ഫിഡെ റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്ക് കുതിച്ചുകയറി ഇന്ത്യയുടെ കൗമാര ചെസ് താരം ഡി. ഗുകേഷ്. ദിവസങ്ങൾക്ക് മുമ്പ് കാൻഡിഡേറ്റ്സ് ചെസിൽ ജേതാവായതാണ് പതിനാറാം റാങ്കിൽനിന്ന് ആദ്യ പത്തിലേക്ക് കയറാൻ ഗുകേഷിന് തുണയായത്. ഓപൺ വിഭാഗത്തിൽ 2763 റേറ്റിങ് സ്വന്തമാക്കിയ താരം ലോക ചെസ് ചാമ്പ്യൻ ഡിങ് ലിറേനെ ഒരു പോയന്റിന് പിറകിലാക്കി. കനഡയിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ജേതാവായതോടെ 20 പോയന്റാണ് ഇന്ത്യൻ താരത്തിന് നേടാനായത്. പുതിയ ലോകചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിൽ ഡിങ് ലിറേനെ നേരിടാനും ഗുകേഷ് ഇതോടെ യോഗ്യത നേടിയിരുന്നു.
2,761 റേറ്റിങ്ങുമായി മറ്റൊരു ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗെയ്സി എട്ടാം റാങ്കിലെത്തി. 2016ൽ വിശ്വനാഥൻ ആനന്ദും പി. ഹരികൃഷ്ണയും ആദ്യ പത്തിൽ ഇടംപിടിച്ച ശേഷം ആദ്യമായാണ് രണ്ട് ഇന്ത്യക്കാർ ഈ നേട്ടത്തിലെത്തുന്നത്. അന്ന് ആനന്ദ് ഏഴും ഹരികൃഷ്ണ പത്തും റാങ്കിലായിരുന്നു. നിലവിൽ വിശ്വനാഥൻ ആനന്ദ് 11ഉം ആർ. പ്രഗ്നാനന്ദ 14ഉം റാങ്കിലുണ്ട്.
വനിതകളിൽ അഞ്ചാം റാങ്കിലുള്ള കൊനേരു ഹംപിയാണ് ഇന്ത്യക്കാരിൽ മുന്നിൽ. ഹരിക ദ്രോണവല്ലി 11ഉം പ്രഗ്നാനന്ദയുടെ സഹോദരി കൂടിയായ ആർ. വൈശാലി 13ഉം റാങ്കിലാണ്. 29ാം റാങ്കിലുള്ള ദിവ്യ ദേശ്മുഖാണ് ഉയർന്ന റാങ്കിലെത്തിയ മറ്റൊരു ഇന്ത്യക്കാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.