ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഒമ്പതാം ദിവസം ഉജ്ജ്വല പ്രകടനം തുടർന്ന് ഇന്ത്യ. മത്സരങ്ങൾ പുരോഗമിക്കവെ മെഡൽ പട്ടികയിലേക്ക് മൂന്നു വെള്ളിയും രണ്ട് വെങ്കലവും കൂടി ചേർത്തു. രണ്ടു വെള്ളിയും അത് ലറ്റിക്സിലാണ്. പുരുഷ 3000 മീ. സ്റ്റീപ്ൾചേസിൽ അവിനാശ് സാബ് ലേയും വനിത 10,000 മീ. നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിയും ദേശീയ റെക്കോഡോടെ രണ്ടാം സ്ഥാനത്തെത്തി. പുരുഷ ലോൺ ബൗൾസ് ഫോർസിലും ഇതാദ്യമായി വെള്ളി ലഭിച്ചു. വടക്കൻ അയർലൻഡിനെ 18-5നാണ് സുനിൽ ബഹാദൂർ, നവനീത് സിങ്, ചന്ദൻ കുമാർ സിങ്, ദിനേശ് കുമാർ എന്നിവരടങ്ങിയ ടീം തോൽപിച്ചത്. വനിത ബോക്സിങ് 60 കിലോഗ്രാമിൽ ജാസ്മിൻ ലംബോറിയയും ഗുസ്തി 60 കി. പൂജ ഗെഹലോട്ടും സെമിഫൈനലിൽ തോറ്റതോടെ വെങ്കലം ലഭിച്ചു. അതേസമയം, ബോക്സർമാരായ നിഖാത് സരീൻ, അമിത് പംഗാൽ, നീതു ഗാംഘസ് എന്നിവർ വിവിധ ഇനങ്ങളിൽ ഫൈനലിലെത്തിയതോടെ സ്വർണമോ വെള്ളിയോ ലഭിക്കും. വനിത ക്രിക്കറ്റ് ടീമും സെമിഫൈനൽ കടന്ന് മെഡലുറപ്പാക്കി. ടേബ്ൾ ടെന്നിസ് പുരുഷ, മിക്സഡ് ഡബ്ൾസ് ഇനങ്ങളിൽ ഫൈനലിലെത്തിയതോടെ ഇതിലും സ്വർണമോ വെള്ളിയോ കിട്ടും. നിലവിൽ ഒമ്പതു സ്വർണവും 11 വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം.
ഇടിച്ചുകയറി ബോക്സർമാർ
പുരുഷ ബോക്സിങ് 51 കി.ഗ്രാം സെമി ഫൈനലിൽ അമിത് പംഘാൽ സാംബിയയുടെ പാട്രിക് ചിൻയെംബയെയും വനിത 48 കി.ഗ്രാമിൽ നീതു ഗാംഘസ് കാനഡയുടെ പ്രിയങ്ക ധില്ലോണിനെയും 50 കി.ഗ്രാമിൽ ലോക ചാമ്പ്യൻ നിഖാത് സരീൻ ഇംഗ്ലണ്ടിന്റെ സാവന്ന ആൽഫിയ സ്റ്റൂബ്ലിയെയുമാണ് തോൽപിച്ചത്. ജാസ്മിൻ ലംബോറിയ ഇംഗ്ലണ്ടിന്റെ ജെമ്മാ പേഗേ റിച്ചാർഡ്സനോട് തോറ്റതോടെ വെങ്കലത്തിൽ ഒതുങ്ങി.
വനിത ക്രിക്കറ്റിൽ കലാശപ്പോരാട്ടത്തിന്
ആതിഥേയരായ ഇംഗ്ലണ്ടിനെ നാല് റൺസിന് തോൽപിച്ചാണ് ഇതാദ്യമായി ഉൾപ്പെടുത്തിയ വനിത ക്രിക്കറ്റിൽ ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 164 റൺസെടുത്തു. വിജയത്തിനരികിലെത്തിയ ഇംഗ്ലീഷ് പോരാട്ടം 20 ഓവറിൽ 160ൽ തീർന്നു. 32 പന്തിൽ 61 റൺസടിച്ച ഓപണർ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഉജ്ജ്വല ഫോം തുടരുന്ന ജെമീമ റോഡ്രിഗസ് 31 പന്തിൽ 44 റൺസുമായി പുറത്താവാതെ നിന്നു. നാല് ഓവറൽ 28 റൺസ് വഴങ്ങി സ്നേഹ് റാണ രണ്ട് വിക്കറ്റെടുത്ത് ബൗളിങ്ങിൽ തിളങ്ങി.
