ദിവസങ്ങൾക്ക് മുമ്പ് ബഫലോ ബിൽസ്- സിൻസിനാറ്റി ബെംഗാൾസ് മത്സരത്തിനിടെ താരത്തിന് അതിഗുരുതര പരിക്കേറ്റ് ആശുപത്രിയിലായതിൽ പിന്നെ താരങ്ങൾക്ക് അമേരിക്കൻ ഫുട്ബാൾ കളിക്കാൻ ഭയമായി തുടങ്ങിയതായി റിപ്പോർട്ട്. തിങ്കളാഴ്ചയായിരുന്നു രാജ്യത്തെ മുൾമുനയിൽ നിർത്തിയ അതിദാരുണ സംഭവം. എതിർടീമിലെ താരത്തിന്റെ ടാക്ലിങ്ങിൽ വീണുപോയ താരം ഹൃദയാഘാതം വന്ന് മൈതാനത്ത് പതിക്കുകയായിരുന്നു. മണിക്കൂറുകൾ കൃത്രിമ ശ്വാസോച്ഛാസത്തിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയ ഹാംലിൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ഇപ്പോഴും വെന്റിലേറ്ററിൽ കഴിയുന്ന താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്. ബോധം തെളിഞ്ഞ താരം ശരീരം ചലിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
അതേ സമയം, അത്ര അപകടകരമല്ലാത്ത നിരവധി സംഭവങ്ങൾക്കു ശേഷം ജീവൻ തന്നെ അപകടപ്പെടുംവിധം കളിക്കിടെ ഒരാൾ നിലത്തുവീണ സംഭവം മറ്റുകളിക്കാരിൽ ആശങ്ക ഇരട്ടിയാക്കിയതായും വരുംമത്സരങ്ങളിൽ ഇറങ്ങുന്നത് ആശങ്ക ഉയർത്തുന്നതായും റിപ്പോർട്ടുകൾ പറയുന്നു. റഗ്ബിക്കു സമാനമായി പരുക്കൻ കളിയാണ് അമേരിക്കൻ ഫുട്ബാൾ. ലോകമറിയുന്ന ഫുട്ബാളിനെ അവർ സോക്കർ എന്നു വിളിക്കുമ്പോൾ ഫുട്ബാൾ കുറെക്കൂടി ജനപ്രിയമായ ഇനമാണ് യു.എസിൽ. അതാകട്ടെ, എതിരാളികൾക്കുമേൽ ശാരീരികമായ അതിക്രമങ്ങൾക്ക് സാധ്യത കൂടുതലുള്ളതും. തലക്കു പരിക്കേൽക്കാതിരിക്കാൻ ഹെൽമറ്റ് ധരിച്ചാണ് താരങ്ങൾ ഇറങ്ങാറ്. ആവശ്യമായ മുൻകരുതൽ എല്ലാമുണ്ടായിരിക്കെയാണ്, ഹൃദയം നിലച്ച് ഹാംലിൻ നിലത്തുവീണത്.
താരങ്ങളിൽ ചിലർ ഇതിനകം തങ്ങളുടെ ആധി അമേരിക്കൻ ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ പേർ രംഗത്തെത്തിയാൽ സുരക്ഷ മുൻനിർത്തി കൂടുതൽ നടപടികൾ സ്വീകരിക്കാൻ ദേശീയ ഫുട്ബാൾ ഫെഡറേഷൻ നിർബന്ധിതമാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.