തിരുവനന്തപുരം: അനന്തപുരിയുടെ കായികഭൂപടത്തിൽ ഇടംപിടിക്കാനെത്തിയ എതിരാളികളെ നിലംതൊടാതെ പറപ്പിച്ച് നെയ്യാറ്റിൻകര ഉപജില്ല കിരീടം നിലനിർത്തി. തുടർച്ചയായ മൂന്നാം തവണയാണ് ജില്ലയുടെ കായികകിരീടം നെയ്യാറ്റിൻകര സ്വന്തമാക്കുന്നത്. 11 സ്വർണവും 15 വെള്ളിയും 11 വെങ്കലുമടക്കം 132 പോയന്റുമായാണ് ചാമ്പ്യൻമാർ കപ്പ് നിലനിർത്തിയത്.
ആറ് സ്വർണം, 10 വെള്ളി, 11 വെങ്കലവും 85 പോയന്റും സ്വന്തമാക്കി നെടുമങ്ങാട് ഉപജില്ല രണ്ടാംസ്ഥാനത്തും അഞ്ച് സ്വർണം എട്ട് വെള്ളി ഒമ്പത് വെങ്കലവുമടക്കം 71 പോയന്റുമായി തിരുവനന്തപുരം നോർത്ത് മൂന്നാം സ്ഥാനത്തുമെത്തി.
മികച്ച സർക്കാർ കായിക സ്കൂളിനുള്ള കിരീടം 51 പോയന്റുമായി എം.വി.എച്ച്.എസ്.എസ് അരുമാനൂർ സ്വന്തമാക്കി. 35 പോയന്റുമായി നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസ് റണ്ണറപ്പായപ്പോൾ കഴിഞ്ഞതവണ ഒന്നാം സ്ഥാനക്കാരായിരുന്ന കാഞ്ഞിരംകുളം പി.കെ.എച്ച്.എസ്.എസിന് ഇത്തവണ 24 പോയന്റുമായി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
സീനിയർ വിഭാഗം ആൺകുട്ടികളിൽ കൂടുതൽ പോയന്റ് നേടിയത് തിരുവനന്തപുരം നോർത്താണ്. പെൺകുട്ടികളിൽ നെയ്യാറ്റിൻകരയും 32 പോയന്റുമായി കിരീടം നേടി. ജൂനിയർ വിഭാഗം ആൺ-പെൺവിഭാഗങ്ങളിലും കപ്പ് നെയ്യാറ്റിൻകരക്ക് തന്നെയാണ്. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളിൽ ആറ്റിങ്ങലും പെൺകുട്ടികളിൽ നെയ്യാറ്റിൻകരയും മികച്ച പ്രകടനത്തിനുള്ള ട്രോഫി സ്വന്തമാക്കി. മികച്ച കായിക സ്കൂളിനുള്ള പുരസ്കാരം മൈലം ജി.വി. രാജ സ്പോർട്സ് സ്കൂളിനാണ്.
ജൂനിയർ ബോയ്സിൽ ജി.വി. രാജയുടെ ഫെമിക്സ് റിജേഷ്, അശ്വിൻ ജോർജ്, മുഹമ്മദ് അഷ്ഫാഖ് എന്നിവർ വ്യക്തിഗത താരങ്ങളായി. സബ്ജൂനിയർ ആൺകുട്ടികളിൽ ജി.വി. രാജയുടെ ആർ. ജയകൃഷ്ണൻ, പെൺകുട്ടികളിൽ ജി.വി. രാജയുടെ എം.എം. വൈഗ എന്നിവരും താരങ്ങളായി. സീനിയർ ആൺകുട്ടികളിൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ്.എസിലെ എറിക് ലാംബർട്, ജി.വി. രാജയുടെ താരങ്ങളായ കെ. മുഹമ്മദ് നിഹാൽ, അർജുൻ പ്രമോദ് എന്നിവർ താരങ്ങളായി.
സീനിയർ പെൺകുട്ടികളിൽ അരുമാനൂർ എം.വി.എച്ച്.എസ്.എസിന്റെ ഡി. ഷീബയും തിരുവനന്തപുരം സായ്യുടെ എസ്.വി. ലിഫോണ റോസ്ലിനും വ്യക്തിഗത ചാമ്പ്യൻമാരായി. കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ടിൽ നടന്ന സമാപനസമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഡി.ഡി.ഇ ജെ. തങ്കമണി അധ്യക്ഷത വഹിച്ചു. കൗൺസിലർ എൽ.എസ്. കവിത, ആർ.ഡി.ഡി കെ. സുധ, എ.വി. അനിൽകുമാർ, ആർ.എസ്. ലിജിൻ എന്നിവർ സംസാരിച്ചു. ഈ മാസം 16ന് തൃശൂരിൽ ആരംഭിക്കുന്ന സംസ്ഥാന കായികമേളക്കായി തിരുവനന്തപുരത്തുനിന്നുള്ള സംഘം തിങ്കളാഴ്ച പുലർച്ച പുറപ്പെടും.
