ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിലെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി രാജ്യം. രാഷ്ട്രപത്രി, പ്രധാനമന്ത്രി, രാഷ്ട്രീയപാർട്ടി നേതാക്കൾ, കായികതാരങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ആളുകളും നീരജ് ചോപ്രയെ അഭിനന്ദിച്ച് രംഗത്തെത്തി. ചരിത്രം കുറിക്കാനുള്ള തടസം നിങ്ങൾ നീക്കിയെന്നായിരുന്നു സ്വർണനേട്ടത്തോടുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പ്രതികരണം.
നീരജിന്‍റെ സ്വർണനേട്ടം എക്കാലവും ഓർമിക്കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്. കോടിക്കണക്കിന് ഹൃദയങ്ങൾ നിങ്ങൾക്ക് വേണ്ടിമിടിക്കുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിൻ്റെ നെറുകയിലേറിയ നീരജ് ഇന്ത്യയുടെ അഭിമാനസ്തംഭമായിമാറിയിരിക്കുന്നുവെന്നായിരുന്നു പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
നീരജ് മൂലം ഇന്ത്യ കൂടുതൽ തിളങ്ങുന്നുവെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിന്‍റെ ട്വീറ്റ്. ഒളിമ്പിക്സിലെ സുവർണ ക്ലബിലേക്ക് നീരജ് ചോപ്രയെ മുൻ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര സ്വാഗതം ചെയ്തു.
അത്ലറ്റിക്സിൽ സ്വർണ മെഡൽ കാറ്റഗറിയിലേക്ക് പ്രവേശിച്ച നീരജ് ചോപ്രക്ക് അഭിനന്ദനമെന്നായിരുന്നു കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്‍റെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.