തെക്കൻ മഹാരാഷ്ട്രയിലെ സാംഗ്ലി പട്ടണത്തിലെ അഹല്യദേവി ഹോൾക്കർ റോഡിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് ചെറിയ പാൻ കടയിലുള്ള 14 ഇഞ്ച് വീഡിയോകോൺ ടി.വിക്ക് ചുറ്റും ഒരു ജനക്കൂട്ടമുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആ കടയുടമയുടെ മകനും നടത്തിപ്പുകാരനുമായ സാങ്കേത് സാർഗർ മെഡൽ നേടണമേയെന്ന പ്രാർഥനയോടെയാണ് അവരുടെ നിൽപ്. അവരുടെ കാത്തിരിപ്പും പ്രാർഥനയും വെറുതെയായില്ല. ബർമിങ്ഹാമിൽ, പുരുഷന്മാരുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി മെഡൽ പട്ടികയിൽ ഇന്ത്യയെന്ന വലിയ രാജ്യത്തിന്റെ പേര് കുറിച്ച് അവൻ അഭിമാനമായിരിക്കുകയാണെന്ന് അവർ ആഹ്ലാദത്തോടെ തിരിച്ചറിഞ്ഞു.
2018 ഏപ്രിൽ അഞ്ചിന് പൂജാരി ഗുരുരാജ കോമൺവെൽത്ത് ഗെയിംസിൽ 56 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്നത് ആ കടയിലെ അതേ ടി.വിയിൽ കാണുമ്പോൾ എടുത്ത ദൃഢനിശ്ചയമായിരുന്നു അടുത്ത തവണ തീർച്ചയായും കോമൺവെൽത്ത് ഗെയിംസിൽ പോകുമെന്നത്. അഞ്ച് വർഷമായി ഭാരോദ്വഹനത്തിൽ പരിശീലനം നേടുന്ന ഒരു യുവാവിന്റെ സ്വപ്നം കൂടിയായിരുന്നു അത്.
ഒരു ഭാരോദ്വഹകനാകുകയെന്നത് പിതാവ് മഹാദേവ് സർഗറിന്റെ സ്വപ്നമായിരുന്നു. ഒരു കായികതാരമാകാൻ ആഗ്രഹിച്ചയാളായിരുന്നു മഹാദേവ്. പക്ഷേ അതിനദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ഉപജീവനത്തിന് മുൻഗണന നൽകേണ്ടി വന്നപ്പോൾ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ, തന്റെ മകനിലൂടെ അത് പൂർത്തീകരിക്കണമെന്ന ആഗ്രഹത്തിലായിരുന്നു അദ്ദേഹം.
1990കളുടെ തുടക്കത്തിലാണ് മഹാദേവ് സാംഗ്ലിയിലെത്തിയത്. ആദ്യം ഒരു വണ്ടിയിൽ പഴങ്ങൾ വിറ്റു നടന്നു. പിന്നീട് ഒരു പാൻ കടയും തുടർന്ന് അതിനടുത്തായി ഒരു ചായക്കടയും തുറന്നു. കടക്ക് സമീപം ഒരു വെയ്റ്റ് ലിഫ്റ്റിങ് പരിശീലന കേന്ദ്രം ഉണ്ടായിരുന്നു. അദ്ദേഹം മകൻ സാങ്കേതിനെ അവിടെ ചേർത്തു. ആദ്യമൊന്നും താൽപര്യമുണ്ടായിരുന്നില്ലെങ്കിലും കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരുന്നപ്പോൾ അവന് ആത്മവിശ്വാസവും കൂടി.
ഒമ്പതാം ക്ലാസിൽ കഠിന പരിശീലനമില്ലാതിരുന്നിട്ടും ഡിവിഷനൽ മത്സരത്തിൽ പങ്കെടുത്ത് വെള്ളി നേടി. കുറച്ചുകൂടി അധ്വാനിച്ചിരുന്നെങ്കിൽ സ്വർണം കിട്ടിയിരുന്നെന്ന നഷ്ടബോധമുണ്ടായി. അന്ന് കോമൺവെൽത്ത് ഗെയിംസ് സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. പരിശീലനത്തിനൊപ്പം, കടകളിലെ ജോലിയും അവന് ചെയ്യേണ്ടതുണ്ടായിരുന്നു. കരിയറിന് ആഗ്രഹിക്കുന്നതെന്തും അച്ഛൻ എങ്ങനെയെങ്കിലും ഒരുക്കിക്കൊടുത്തു. ചിലതിന് കൂടുതൽ സമയമെടുത്താലും അത് ലഭിക്കുമായിരുന്നു.
2019ലാണ് ദേശീയ തലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. അതുവരെ 49 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന അവൻ 55 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയതോടെ ഫലം ലഭിച്ചുതുടങ്ങി. 2020ൽ കൊൽക്കത്തയിലെ സീനിയർ നാഷനൽ ചാമ്പ്യൻഷിപ്പിൽ സാങ്കേത് ആദ്യ സ്വർണ മെഡൽ നേടി. ഒരു വർഷത്തിനുശേഷം, രണ്ടാമത്തെ ദേശീയ കിരീടവും നേടി. എന്നിട്ടും പാൻ കടയിലെ ജോലി നിർത്തിയില്ല. മാനസിക പിരിമുറുക്കം എങ്ങനെ കൈകാര്യം ചെയ്യാമെന്നും വികാരങ്ങളെ നിയന്ത്രിക്കാമെന്നും അവനെ പഠിപ്പിച്ചത് കടയിലെ ജോലിയായിരുന്നു. ഒരേ സമയം വ്യത്യസ്ത കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ഈ സാഹചര്യങ്ങളിൽ എങ്ങനെ സമ്മർദം നിയന്ത്രിക്കണമെന്നും അതവനെ പഠിപ്പിച്ചു.
2022 സിംഗപ്പൂർ ഓപണിൽ, മൊത്തം 256 കിലോഗ്രാം ഉയർത്തിയാണ് കോമൺവെൽത്ത് ഗെയിംസിൽ തന്റെ സ്ഥാനം ഉറപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.