കോട്ടയം: ട്രാക്കിലെ ആരവങ്ങളെത്തിയാൽ അറിയാതെ ഡാർലി ഇപ്പോഴും ചെവി പൊത്തും. ട്രാക്കിലണഞ്ഞ വെളിച്ചം ജീവിതത്തെ സങ്കടക്കടലിലാക്കിയ ആ ഇരുണ്ട ദിനങ്ങൾ അതിവേഗം കൺമുന്നിലേക്കെത്തും, കണ്ണുനീരും. 2019 ഒക്ടോബർ 21നാണ് ഡാർളിയുടെ ജീവിതത്തിൽനിന്ന് അഫീൽ എന്ന പ്രകാശം അണഞ്ഞത്. ഏക മകൻ നഷ്ടമായതോടെ ചിരിയൊഴിഞ്ഞ അമ്മമുഖത്ത് വീണ്ടും പ്രതീക്ഷ നിറച്ച് മാലാഖ എത്തിയിട്ടും കോട്ടയം മൂന്നിലവ് ചൊവ്വൂർ കുറിഞ്ഞംകുളം വീടിന്റെ മുറിവുണങ്ങുന്നില്ല. വീണ്ടും ട്രാക്കുകളിൽ ആരവങ്ങൾ നിറയുമ്പോൾ വീട്ടകത്ത് നെഞ്ചുരുകും വേദന.
2019 ഒക്ടോബർ നാലിനായിരുന്നു കായിക കേരളത്തെ നടുക്കിയ ദുരന്തം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റിനിടെ ഹാമർ തലയിൽ പതിച്ചാണ് വളൻറിയറായിരുന്ന അഫീൽ ജോൺസണ് (16) പരിക്കേറ്റത്. 17 ദിവസങ്ങൾക്കുശേഷം ഒക്ടോബർ 21ന് അഫീൽ മാതാപിതാക്കളായ ജോൺസണെയും ഡാർളിയെയും വിട്ടുപോയി; ഇന്നേക്ക് നാലുവർഷം. മകന്റെ മരണത്തിനുശേഷമുള്ള എല്ലാ ഒക്ടോബർ നാലിനും ഡാർളിയും ജോൺസണും പാലാ സ്റ്റേഡിയത്തിലെത്താറുണ്ട്. കഴിഞ്ഞ രണ്ട് യാത്രകളിൽ ചേട്ടന്റെ ഓർമകൾ നിറയുന്ന മൈതാനത്ത് ഏഞ്ചലും പിച്ചവെച്ചു.
കനത്ത ഇരുട്ടിലേക്കുവീണ അവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ തരിച്ചുനിന്ന രണ്ടാണ്ടിനുശേഷമായിരുന്നു കുറിഞ്ഞംകുളം വീട്ടിലേക്ക് മാലാഖക്കുഞ്ഞെത്തിയത്; ഏഞ്ചൽ. ഈ ഒന്നേമുക്കാൽ വയസ്സുകാരിയാണിപ്പോൾ ഈ വീടിന്റെ ജീവനും ജീവിതവും. ‘‘സ്വർഗത്തിൽനിന്ന് അഫീൽ ഞങ്ങൾക്കു കൂട്ടായി അയച്ചതാവാം കുഞ്ഞിനെ. അതുകൊണ്ടാണ് ഇവൾക്ക് ഏഞ്ചൽ എന്ന പേരിട്ടത്. ഒരു കുടുംബസുഹൃത്താണ് മകന് അഫീൽ എന്ന പേരിട്ടത്. പ്രകാശമെന്നായിരുന്നു അർഥം. ആ പ്രകാശം വേഗമണഞ്ഞു. ഇനി ഞങ്ങൾക്ക് കൂട്ട് ഈ മാലാഖ’’ -ഡാർലി പറയുന്നു.
അഫീലിന്റെ മരണശേഷം ഒറ്റപ്പെട്ടപ്പോഴാണ് വീണ്ടും കുഞ്ഞെന്ന ആഗ്രഹവുമായി ജോൺസണും ഡാർളിയും ഡോക്ടറെ കാണുന്നത്. 45ാം വയസ്സിലെ പ്രസവം സങ്കീർണതകൾക്കിടയാകുമെന്ന് ആദ്യം ഡോക്ടർമാർ പറഞ്ഞെങ്കിലും ഇവർ പ്രതീക്ഷ കൈവിട്ടില്ല. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൃത്രിമ ചികിത്സാരീതിയിലൂടെ ഗർഭിണിയായി. 2022 ജനുവരി രണ്ടിന് ലേബർ റൂമിലേക്കു പോകുമ്പോഴും സോനുവിന്റെ (അഫീൽ) ചിത്രം ഡാർളി ചേർത്തുപിടിച്ചിരുന്നു.
അതേസമയം, അഫീലിന്റെ മരണം സംബന്ധിച്ച കേസിൽ നാലുവർഷം കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയില്ല. ഇതിനിടെ, തങ്ങൾ കുറ്റക്കാരല്ലെന്നു കാട്ടി പ്രതികൾ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അഫീലിന്റെ മരണശേഷം പിതാവിനു ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പായില്ല. ഡ്രൈവർ തസ്തികയിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ജോൺസൺ ഇടംപിടിച്ചിരുന്നു. എന്നാൽ, നിയമനം ലഭിച്ചില്ല.
ആ ലിസ്റ്റും കാലഹരണപ്പെട്ടു. കൃഷിപ്പണി ചെയ്താണ് കുടുംബം മുന്നോട്ടുപോകുന്നത്. കുരുന്നു മാലാഖ കൂടി ഒപ്പമെത്തിയതിനാൽ ഒരുജോലി അത്യാവശ്യമാണെന്ന് ഇവർ പറയുന്നു. സർക്കാർതലത്തിൽ ഇതിനായി നിവേദനങ്ങളടക്കം നൽകിയിരുന്നെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല. അധികൃതർ ഇനിയെങ്കിലും കനിയുമെന്ന പ്രതീക്ഷയിലാണിവർ. കേസ് വേഗത്തിൽ തീർപ്പാക്കി കുറ്റക്കാരെ ശിക്ഷിക്കണമെന്ന ആവശ്യവും കുടുംബം മുന്നോട്ടുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.