ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അടക്കിഭരിക്കുന്ന ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണിനെതിരെ മുതിർന്ന താരങ്ങളായ ബജ്റങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവർ തുടങ്ങിവെച്ച സമരത്തിൽ ട്വിസ്റ്റ്. മൂവർക്കുമെതിരെ അപ്രതീക്ഷിത പ്രതിഷേധവുമായി ജൂനിയർ ഗുസ്തി താരങ്ങൾ രംഗത്തെത്തി. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽനിന്നെത്തിയ ജൂനിയർ താരങ്ങൾ ഡൽഹി ജന്തർമന്തറിൽ പ്രതിഷേധ സമരം നയിച്ചു.
തങ്ങളുടെ കരിയറിലെ വിലപ്പെട്ട ഒരു വർഷം മൂവരും കാരണം നഷ്ടമായെന്നും ഗുസ്തി ഫെഡറേഷൻ സസ്പെൻഷൻ 10 ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ തങ്ങളും പുരസ്കാരങ്ങൾ തിരിച്ചേൽപിക്കുമെന്നും സമരക്കാർ പറഞ്ഞു. 300ഓളം പേർ ഛപ്രോളി ആര്യസമാജ് അഖാരയിൽനിന്നും അത്രയും പേർ നരേലയിലെ വീരേന്ദർ റസ്ലിങ് അക്കാദമിയിൽനിന്നുമാണ് ബസുകളിലായി എത്തിയത്. പുനിയ, മാലിക്, ഫോഗട്ട് എന്നിവർക്കെതിരെയായിരുന്നു ഇവരുടെ മുദ്രാവാക്യം.
രാവിലെ 11 മണിയോടെ സംഗമിച്ച ഇവർ മൂന്നു മണിക്കൂർ സമരത്തിനൊടുവിലാണ് പിരിഞ്ഞുപോയത്. പുതിയ സമിതി പ്രഖ്യാപിക്കപ്പെട്ടയുടൻ ദേശീയ അണ്ടർ-15, അണ്ടർ-20 ചാമ്പ്യൻഷിപ്പുകൾ യു.പിയിലെ ഗോണ്ടയിൽ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോടതി ഇടപെട്ട് സമിതി സസ്പെൻഡ് ചെയ്തതതോടെ ടൂർണമെന്റും റദ്ദായി. അവസാനമായി ജൂനിയർ തലത്തിൽ മത്സരിക്കേണ്ടിയിരുന്ന ചില താരങ്ങൾക്ക് ഇത് അവസരം നഷ്ടമാകാനിടയാക്കിയിരുന്നു. മൂന്നു പേർ മാത്രം ഒരുവശത്തും ലക്ഷങ്ങൾ മറുവശത്തുമാണെന്ന് സമരക്കാരിലൊരാൾ പറഞ്ഞു.
ന്യൂഡൽഹി: തനിക്കും മുതിർന്ന താരങ്ങളായ ഫോഗട്ട്, പുനിയ എന്നിവർക്കുമെതിരെ സമരമുഖത്തിറങ്ങിയവർ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനുവേണ്ടി പ്രചാരണ നാടകവുമായാണ് എത്തിയതെന്ന് ഒളിമ്പിക് മെഡലിസ്റ്റ് സാക്ഷി മാലിക്. ‘‘ഞാൻ ഗുസ്തിക്കായി ജീവിതത്തിലെ നിരവധി വർഷങ്ങളാണ് സമർപ്പിച്ചിരുന്നത്. അടുത്തിടെയാണ് വിരമിച്ചത്. അതുകൊണ്ടുതന്നെ എത്രത്തോളം മാനസികപ്രയാസം അനുഭവിക്കുന്നുവെന്ന് നിങ്ങൾക്കുതന്നെ പറയാനാകും. ബ്രിജ് ഭൂഷണിനുവേണ്ടി പണിയെടുക്കുന്ന ഒരു ഐ.ടി സെൽ തന്നെയുണ്ട് സമൂഹമാധ്യമങ്ങളിൽ. ഈ പ്രതിഷേധക്കാരും അദ്ദേഹത്തിന്റെയാളുകളാണ്. അദ്ദേഹത്തിനായി പ്രചാരണം നയിക്കുകയുമാണ്.
അന്ന് പ്രതിഷേധത്തിനിടെയും ബ്രിജ് ഭൂഷൺ ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു’’ -സാക്ഷി മാലിക് വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ബ്രിജ് ഭൂഷണിന്റെ ആളുകൾ തന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയാണ്. അമ്മക്ക് നിരന്തരം വധഭീഷണി സന്ദേശങ്ങൾ അയക്കുന്ന ബ്രിജ് ഭൂഷണിന്റെ ആളുകൾ തനിക്കെതിരെ കേസുകൾ എടുക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയാണെന്നും സർക്കാർ സുരക്ഷയൊരുക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.