ബർമിങ്ഹാം: 22ാമത് കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ കൊടിയുയരുമ്പോൾ ഇന്ത്യ ഇറങ്ങുന്നത് ഉറപ്പായ ഒരു മെഡൽ നഷ്ടത്തിന്റെ നിരാശയിൽ. ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യൻഷിപ് വെള്ളി മെഡൽ ജേതാവുമായ ഇന്ത്യൻ സംഘത്തിലെ സൂപ്പർ താരം നീരജ് ചോപ്രയുടെ അപ്രതീക്ഷിത പിന്മാറ്റണമാണ് ടീമിന് തിരിച്ചടിയായത്. കഴിഞ്ഞദിവസം ലോകചാമ്പ്യൻഷിപ് ജാവലിൻ ത്രോ ഫൈനലിനിടെ നാഭിക്കേറ്റ പരിക്കുമൂലമാണ് നീരജ് വിട്ടുനിൽക്കുന്നത്.
ലോകചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങിയതിനു പിറകെ യു.എസിൽ എം.ആർ.ഐ സ്കാനിന് വിധേയനായ ചോപ്രക്ക് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും അതിനാൽ കോമൺവെൽത്ത് ഗെയിംസിൽനിന്ന് പിന്മാറുകയാണെന്ന് 24കാരൻ അറിയിച്ചതായും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത വ്യക്തമാക്കി.
ചോപ്രയുടെ പരിക്ക് ഗുരുതരമല്ലെന്നും മുൻകരുതൽ എന്ന നിലക്കാണ് വിശ്രമം നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിച്ച 88.13 മീറ്ററിന്റെ നാലാമത്തെ ത്രോക്ക് പിറകെ നാഭിയിൽ ചെറിയ വേദന അനുഭവപ്പെട്ടിരുന്നതായി നീരജ് മത്സരശേഷം പറഞ്ഞിരുന്നു. അതിനാലാണ് നാലാമത്തെ ശ്രമത്തിൽ താളം കണ്ടെത്തി മികച്ച ദൂരം താണ്ടിയിട്ടും അടുത്ത രണ്ടു ത്രോകളിൽ കാര്യമായൊന്നും ചെയ്യാൻ സാധിക്കാതിരുന്നതെന്നും നീരജ് വ്യക്തമാക്കിയിരുന്നു.
215 അംഗ സംഘമാണ് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ഒളിമ്പിക്സ് അത്‍ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ച നീരജ് ആയിരുന്നു ഗെയിംസിൽ രാജ്യത്തിന്റെ പതാകയേന്താൻ നിയോഗിക്കപ്പെട്ടിരുന്നത്. നീരജിന്റെ അഭാവത്തിൽ ആര് പതാകയേന്തുമെന്ന് ഉടൻ തീരുമാനിക്കുമെന്ന് കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘത്തലവൻ രാജേഷ് ഭണ്ഡാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.