കുന്നംകുളം: സംഘടനകളും വ്യക്തികളും ജീവിതപ്രാരബ്ധങ്ങൾ ഏറ്റെടുക്കാമെന്ന് വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ചിട്ടും സ്വന്തം വീടെന്ന ഗീതുവിന്റെ സ്വപ്നം ഇനിയും ബാക്കി. പിതാവിനെ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാലിനേറ്റ പരിക്കുമായി മത്സരത്തിന് ഇറങ്ങുമ്പോഴും അവളുടെ മനസ്സ് നീറുകയായിരുന്നു. അതാണ് അവസാന ലാപ്പിൽ എതിരാളികളെ കടത്തിവെട്ടി ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോഴുണ്ടായ ആ പൊട്ടിക്കരച്ചിലിന് കാരണവും.
തിരുവനന്തപുരത്ത് നടന്ന മേളയിൽ ജൂനിയർ പെൺകുട്ടികളുടെ മൂന്ന് കി.മീ. നടത്തത്തിൽ ഒന്നാമതെത്തിയ മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ കെ.പി. ഗീതുവിന്റെ കദനകഥ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ അവൾക്ക് വീട് വെച്ച് നൽകാമെന്ന വാഗ്ദാനവുമായി നിരവധി പേരെത്തിയിരുന്നു. എന്നാൽ, വർഷം ഒന്നായിട്ടും ഒന്നും നടന്നില്ല.
ഓട്ടോഡ്രൈവറായ പിതാവ് കെ.പി. ചന്ദ്രന് വർഷങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടത്തിലെ പരിക്ക് ഇപ്പോൾ രൂക്ഷമായി. ഇടുപ്പെല്ല് മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനുള്ള പണം എവിടെനിന്ന് സമ്പാദിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.
വാടകവീട്ടിലാണ് പിതാവും മാതാവ് രജനി, സഹോദരി നീതു എന്നിവർക്കൊപ്പം ഗീതുവിന്റെ താമസം. നിത്യേന പരിശീലനത്തിന് ശേഷം അവിടെ എത്തിപ്പെടാനുള്ള പ്രയാസം കാരണം ഒരു അധ്യാപകന്റെ വീട്ടിലാണ് ഗീതുവിന്റെ താമസം. പരിശീലകൻ റിയാസിന്റെ ഉൾപ്പെടെ സഹായത്താലാണ് ഗീതുവിന്റെ കാര്യങ്ങളൊക്കെ നടന്നുപോകുന്നത്.
കാലിലെ പരിക്കുമായാണ് ഗീതു മത്സരത്തിനിറങ്ങിയത്. ഫിനിഷിങ് പോയന്റിന് മീറ്ററുകൾക്കു മുമ്പു വരെ പിന്നിലായിരുന്ന അവൾ അവസാനം കുതിച്ചാണ് സ്വർണം നിലനിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.