തിരുവനന്തപുരം: കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കായികമേളയിൽ നേടിയ വെള്ളികളെ തങ്കമാക്കാനുള്ള ഒരുക്കത്തിലാണ് അരുമാനൂർ എം.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥി ഷീബ സ്റ്റീഫൻ. സീനിയർ പെൺകുട്ടികളുടെ ലോങ് ജംപ്, സീനിയർ പെൺകുട്ടികളുടെ ട്രിപ്ൾ ജംപ്, സീനിയർ പെൺകുട്ടികളുടെ ഹർഡിൽസ് എന്നിവയിൽ ട്രിപ്ൾ സ്വർണവുമായാണ് ഈ പുതിയതുറക്കാരി സംസ്ഥാന കായികമേളക്ക് പോകുന്നത്.
കഴിഞ്ഞ തവണത്തെ സ്കൂൾ കായികമേളയിലും ലോങ് ജംപ്, ഹൈജംപ് എന്നീ ഇനത്തിൽ വെള്ളിയും നേടിയിരുന്നു. പിതാവ് സ്റ്റീഫൻ മത്സ്യത്തൊഴിലാളിയാണ്. മാതാവ്: ഡയാന.
തിരുവനന്തപുരം: പ്രതിസന്ധികൾ തീർത്ത മലവെള്ളപ്പാച്ചിലിൽനിന്ന് കരകയറിയ ആത്മവിശ്വാസവുമായി സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ സംസ്ഥാനതലത്തിൽ സ്വർണം നേടാൻ ഇത്തവണ ജി.വി. രാജയുടെ ധനുജിത് എസ്. നായരും ഉണ്ടാകും. സീനിയർ വിഭാഗം ഹർഡിൽസിൽ മികച്ച വിജയവുമായാണ് തൃശൂരിലേക്ക് കൽപറ്റ കാവുമന്ദം സ്വദേശിയായ ധനുജിത്ത് ടിക്കറ്റെടുത്തത്.
പലതവണ ആശിച്ചും മോഹിച്ചും നടന്ന അവസരമാണ് ഇത്തവണ പ്ലസ് ടുകാരൻ കഠിന പ്രയത്നത്തിലൂടെ സ്വന്തമാക്കിയത്. അതിന് നന്ദി പറയാനുള്ളത് ജി.വി. രാജയിലെ പരിശീലകരോടും. 2018ൽ ജി.വി. രാജയിൽ അഡ്മിഷൻ ലഭിക്കാനിരിക്കെയാണ് ആഗസ്റ്റിലെ മലവെള്ളപ്പാച്ചിൽ ധനുഷിന്റെ വീട് തകരുന്നത്. ‘കനത്തമഴയിൽ രാത്രി ഉറങ്ങാൻ കിടന്നതാണ്.
അർധരാത്രി കഴിഞ്ഞതോടെ പുഴയിൽ വെള്ളം ഉയർന്ന് വീടിനുള്ളിലേക്കെത്തി. വള്ളത്തിലെത്തിയ രക്ഷാപ്രവർത്തകരാണ് കുടുംബത്തെ അപകടത്തിൽനിന്ന് രക്ഷിച്ചത്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. വീട് നശിച്ചു, വീട് നിർമാണത്തിന് സൂക്ഷിച്ചിരുന്ന സാധനങ്ങളും സ്വർണവും ഉൾപ്പെടെ നഷ്ടപ്പെട്ടു. പക്ഷേ, സംസ്ഥാന സർക്കാർ തുണയായി. ലൈഫ് ഭവന പദ്ധതിയിൽ വീട് പുതുക്കിപ്പണിയാൻ സഹായം നൽകി. സന്നദ്ധസംഘടനകളും കൈത്താങ്ങേകി’-ധനുജിത്ത് പറയുന്നു.
കായിക ജീവിതം അവസാനിച്ചെന്ന് തോന്നിയ ഘട്ടത്തിലാണ് പത്താം ക്ലാസിൽ പഠിക്കുമ്പോൾ വീണ്ടും ജി.വി. രാജയിലേക്ക് സെലക്ഷൻ കിട്ടുന്നത്. അന്നുമുതലുള്ള പരിശീലനമാണ് ജില്ല കായികമേളയിൽ ലക്ഷ്യം കണ്ടിരിക്കുന്നത്. ഇനി സംസ്ഥാന കായികോത്സവത്തിൽ സ്വർണമാണ് താരത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.