കുന്നംകുളം: പോൾ വാൾട്ടിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും കുടുംബത്തിന്റെ ദാരിദ്ര്യം ജീന ബേസിലെ പിന്നോട്ട് വലിക്കുകയാണ്. സ്പോർട്സിനൊപ്പം പഠനത്തിലും മിടുക്കിയായ ഈ പ്ലസ്വൺകാരി ഒളിമ്പിക്സ് മെഡൽ സ്വപ്നം കാണുമ്പോഴും നാളെയെന്തെന്ന ചോദ്യം ഉത്തരം കിട്ടാതെ മുന്നിലുണ്ട്. ജൂനിയർ പെൺകുട്ടികളുടെ പോൾ വാൾട്ടിൽ 3.20 മീറ്റർ ചാടി സ്വർണം നേടിയ കോതമംഗലം മാർബേസിലിന്റെ ജീന ബേസിലിന് കായിക മേഖലയിൽ കീഴടക്കാൻ ഇനിയും ഉയരങ്ങളേറെ.
പക്ഷേ, അതിന് ‘ബാറായി’ കുടുംബത്തിന്റെ ദാരിദ്ര്യവും കുടുംബാംഗങ്ങളുടെ രോഗങ്ങളും. എന്നാൽ, കഷ്ടപ്പാടിന് മുന്നിൽ തളരില്ലെന്ന് ജീന ബേസിൽ പറഞ്ഞു. ഇനിയൊരു കടബാധ്യത താങ്ങാൻ പപ്പക്ക് ശേഷിയില്ലെങ്കിലും ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സിൽ ഒരു മെഡൽ സ്വന്തമാക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാൽ പിതൃസഹോദരനൊപ്പമാണ് കുടുംബത്തിന്റെ താമസം. റബർ കടയിൽ ചുമട്ടുതൊഴിലാളിയായ പിതാവ് ബേസിൽ വർഗീസിന് ഭാഗിച്ചുകിട്ടിയത് ഒരു സെന്റ് ഭൂമിയായിരുന്നു. സഹോദരിമാരുടെ വിവാഹത്തിനും മൂത്തമകൾ ജിനിയ ബേസിലിന്റെ പഠനത്തിനുമായെടുത്ത ബാങ്ക് വായ്പ ഉയർന്നുയർന്ന് 14 ലക്ഷത്തോളമായി.
ഞരമ്പു ചുരുക്കം കാരണം പരസഹായം ഇല്ലാതെ ജീവിക്കാനാകാത്ത 90കാരനായ പിതാവിന്റെയും 87കാരിയായ മാതാവിന്റെയും ശുശ്രൂഷക്ക് പുറമെ ജന്മന ഓട്ടിസം ബാധിച്ച 45കാരി സഹോദരിയുടെയും ഉത്തരവാദിത്തം ഏറ്റെടുത്തതിനാൽ ജോലിക്കും കൃത്യമായി പോകാൻ ബേസിലിന് സാധിക്കുന്നില്ല.
ചെറിയ മഴയിൽത്തന്നെ വെള്ളം അകത്തുകയറുന്ന വീട്ടിൽ എല്ലാവർക്കും കഴിയാൻ സാധിക്കാത്തതിനാൽ ജീനയെ ഹോസ്റ്റലിലാക്കിയെന്ന് മാതാവ് മഞ്ജു ബേസിൽ ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാവർക്കും കൂടി കഴിയാനുള്ള സൗകര്യം വീട്ടിലില്ലെന്നും അവർ പറഞ്ഞു.
സ്വന്തമായി പോൾ വാങ്ങാൻ ശേഷിയില്ലാത്ത ഈ മിടുക്കിയുടെ അവസ്ഥ മനസ്സിലാക്കി സെന്റ് മേരീസ് തലക്കോട് പള്ളി അധികൃതർ വാങ്ങി നൽകിയ പോളുമായി എത്തിയാണ് ഇത്തവണ ജീന സ്വർണം നേടിയത്. ഒളിമ്പിക്സ് മെഡൽ വരെ ലഭിക്കാവുന്ന കുട്ടിയാണ് ജീനയെന്ന് പരിശീലകൻ സി.ആർ. മധു പറഞ്ഞു. എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട് ജീന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.