ഹൈജംപ് താരങ്ങൾ ഇന്ന് പരിശീലിക്കുന്നതും മത്സരങ്ങളിൽ ചാടുന്നതുമായ ഫോസ്ബറി ഫ്ലോപ് എന്ന ശൈലി 1960കളിലാണ് പ്രചാരത്തിൽ വരുന്നത്. ഇത് വ്യാപകമാവുന്നതിനു മുമ്പ് പ്രധാനമായും നാലുതരം ടെക്നിക്കുകളുണ്ടായിരുന്നു. ഇന്ന് കാണികളെ വിസ്മയിപ്പിക്കുന്ന രീതിയിൽ ഹൈജംപർമാർ ഫോസ്ബറി ഫ്ലോപ് ശൈലിയിൽ ചാടുന്നതുപോലെ മുൻകാലങ്ങളിൽ പിന്തുടർന്നുവന്നത് സിസർ ജംപ്, ഈസ്റ്റേൺ കട്ട് ഓഫ്, വെസ്റ്റേൺ റോൾ, സ്ട്രാഡിൽ ടെക്നിക് തുടങ്ങിയവയായിരുന്നു. ഇവ കടന്നാണ് കായിക ലോകം ഫോസ്ബറി ഫ്ലോപ്പിനെ സ്വീകരിച്ചത്.
കായിക താരങ്ങൾ ആദ്യമായി ഉപയോഗിച്ച ശൈലിയാണ് കത്രിക ജംപ് (സിസർ ജംപ്). 19ാം നൂറ്റാണ്ടിൽ സ്കോട്ട്ലൻഡിൽ ഹൈജംപറായ വില്യം വെല്ലസ് ഹോയ്റ്റ് വികസിപ്പിച്ചെടുത്തതാണിത്. 1900ത്തിൽ പാരിസിൽ നടന്ന ഒളിമ്പിക്സിൽ ഹൈജംപിൽ സ്വർണം നേടിയത് ഈ ശൈലിയിൽ ചാടിയായിരുന്നു. ബാറിനടുത്തേക്ക് വേഗത്തിൽ ഓടിയെത്തുകയും ഒരു കാലിൽ പൂർണമായി ബലം പ്രയോഗിച്ച് ചാടുകയും ചെയ്യുന്നതാണ് രീതി. ഇങ്ങനെ ചാടുമ്പോൾ ബലം പ്രയോഗിച്ച കാൽ ബാറിനു മുകളിൽ നേരെ നിർത്തുകയും രണ്ടാമത്തെ കാൽ ബാറിൽ തട്ടാതെ താഴോട്ട് തൂക്കിയിടുകയുമാണ് ചെയ്തിരുന്നത്. 1896 മുതൽ 1912 വരെ ഒളിമ്പിക്സിൽ അടക്കം കായിക താരങ്ങൾ ഈ രീതിയിലാണ് മത്സരിച്ചിരുന്നത്.
20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കത്രിക ജംപിൽനിന്ന് മാറി ഈസ്റ്റേൺ കട്ട് ഓഫ് പ്രചാരത്തിലായത്. എം.ജെ. റീഫ് എന്ന ജർമൻ അത്ലറ്റാണ് ഈസ്റ്റേൺ കട്ട് ശൈലി കണ്ടുപിടിച്ചത്. ഇത് കത്രിക ജംപിന് ഏറക്കുറെ സമാനമാണ്. ഹൈജംപിലെ ലാൻഡിങ് ശൈലിയും ബാറിന് തിരശ്ചീനമായുള്ള ചാട്ടവുമാണ് കത്രിക ജംപിൽനിന്ന് ഈസ്റ്റേൺ ശൈലിയെ വ്യത്യസ്തമാക്കുന്നത്. ഒരു കാൽ നേരെ ഉയർത്തുമ്പോൾ അടുത്ത കാൽ ബാറിൽ തട്ടാത്തവിധം തൂങ്ങിയാടും. ഇരുകാലുകളും ഒരുമിച്ചാണ് ലാൻഡിങ് പൂർത്തിയാക്കുക. 1948ലെ ലണ്ടൻ ഒളിമ്പിക്സിൽ ആസ്ട്രേലിയൻ ഹൈജംപർ ജോൺ വിന്റർ സ്വർണമെഡൽ കരസ്ഥമാക്കിയത് ഈ ശൈലിയിൽ ചാടിയായിരുന്നു. 1.98 മീറ്റർ ഉയരമായിരുന്നു ജോൺ വിന്റർ ചാടിയത്. 1967 വരെ വനിത ഹൈജംപിൽ ആധിപത്യം പുലർത്തിയിരുന്ന റുമേനിയയിലെ അയോലാൻഡ ബാലയെയും നയിച്ചിരുന്നത് ഈസ്റ്റേൺ കട്ട് ഓഫ് ശൈലിയായിരുന്നു.
