കേ​ര​ള ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ ദീ​പാ​ങ്ക​ർ ക​ൻ​വാ​ർ (ഇ​ട​ത്ത്)

ഈ അസംകാരൻ കേരളത്തിന്‍റെ 'കരാേട്ട കിഡ്'

തിരുവനന്തപുരം: മഞ്ഞുമൂടിയ മൂന്നാർ മലനിരകളുടെ താഴ്‌വാരത്ത് സുദീപ് ടി സിറിയക് എന്ന ദേശീയ കാരാേട്ട പരിശീലകൻ തീർത്ത ഷോട്ടോജുക്കു കരാേട്ട ക്ഷേത്രത്തിൽ ഒരു കനലുണ്ട്. മരംകോച്ചുന്ന തണുപ്പിൽ ആ തീക്കനൽ ചാരമായെന്നും കരുതിയവർക്ക് ചികയാൻ ഒരവസരം കൊടുത്തിട്ടില്ലവൻ. ലോകോത്തര താരങ്ങൾ വരെ റിങ്ങിൽ മൂക്കിടിച്ച് വീണതോടെ ലോകം അവനെ ഒരു ചെല്ലപ്പേരിട്ട് വിളിച്ചു 'ദി കരാേട്ട കിഡ് ഓഫ് കേരള'. പ്രഥമ കേരള ഗെയിംസിലെ കാരാേട്ട മത്സരവേദിയിൽ താരപരിവേഷമാണ് ദീപാങ്കർ കർവാർ എന്ന അസംകാരന്. ജന്മംകൊണ്ട് ദീപാങ്കർ അസംകാരനാണെങ്കിലും കർമംകൊണ്ട് തനി മലയാളിയാണ്. കേരള ഗെയിംസിൽ ഇടുക്കിക്ക് വേണ്ടിയിറങ്ങിയ ഈ പ്ലസ്ടുക്കാരൻ വ്യക്തിഗത അഭ്യാസപ്രകടനമായ കത്തയിൽ സ്വർണമെഡലുമായാണ് രണ്ടുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കിയത്.

കുടുംബത്തിലെ പ്രാരബ്ധങ്ങളെ തുടർന്ന് ഭാര്യാസഹോദരന്‍റെ മകനായ ദീപാങ്കറിനെ രണ്ടരവയസ്സിലാണ് സുദീപ് ടി സിറിയക് അസമിലെ ടിൻസുകിയയിൽ നിന്ന് മൂന്നാർ മാങ്കുടം പീച്ചാടിലെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മൂന്നാം വയസ്സുമുതൽ പരിശീലനം ആരംഭിച്ചു. മക്കൾക്കൊപ്പം കേരളത്തിൽ വിദ്യാഭ്യാസം നൽകി. അസമീസ് ഭാഷയെക്കാൾ ദീപാങ്കറിന് ഇന്ന് നല്ലപോലെ വഴങ്ങുന്നത് മലയാളമാണ്. 2012ലാണ് ആദ്യമായി ചാമ്പ്യൻഷിപ്പിന് ഇറങ്ങുന്നത്. ആ വർഷം സംസ്ഥാന ചാമ്പ്യനായ ദീപാങ്കർ, 2014ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ കരാേട്ട മത്സര ഇനങ്ങളായ കത്ത, കുമിത്തെ ഇനങ്ങളിൽ ഇരട്ട സ്വർണം നേടി. 2016ൽ സ്കോട്ട് ലൻഡിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ അണ്ടർ 15 വിഭാഗത്തിൽ സ്വർണം ഇടിച്ചിട്ടതോടെയാണ് ലോകശ്രദ്ധ നേടുന്നത്. ആ വർഷം തന്നെ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ അഞ്ചാം സ്ഥാനത്തെത്തി. ഡൽഹിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടി. 2019ൽ ദേശീയതലത്തിൽ കത്തയിൽ സ്വർണവും കുമിത്തെയിൽ വെള്ളിയും നേടിയിരുന്നു. ലോക കരാേട്ട ഫെഡറേഷന്‍റെ മെഡൽ നേടുകയാണ് തന്‍റെ വലിയ സ്വപ്നമെന്ന് ദീപാങ്കർ പറയുന്നു.

എതിരാളിയെ നശിപ്പിക്കലോ സ്വയം നശിക്കലോ അല്ല ആധുനിക കരാേട്ട. എതിരാളിയുടെ ശരീരത്തിൽ ആഘാതം ഏൽപ്പിക്കാതെ ശക്തിയെ തൊലിപ്പുറം വരെ മാത്രം എത്തിക്കാൻ കഴിയുക ചെറിയ കാര്യമല്ലെന്നും ദീപാങ്കർ പറയുന്നു. അസം ടിൻസുകിയ സ്വദേശി ജയന്തറാണ് പിതാവ്. അമ്മ ജോസ്ന.    

Tags:    
News Summary - Kerala's 'Karate Kid' deepankar karwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.