പാലക്കാട്: പാരിസ് ഒളിമ്പിക്സിലെ മനു ഭാകറിന്റെ മെഡൽ നേട്ടം സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ആവേശമായി. ഒളിമ്പിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിലെത്തിയ മനു ഭാകറിന് ആശംസയർപ്പിച്ചാണ് പാലക്കാട്ട് നടന്ന 56ാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന്റെ സമാപന പരിപാടി ഞായറാഴ്ച തുടങ്ങിയത്. സമാപനത്തിരക്കിനിടയിലും എല്ലാവരുടെയും മനസ്സ് പാരിസിലായിരുന്നു. രാജ്യം വെങ്കലം ഉറപ്പിച്ചതോടെ താരങ്ങളെല്ലാം ആവേശത്തേരിലായി. പരസ്പരം സന്തോഷം പങ്കുവെച്ചു.
സംസ്ഥാന ചാമ്പ്യൻഷിപ്പിൽ എയർ പിസ്റ്റളിലെ വിവിധ വിഭാഗങ്ങളിലായി 10 സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ എ. അനഘക്ക് മനു ഭാകർ എന്നും പ്രചോദനമായിരുന്നു. എട്ടാം ക്ലാസിൽ ആദ്യമായി ഷൂട്ടിങ് പരിശീലനം തുടങ്ങിയപ്പോൾ മുതൽ മനു ഭാകറിന്റെ മത്സര വിഡിയോകൾ യൂട്യൂബിൽ കാണുമായിരുന്നു. ഒളിമ്പിക്സിലെ മെഡൽ നേട്ടം കൂടുതൽ ആവേശവും സന്തോഷവും നൽകിയതായി അനഘ പറഞ്ഞു. പത്താം ക്ലാസ് വിദ്യാർഥിനിയായ അനഘ ഷൂട്ടിങ്ങിൽ ഉയരങ്ങൾ കീഴടക്കാനുള്ള തയാറെടുപ്പിലാണ്.
അഞ്ചു ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിന്റെ സമാപന ദിവസംതന്നെ മനു ഭാകറിന്റെ മെഡൽ നേട്ടം കാണാനായത് കൂടുതൽ സന്തോഷം നൽകുന്നുവെന്ന് ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറിയും കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ വി. നവീൻ പറഞ്ഞു. അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ചതിനുശേഷമാണ് ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തിത്തുടങ്ങിയതെന്ന് ഏഴു വർഷമായി പരിശീലനരംഗത്തുള്ള വടക്കഞ്ചേരി സ്വദേശി ലെനു കണ്ണൻ പറഞ്ഞു. ഈ രംഗത്തേക്ക് കൂടുതൽ വരുന്നതും തുടരുന്നതും പെൺകുട്ടികളാണെന്നും ലെനു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.