ഒളിമ്പിക് ചാമ്പ്യനായ ഹൈജംപ് ഇതിഹാസം ഡിക് ഫോസ്ബറി വിടവാങ്ങി. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 78 വയസ്സായിരുന്നു. അതുവരെയും കാൽ ആദ്യം കവച്ചുകടക്കുന്ന രീതിയിലായിരുന്ന ഹൈജംപിൽ തന്റേതായ മെയ് വഴക്കത്തോടെ ‘ഫോസ്ബറി േഫ്ലാപ്’ അവതരിപ്പിച്ച് വിപ്ലവം കൊണ്ടുവന്ന താരമാണ്. 1968 മെക്സിക്കോ സിറ്റി ഒളിമ്പിക്സിലായിരുന്നു കാലിനു പകരം ബാറിനു മുകളിലൂടെ ആദ്യം തല കടത്തി ശരീരംപിറകെയെത്തുന്ന ചാട്ടം അവതരിപ്പിച്ചത്. അതുപിന്നീട് ‘ഫോസ്ബറി േഫ്ലാപ്’ ആയി അറിയപ്പെട്ടു. അറ്റ്ലറ്റിക്സിനെ മാറ്റിമറിച്ചാണ് ഡിക് ഫോസ്ബറി പുതിയ ചാട്ടവുമായി ലോക വേദികളിൽ നിറഞ്ഞുനിന്നത്.
സ്ട്രാഡ്ൾ, സിസർ ജംപ് എന്നിങ്ങനെ പേരുള്ള ചാട്ടങ്ങളായിരുന്നു ഹൈജംപിൽ താരങ്ങൾ ഉപയോഗിച്ചിരുന്നത്. താരങ്ങൾക്ക് പരിക്ക് പൂർണമായി ഒഴിവാക്കാൻ വീഴുന്ന ഭാഗത്ത് ‘ഫോം മാറ്റിങ്’ വന്നതോടെ ഫോസ്ബറി ഒളിമ്പിക്സിൽ പുതിയ രീതി അവതരിപ്പിച്ച് കൈയടി നേടി. 1968ലെ ലോക വേദിയിൽ 2.24 ചാടി റെക്കോഡിട്ട താരം അതോടെ ഹൈജംപിന്റെ രൂപം തന്നെ മാറ്റി. ആദ്യം തലയും പിറകെ തോളും വിജയകരമായി ബാറിനുമുകളിലൂടെ കടത്തി കാലുകൾ അവസാനം പൂർത്തിയാക്കിയ ചാട്ടം അദ്ഭുതത്തോടെയാണ് ഒളിമ്പിക് വേദി കണ്ടുനിന്നത്. തുടക്കത്തിലേ ഈ രീതിയിൽ ചാടിയ തന്നെ ആളുകൾ ശ്രദ്ധിച്ചിരുന്നതായും കണ്ടുനിന്നവർ കൂടുതൽ പേരെ വിളിച്ചുകൂട്ടിയതായും പിന്നീട് ഫോസ്ബറി പറഞ്ഞിരുന്നു. മത്സരത്തിനുണ്ടായിരുന്ന ഓരോരുത്തരെയും കടന്ന് ഒടുവിൽ സ്വർണത്തിലേക്ക് ചാടിയെത്തിയപ്പോൾ അത് അമേരിക്കൻ റെക്കോഡ് മാത്രമല്ല, ഒളിമ്പിക്സിലും ചരിത്രമായി. തൊട്ടപ്പുറത്ത് മാരത്തൺ ഓടുകയായിരുന്ന നാട്ടുകാരൻ കെന്നി മൂറും ഓട്ടത്തിനിടെ തന്റെ ജയം ആഘോഷിച്ചിരുന്നതായും പിന്നീട് ഫോസ്ബറി പറഞ്ഞു.
ചാട്ടം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് ആഗോള വേദികളിൽ ഈ രീതിയിൽ തന്നെയായി ഹൈജംപ്. 2018ൽ ഫോസ്ബറി േഫ്ലാപിന്റെ സുവർണ ആഘോഷം ലോകമൊട്ടുക്കും വിപുലമായി നടന്നിരുന്നു.
1963ൽ പുതിയ ചാട്ടം പരീക്ഷിച്ചു തുടങ്ങിയ ഫോസ്ബറി അഞ്ചു വർഷം കഴിഞ്ഞുള്ള ഒളിമ്പിക്സിലാണ് ആദ്യമായി ലോക വേദിയിൽ ഈ രീതി അവതരിപ്പിക്കുന്നത്. തുടക്കത്തിൽ ഇതിൽ സംശയം പ്രകടിപ്പിച്ചവർ ഏറെയായിരുന്നെങ്കിലും പതിയെ ഫോസ്ബറിയുടെ ആരാധകരായി ലോകം മാറി.
അതുവരെയും ഒളിമ്പിക്സിൽ ഒരാൾ പോലും പ്രയോഗിക്കാതിരുന്ന ഈ ചാട്ടം 1972ലെ മ്യുണിക് ഒളിമ്പിക്സിലെത്തിയപ്പോൾ 40ൽ 28പേരും സ്വീകരിച്ചതായി. 1976ലെ ഒളിമ്പിക്സിലാണ് പഴയ രീതിയിൽ ഒരാൾ ഒളിമ്പിക് ഹൈജംപ് സ്വർണം നേടുന്നത്. പിന്നീട് നേടിയവരെല്ലാം ഫോസ്ബറി ഫ്ലിപ് ആണ് ചാടിയത്.
‘‘ഡിക് ഫോസ്ബറി എന്നും ഒളിമ്പിക് മൂല്യങ്ങളോട് സത്യസന്ധത പുലർത്തിയയാളാണ്. ഒളിമ്പിക് പ്രസ്ഥാനത്തിന്റെ നിരവധി ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു. ‘വേൾഡ് ഒളിമ്പ്യൻസ്’ പ്രസിഡന്റായി. മഹാനായ ഒളിമ്പിക് ചാമ്പ്യനെന്ന നിലക്ക് അദ്ദേഹം സ്മരിക്കപ്പെടും’’- രാജ്യാന്തര ഒളിമ്പിക് സമിതി പ്രസിഡന്റ് തോമസ് ബാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.