ന്യൂഡൽഹി: ആഴ്ചകൾക്കു മുമ്പ് പൂർത്തിയായ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ സിംഗപ്പൂർ താരം ലോഹ് കീൻ യൂവും വെങ്കല ജേതാവ് ഇന്ത്യക്കാരനായ ലക്ഷ്യ സെന്നും ഇന്ത്യ ഓപൺ ഫൈനലിൽ മുഖാമുഖം.
കഴിഞ്ഞ വർഷത്തെ ഡച്ച് ഓപൺ ഫൈനലിന്റെ തനിയാവർത്തനമായാണ് മത്സരം. ആവേശകരമായ സെമി പോരാട്ടത്തിൽ യോങ്ങിനെ 9-21 21-16 21-12ന് മറികടന്നാണ് ലക്ഷ്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. രണ്ടാം സെമിയിൽ കാനഡയുടെ ബ്രയാൻ യാങ് കോവിഡ് ബാധിതനായി പിൻവാങ്ങിയതിനെ തുടർന്ന് ലോഹ് കീൻ യൂവിന് വാക്കോവർ നൽകുകയായിരുന്നു. ഡച്ച് ഓപണിലെ തോൽവിക്ക് കണക്കു തീർക്കാൻ ഇന്ത്യൻ താരത്തിന് അവസരമാകും. അതേസമയം, കീഴടങ്ങാത്ത വേഗവും കളിമിടുക്കുമായി അതിവേഗ വിജയങ്ങളുമായി കുതിക്കുകയാണ് സിംഗപ്പൂർ താരം.
ഇന്ത്യൻ കിരീടപ്രതീക്ഷയായിരുന്ന പി.വി. സിന്ധു മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ തായ്ലൻഡ് താരം സുപനിദ കെയ്റ്റ്തോങ്ങിനോട് തോറ്റു ഫൈനൽ കാണാതെ പുറത്തായി. സ്കോർ: 14-21, 21-13, 10-21.
അതേസമയം, ഡബ്ൾസിൽ ലോക 10ാം നമ്പർ താരജോടികളായ ചിരാഗ് ഷെട്ടി- സാത്വിക് സായ്രാജ് രങ്കിറെഡ്ഡി സഖ്യം ഫ്രഞ്ച് സഖ്യമായ വില്യം വിലെഗർ-ഫാബിയൻ ഡെൽറൂ എന്നിവരെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി ഫൈനലിൽ കടന്നു. കലാശപ്പോരിൽ മൂന്നുതവണ ലോകചാമ്പ്യന്മാരായിരുന്ന ഇന്തോനേഷ്യൻ ടീം മുഹമ്മദ് അഹ്സൻ- ഹെന്ദ്ര സെറ്റ്യാവൻ എന്നിവരാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.