ജിദ്ദ: ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ സൗദി ഗ്രാൻഡ് പ്രിക്സ് റൗണ്ടിൽ ഡച്ച് താരം മാക്സ് വെർസ്റ്റപ്പന് കിരീടം. ജിദ്ദ കോർണീഷിലെ കാർ റേസ് സർക്യൂട്ടിൽ നടന്ന അവസാന മത്സരത്തിലാണ് റെഡ് ബുള്ളിന്റെ ഡ്രൈവറും മൂന്ന് തവണ ലോക ചാമ്പ്യനുമായ മാക്സ് വെർസ്റ്റപ്പൻ സൗദി ഗ്രാൻഡ് പ്രിക്സ് ജേതാവായത്.
കായിക മന്ത്രി അമീർ അബ്ദു അസീസ് ബിൻ തുർക്കി അൽഫൈസൽ മാക്സ് വെർസ്റ്റപ്പനെ കിരീടമണിയിച്ചു. ബഹ്റൈനിൽ നടന്ന 2024 ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് ആദ്യ റൗണ്ടിലും ഒന്നാം സ്ഥാനം മാക്സ് വെർസ്റ്റപ്പനായിരുന്നു. തുടർച്ചയായ രണ്ടാം വിജയമാണ് ജിദ്ദയിലേത്.
സഹതാരം സെർജിയോ പെരസിനാണ് രണ്ടാം സ്ഥാനം. മുൻ നിരയിൽനിന്ന് തുടങ്ങിയ ഫെരാരി ഡ്രൈവർ ചാൾസ് ലെക്ലർക്ക് മൂന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം നേടിയ സെർജിയോ പെരസിനെ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല ബിൻ ഫൈസലും മൂന്നാംസ്ഥാനം നേടിയ ചാൾസ് ലെക്ലർക്ക് അരാംകോയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ എൻജി. യാസർ അൽറുമയ്യനും കിരീടമണിയിച്ചു.
ഇന്റർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്.ഐ.എ) പ്രസിഡന്റ് മുഹമ്മദ് ബിൻ സുലൈം, ഫോർമുല വൺ പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനോ ഡൊമെനിക്കലി, എസ്.ടി.സി ഗ്രൂപ് സി.ഇ.ഒ എൻജി. ഉലയാൻ അൽവതീദ്, അരാംകോ സി.ഇ.ഒ എൻജി. അമീൻ നാസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മാർച്ച് ഏഴിനാണ് ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ് മത്സരം ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന മത്സരത്തിൽ 10 ടീമുകളെ പ്രതിനിധീകരിച്ച് പ്രമുഖരായ 20 ഡ്രൈവർമാരാണ് പങ്കെടുത്തത്. തുടർച്ചയായി നാലാം തവണയാണ് ഫോർമുല വൺ ഗ്രാൻഡ് പ്രിക്സിന് സൗദി ആതിഥ്യമരുളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.