1950കളിലാണ് ഈസ്റ്റേൺ കട്ട് ഓഫിൽനിന്ന് മാറി വെസ്റ്റേൺ റോളിലുള്ള ഹൈജംപ് കായിക താരങ്ങൾ പരിശീലിച്ചുതുടങ്ങിയത്. 1912ൽ തന്നെ അമേരിക്കൻ അത്ലറ്റായിരുന്ന ജോർജ് ഹോറിൻ വെസ്റ്റേൺ റോൾ കണ്ടുപിടിച്ചിരുന്നു. 2.01 മീറ്ററാണ് അദ്ദേഹം ചാടിയത്. കാലിൽ ബലം പ്രയോഗിച്ച് ശരീരം മുകളിലോട്ട് മലർന്നുപൊങ്ങുന്നതാണ് രീതി. ഇങ്ങനെ ബാറിനു മുകളിൽ എത്തുമ്പോൾ കാലുകൾ ഫ്രീ ആയിരിക്കും. ബാർ ക്രോസ് ചെയ്ത ശേഷം, ശരീരം നിലത്തേക്കു തിരിയുന്നതാണ് രീതി. ഈസ്റ്റേൺ കട്ടുമായി വെസ്റ്റേൺ റോൾ താരതമ്യപ്പെടുത്തുമ്പോൾ കായിക താരങ്ങൾക്ക് അധികം ബുദ്ധിമുട്ടില്ലാതെ ക്ലിയർ ചെയ്യാൻ ഈ ശൈലിയിൽ സാധിച്ചിരുന്നത്രേ. 1953ൽ 2.12 മീറ്റർ ചാടി വെസ്റ്റേൺ റോളിൽ അവസാനമായി സ്വർണ മെഡൽ സ്വന്തമാക്കിയത് അമേരിക്കൻ ഹൈജംപറായ വാൾട്ട് ഡേവിസാണ്.
1960കളിൽ ആരംഭിച്ച് 1970 വരെ കായിക താരങ്ങൾ പരിശീലിച്ച ശൈലിയാണ് സ്ട്രാഡിൽ ടെക്നിക്. സ്വെൻ തോഫെൽറ്റ് എന്ന സ്വീഡിഷ് കായിക താരമാണ് സ്ട്രാഡിൽ ടെക്നിക് കണ്ടുപിടിച്ചത്. 1948ലെ ഒളിമ്പിക്സിൽ സ്വർണമെഡൽ നേടാൻ അദ്ദേഹം ഈ ശൈലി ഉപയോഗിച്ചിരുന്നു. ശരീരം മുഴുവനായി ബാറിനു മുകളിൽ ഒരു വശത്തേക്ക് ചരിയുന്ന രീതിയെയാണ് സ്ട്രാഡിൽ ടെക്നിക് എന്നറിയപ്പെടുന്നത്. ഇങ്ങനെ ചാടുമ്പോൾ ബാറിനു തൊട്ടുമുകളിലുള്ള കാൽ ബാർ നിൽക്കുന്ന ഉയരത്തിൽനിന്നും താഴെയായാണ് ഉണ്ടാവുക. ശരീരത്തിന്റെ ഇടുപ്പുഭാഗം കൂടുതൽ ഉയരത്തിൽ പൊങ്ങുകയും കൃത്യമായി ബാർ ക്ലിയർ ചെയ്യാനും സ്ട്രാഡിൽ ടെക്നിക്കിൽ സാധിക്കും. 1964ലെ സമ്മർ ഒളിമ്പിക്സിൽ അമേരിക്കൻ ഹൈജംപർ ജോൺ തോമസ് 2.1 മീറ്റർ ചാടി വെള്ളിമെഡൽ കരസ്ഥമാക്കിയത് സ്ട്രാഡിൽ ശൈലിയിലാണ്.
1960കളിൽ ഡിക് ഫോസ്ബറിയാണ് ഹൈജംപ് ശൈലിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത്. ഫോസ്ബറി ഫ്ലോപ് എന്ന ഹൈജംപ് ശൈലി ഇന്ന് ലോകത്തെ ഒട്ടുമിക്ക ഹൈജംപ് കായിക താരങ്ങളും പരിശീലിച്ചുവരുന്നുണ്ട്. ബാറിൽ തട്ടുമെന്നു തോന്നിക്കുന്നവിധം ചാടുകയും ബാറിനു മുകളിലൂടെ ശരീരത്തിന്റെ മധ്യഭാഗം കൂടുതൽ ഉയർത്തി ക്ലിയർ ചെയ്യുന്നതുമാണ് രീതി. ശരീരം ബാറിനു മുകളിൽ തിരശ്ചീനമായും ലംബമായും നിൽക്കും. 1968ലെ മെക്സികോ സിറ്റി ഒളിമ്പിക്സിൽ ഡിക് ഫോസ്ബറി തന്നെ ഫോസ്ബറി ശൈലിയിൽ ചാടി സ്വർണമെഡൽ കരസ്ഥമാക്കിയിരുന്നു. 1972ലും ’76ലും അമേരിക്കൻ ജംപറായ ഡ്വൈറ്റ് സ്റ്റോൺസ് ഈ ശൈലിയിൽ ചാടി ലോക റെക്കോഡ് കരസ്ഥമാക്കി. പിന്നീടങ്ങോട്ട് ഹൈജംപ് മത്സരങ്ങളിലെല്ലാം ഫോസ്ബറി ഫ്ലോപ് കൂടുതൽ പ്രചാരം നേടി. നിരവധി ഹൈജംപ് താരങ്ങളാണ് ഈ ശൈലിയിൽ ചാടി മെഡലുകളും റെക്കോഡുകളും കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.