ഡെറാഡൂൺ: അന്താരാഷ്ട്ര കായിക വേദികളിൽ തങ്ങളുടെ നാടിെൻറ യശസുയർത്തിയ താരങ്ങളെ അവരുടെ സർക്കാർ ജോലിയും മറ്റും നൽകി ആദരിക്കാറുണ്ട്. എന്നാൽ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര വനിത പാരാഷൂട്ടർ ദിൽരാജ് കൗർ ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ഇപ്പോൾ ഡെറാഡൂണിലെ ഗാന്ധി പാർക്കിന് സമീപമുള്ള റോഡരികിൽ ചിപ്സും ബിസ്കറ്റുകളും വിൽക്കുകയാണ്.
ഉത്തരാഖണ്ഡ് സർക്കാർ കായിക താരങ്ങളെ അവഗണിക്കുന്നതിനെ തുടർന്നാണ് തന്നെപ്പോലെ നിരവാധിയാളുകൾ കഷ്ടപ്പെടുന്നതെന്ന് ദിൽരാജ് കുറ്റപ്പെടുത്തി. '2004ൽ എെൻറ കരിയറിെൻറ തുടക്കകാലത്ത് ഒരു പെൺകുട്ടി പോലും പാരാ ഷൂട്ടിങ്ങിന് എത്തിയിരുന്നില്ല. അതുകൊണ്ട് പുരുഷൻമാരുമായിട്ടായിരുന്നു എനിക്ക് മത്സരിക്കേണ്ടി വന്നത്. 225ൽ പാരാ അത്ലറ്റ് സ്ത്രീ-പുരുഷ വിഭാഗങ്ങളായി വിഭജിച്ചപ്പോൾ ഞാനാണ് ആദ്യം സ്വർണമെഡൽ നേടിയത്' -ദിൽരാജ് പറഞ്ഞു.
2017 വരെ വിവിധ ദേശീയ-അന്താരാഷ്ട്ര മത്സരവേദികളിൽ നിന്നായി താരം 30 ലേറെ മെഡലുകൾ സ്വന്തമാക്കിയിടുണ്ട്. 2021 മാർച്ച് മുതൽ അംഗീകൃത പരിശീലകയുമാണ്. ഡൽഹിയിൽ വെച്ച് നടന്ന ഇൻറർനാഷനൽ ഷുട്ടിങ് സ്പോർട് ഫെഡറേഷൻ ലോകകപ്പിൽ എക്വുപ്മെൻറ് കൺട്രോൾ ഓഫിസറുമായിരുന്നു. ഇത്രയുമൊക്കെ ആണെങ്കിലും ഇന്ന് ജീവതത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് അവർ പരിതപിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷക്കാലം ഞങ്ങൾക്ക് ദുരിതപൂർണമായിരുന്നു. 2019ൽ പിതാവ് കിഡ്നി രോഗം ബാധിച്ച് മരിക്കുകയും ഈ വർഷം സഹോദരൻ അപകടത്തിൽ മരിക്കുകയും ചെയ്തു. വ്യക്തിപരമായ നഷ്ടങ്ങൾ മാത്രമായിരുന്നില്ല അവരുടെ മരണങ്ങൾ ഞങ്ങൾക്ക് നൽകിയത്. മറിച്ച് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടിയായിരുന്നു. ഡെറാഡൂണിലെ ഒരു അപാർട്മെൻറിൽ മാതാവ് ഗുർബീതിനൊപ്പം വാടകക്കാണ് ദിൽരാജ് ഇപ്പോൾ കഴിയുന്നത്.
'പിതാവും സഹോദരനും മരിച്ചതോടെ ഞങ്ങളുടെ വരുമാനം നിലച്ചു. അച്ഛെൻറ പെൻഷൻ തുക വാടക കൊടുക്കാനും വായ്പാ തിരിച്ചടവുകൾക്കും മാത്രമാണ് തികഞ്ഞിരുന്നത്. കായിക രംഗത്തുള്ള നേട്ടങ്ങൾ പരിഗണിച്ച് സ്പോർട്സ് ക്വോട്ടയിൽ നിരവധി തവണ ജോലിക്ക് അപേക്ഷിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല'-ദിൽരാജ് കൗർ പറഞ്ഞു.
ഉത്തരാഖണ്ഡ് പാരാ -ഷൂട്ടിങ്ങ് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് അവർ പറഞ്ഞു. ഞാൻ ഭിക്ഷ യാചിക്കുകയല്ല. ഞാൻ ഒരു അംഗീകൃത പരിശീലകയാണ്. നിയമത്തിൽ ബിരുദവുമുണ്ട്. എന്നെ മാത്രമല്ല എന്നെ പോലുള്ള അത്ലറ്റുകളെ കുറച്ചെങ്കിലും ബഹുമാനിക്കുമെന്നും ഞങ്ങളെ ജോലിക്ക് പരിഗണിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് ദിൽജിത്ത് പറഞ്ഞു.
'ഇപ്പോൾ, ഈ വേദനയിലൂടെ കടന്നുപോയ എല്ലാ കായികതാരങ്ങളുടെയും ശബ്ദമാണ് ഞാൻ. കണ്ണടച്ച് അവരെ ഇരുട്ടിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുന്ന ഒരു സർക്കാർ. അതുകൊണ്ടാണ് ഞാൻ ഈ ജോലി ചെയ്യുന്നത്. ഞാൻ നിസഹായയാണ്, പക്ഷേ പരിഗണന ലഭിക്കാനായുള്ള പോരാട്ടത്തിലാണ്'- ദിൽജിത്ത് കൂട്ടിച്ചേർത്തു. സർക്കാർ പാരിതോഷികങ്ങൾക്ക് പകരം ജോലി വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.