മൂഡബിദ്രി (മംഗളൂരു): ദേശീയ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്ലറ്റിക് മീറ്റിൽ കേരളത്തിലെ സർവകലാശാലകളിൽനിന്നുള്ള ആദ്യ സ്വർണം എം.ജിയുടെ എ.കെ. സിദ്ധാർഥിന്. പോൾവാൾട്ടിൽ മീറ്റ് റെക്കോഡോടെയാണ് (4.92 മീ.) സിദ്ധാർഥ് മേളയുടെ മൂന്നാം നാളിൽ കേരളത്തിന്റെ അഭിമാനമായത്. കാലിക്കറ്റ് സർവകലാശാലയുടെ കെ.ജി. ജെസ്സൻ 2018ൽ നേടിയ റെക്കോഡാണ് (4.91 മീ.) മറികടന്നത്. കഴിഞ്ഞ തവണ കാലിക്കറ്റിനുവേണ്ടി സ്വർണമണിഞ്ഞ, എം.ജിയുടെ ഗോഡ്വിൻ ഡാമിയനാണ് (4.85 മീ.) വെള്ളി. ജോൻപുർ സർവകലാശാലയുടെ ധിരേന്ദ്രകുമാറിനാണ് (4.85 മീ.) വെങ്കലം.
കോതമംഗലം എ.എ കോളജ് അവസാന വർഷ ബിരുദ ഇംഗ്ലീഷ് വിദ്യാർഥിയായ സിദ്ധാർഥ് കണ്ണൂർ പയ്യന്നൂർ വെള്ളൂർ കാറമേൽ സ്വദേശി വി.വി. സതീശൻ-എ.കെ. ദീപ ദമ്പതികളുടെ മകനാണ്. ദേശീയ സ്കൂൾ കായികമേളയിലും അണ്ടർ 20 ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിലും സ്വർണം നേടിയിരുന്നു. പാലാ സെന്റ് തോമസ് കോളജ് വിദ്യാർഥിയാണ് വെള്ളി നേടിയ ഗോഡ്വിൻ ഡാമിയൻ. ആലപ്പുഴ ചേർത്തല സ്വദേശിയാണ്.
110 മീറ്റർ ഹർഡ്ൽസിൽ കേരള സർവകലാശാലയുടെ വി.കെ. മുഹമ്മദ് ലസൻ (14.49) വെങ്കലം നേടി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ബി.കോം രണ്ടാംവർഷ വിദ്യാർഥിയാണ്. ആചാര്യ നാഗാർജുന സർവകലാശാലയിലെ യന്ത്വന്ത്കുമാർ (14.32) സ്വർണവും മദ്രാസ് സർവകലാശാലയിലെ നിഷാന്ത് രാജ (14.41) വെള്ളിയും നേടി.
മേള വെള്ളിയാഴ്ച സമാപിക്കാനിരിക്കെ ഒരു സ്വർണവും വെള്ളിയും രണ്ട് വെങ്കലവുമായി നാല് മെഡലുകളാണ് കേരളത്തിൽനിന്നുള്ള സർവകലാശാലകൾക്ക് ലഭിച്ചത്. മീറ്റിൽ പത്തിനങ്ങൾകൂടി ശേഷിക്കെ രണ്ടു സ്വർണം, മൂന്നു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെ 44 പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ മാംഗ്ലൂർ സർവകലാശാലയാണ് മുന്നിൽ. രണ്ടു സ്വർണം, മൂന്നു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ 33 പോയന്റുമായി പഞ്ചാബിലെ ലൗവ്ലി സർവകലാശാല രണ്ടാംസ്ഥാനത്താണ്.
19 പോയന്റുമായി ഹരിയാന മഹർഷി സർവകലാശാലയാണ് മൂന്നാംസ്ഥാനത്ത്. ഒന്നു വീതം സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെ 16 പോയന്റുമായി എം.ജിയാണ് നാലാം സ്ഥാനത്ത്. കേരള സർവകലാശാല ഒരു വെങ്കലവുമായി നാലു പോയന്റ് നേടിയപ്പോൾ കാലിക്കറ്റിന് മെഡലൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.