വനിത ഹോക്കി: ഇന്ത്യക്ക് ഞായറാഴ്ച വെങ്കല മത്സരം
വനിത ഹോക്കി സെമി ഫൈനലിൽ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീം ഞായറാഴ്ച വെങ്കല മെഡലിനായി ന്യൂസിലൻഡുമായി ഏറ്റുമുട്ടും. സെമിയിൽ ഓസ്ട്രേലിയയോട് ഷൂട്ടൗട്ടിൽ 0-3നാണ് ഇന്ത്യ വീണത്. നിശ്ചിത സമയത്ത് കളി 1-1ൽ അവസാനിച്ചു. 10ാം മിനിറ്റിൽ റെബേക ഗ്രീനർ ഓസീസിന് ലീഡ് നൽകിയപ്പോൾ 49ൽ വന്ദ കതാരിയയിലൂടെ ഇന്ത്യ തിരിച്ചടിച്ചു.
സിന്ധു സെമിയിൽ
ബാഡ്മിന്റൺ വനിത സിംഗ്ൾസിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേത്രി പി.വി. സിന്ധു സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ ഗോ വേയ് ജിനിനെ 19-21 21-14 21-18 സ്കോറിനാണ് തോൽപിച്ചത്. അതേസമയം, അരങ്ങേറ്റക്കാരി ആകർഷി കശ്യപിന്റെ യാത്ര ക്വാർട്ടറിൽ അവസാനിച്ചു. സ്കോട്ട്ലൻഡിന്റെ ക്രിസ്റ്റി ഗിൽമൂറിനോട് 10-21 7-21നായിരുന്നു പരാജയം.
വനിത 4x100 മീ. റിലേയിൽ ഫൈനൽ
വനിതകളുടെ 4x100 മീ. റിലേയിൽ ഇന്ത്യൻ ടീം ഫൈനലിലെത്തി. ദ്യുതിചന്ദ്, ഹിമാദാസ്, സർബാനി നന്ദ, ജ്യോതി യാരാജി എന്നിവരടങ്ങിയ സംഘം 44.45 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഏഴാമതായാണ് അന്തിമ റൗണ്ടിൽ കടന്നത്.
ഇരട്ട മെഡൽ ഉറപ്പാക്കി ശരത്
ടേബ്ൾ ടെന്നിസ് മിക്സഡ് ഡബ്ൾസിലും പുരുഷ ഡബ്ൾസിലും ഇന്ത്യൻ ജോടികൾ ഫൈനലിൽ കടന്നു. ശരത് കമൽ-ശ്രീജ അകൂല സഖ്യം 11-9 11-8 9-11 12-14 11-7ന് ആസ്ട്രേലിയയുടെ നികോളാസ് ലൂമിനെയും മിൻയൂങ് ജീയെയുമാണ് മിക്സഡ് ഡബ്ൾസ് സെമി ഫൈനലിൽ തോൽപിച്ചത്. പുരുഷ ഡബ്ൾസ് സെമിയിൽ ശരത്-ജി. സത്യൻ കൂട്ടുകെട്ട് ഓസീസിന്റെ ലൂം-ഫിൻ ലൂ ടീമിനെ 11-9, 11-8, 9-11, 12-14, 11-7നും മറികടന്നു.
ദീപിക-സൗരവ് സെമിയിൽ തോറ്റു
സ്ക്വാഷ് മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ ദീപിക പള്ളിക്കൽ-സൗരവ് ഘോഷാൽ സഖ്യത്തെ ന്യൂസിലൻഡിന്റെ ജോയെലെ കിങ്-പോൾ കോൾ കൂട്ടുകെട്ട് സെമി ഫൈനലിൽ 7-11 4-11ന് തോൽപിച്ചു. ഇവർ ഇന്ന് വെങ്കല മെഡൽ തേടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.