പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യയുടെ മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കർ ഒളിമ്പിക്സിൽനിന്ന് പുറത്ത്. ചൊവ്വാഴ്ച പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റെന്നും തുടർന്ന് നടത്തിയ പരിശോധനകളിൽ ശസ്ത്രക്രിയ വേണമെന്ന് ബോധ്യമായതിനാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ എന്തിന് വേണ്ടിയാണോ കാത്തിരുന്നത് അതിൽനിന്ന് പുറത്താവുകയാണെന്നും പാരിസ് ഒളിമ്പിക്സ് സ്വപ്നം അവസാനിച്ചെന്നും താരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ജീവിതം വിചിത്രമായ തിരക്കഥകൾ എഴുതുകയാണ്. തിരിച്ചടികൾ സ്വീകരിച്ച് മുന്നോട്ടുപോകും. ഇനി തിരിച്ചുവരവിലേക്കുള്ള യാത്രയാണ്. ഇവയെല്ലാം തരണം ചെയ്യുമെന്നും ശ്രീശങ്കർ പറഞ്ഞു. കായിക പ്രേമികളുടെ പ്രാർഥനയും സ്നേഹവും പോസിറ്റിവ് എനർജിയും തേടുന്നുവെന്നും പാലക്കാട് സ്വദേശിയായ താരം കൂട്ടിച്ചേർത്തു.
2023 ജൂലൈയിൽ ബാങ്കോങ്ങിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ 8.37 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒളിമ്പിക്സിന് യോഗ്യത നേടിയത്. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ദൂരം താണ്ടി അന്ന് വെള്ളി മെഡൽ സ്വന്തമാക്കുകയും ചെയ്തു. മറ്റൊരു ലോങ് ജമ്പ് താരം ജെസ്വിൻ ആൽഡ്രിന് ഒളിമ്പിക്സ് യോഗ്യത ദൂരം പിന്നിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പാരിസിന് ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‍ലറ്റായിരുന്നു ശ്രീശങ്കർ. ലോക റാങ്കിങ്ങില്‍ ഏഴാംസ്ഥാനത്തുള്ള താരം ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കൂടിയായിരുന്നു. പാരിസ് ഡയമണ്ട് ലീഗ് മീറ്റിൽ ലോങ്ജമ്പിൽ മൂന്നാം സ്ഥാനം നേടിയ ശ്രീശങ്കർ, മീറ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയുമായിരുന്നു. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും വെള്ളിയും നേടിയിരുന്നു. ഷാങ്ഹായ്, ദോഹ ഡയമണ്ട് ലീഗുകൾക്ക് തയാറെടുക്കുന്നതിനിടെയാണ് ശ്രീശങ്കറിന് പരിക്ക് വിനയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.