ് 17.03ൽ സ്വർണമുറപ്പിച്ചപ്പോൾ അബ്ദുല്ല 17.02ൽ തൊട്ടുപിന്നിൽ.
വെങ്കലം നേടിയ ബർമുഡയുടെ ജാഹ് നാൽ പെരിൻചീഫ് 16.92 മീറ്ററും ചാടി. 16.89 മീറ്ററിൽ നാലാമനായ പ്രവീൺ അൽപം കൂടി മെച്ചപ്പെടുത്തിയിരുന്നെങ്കിൽ വെങ്കലവും ഇന്ത്യയുടെ അക്കൗണ്ടിൽ വന്നേനെ. 1970, 74 ഗെയിംസുകളിൽ മൊഹീന്ദർ ഗിൽ ട്രിപ്ൾ ജംപിൽ യഥാക്രമം വെങ്കലവും വെള്ളിയും നേടിയിരുന്നു. മലയാളിയായ രഞ്ജിത് മഹേശ്വരി 2010ലും അർപീന്ദർ സിങ് 2014ലും വെങ്കലം സ്വന്തമാക്കി.
വനിത ഹോക്കി ലൂസേഴ്സ് ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ച് ഇന്ത്യ വെങ്കലം നേടി. ഷൂട്ടൗട്ടിൽ 2-1നായിരുന്നു ജയം. നിശ്ചിത സമയം 1-1ലാണ് മത്സരം അവസാനിച്ചത്. സാലമ ടെറ്റെ ഇന്ത്യക്കും ഒലീവിയ മെരി കിവികൾക്കും വേണ്ടി സ്കോർ ചെയ്തു. കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ ആദ്യ വെങ്കലമാണിത്. ഓരോ സ്വർണവും വെള്ളിയും മുമ്പ് നേടിയിരുന്നു. 16 വർഷത്തിനുശേഷമാണ് ഇന്ത്യക്ക് വീണ്ടും മെഡൽ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.