കൊല്ലം: മഴ മാറിനിന്ന പകലിൽ കൗമാര താരങ്ങൾ നടത്തിയ പ്രകടനങ്ങളാൽ ആവേശ ട്രാക്കിലായി ജില്ല സ്കൂൾ കായിക മേളയുടെ ആദ്യ ദിനം. കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ ഗ്രൗണ്ട് ആതിഥ്യമരുളുന്ന ജില്ല സ്കൂൾ മീറ്റിന്റെ ആദ്യദിനത്തിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ 36 ഫൈനൽ മത്സരങ്ങൾ പൂർത്തിയായി. അട്ടിമറിക്കാറ്റ് വീശിയ ആദ്യദിനത്തിൽ 59 പോയന്റുമായി അഞ്ചൽ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്.
അഞ്ച് വീതം സ്വർണവും വെള്ളിയും നാല് വെങ്കലവുമാണ് ഇതുവരെയുള്ള അഞ്ചലിന്റെ നേട്ടം. 55 പോയന്റുമായി പുനലൂർ ഉപജില്ല രണ്ടാം സ്ഥാനത്താണ്. എട്ട് സ്വർണം നേടിയെങ്കിലും നിലവിലെ ഓവറോൾ ജേതാക്കളായ പുനലൂരിന് നിറം മങ്ങിയ തുടക്കമാണ് ആദ്യദിനത്തിൽ കണ്ടത്.
2022ൽ ആദ്യ ദിനം തന്നെ 78 പോയന്റുമായി പുനലൂർ ഉപജില്ല കുതിച്ചിരുന്നു. രണ്ട് വെള്ളിയും നാല് വെങ്കലവും കൂടി ആദ്യ ദിനത്തിൽ പുനലൂരിന്റെ പട്ടികയിലുണ്ട്. ഇത്തവണ ഓവറോൾ പട്ടത്തിനുള്ള പോരാട്ടം കടുക്കുമെന്നതാണ് ആദ്യദിനം നൽകുന്ന സൂചന. 52 പോയന്റുമായി കൊല്ലം ഉപജില്ല തൊട്ടുപിറകിൽ മൂന്നാം സ്ഥാനത്തുണ്ട്.
നിലവിലെ ചാമ്പ്യൻ സ്കൂൾ ആയ പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസാണ് സ്കൂളുകളിൽ മുന്നിൽ. അഞ്ച് സ്വർണവും രണ്ട് വെങ്കലവുമായി 27 പോയന്റ്. അഞ്ചൽ വെസ്റ്റ് എച്ച്.എസ്.എസ് 15 പോയന്റുമായി രണ്ടാമത്. കടപ്പാക്കട ടി.കെ.ഡി.എം. എച്ച്.എസ്.എസ്. 11 പോയന്റുമായി മൂന്നാമതാണ്.
പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആശാ ദേവി കായിക പ്രതിഭകൾക്കുള്ള സന്ദേശം നൽകി. എ.ഇ.ഒ റോസമ്മ രാജൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രോഹിണി, സ്പോർട്സ് ഓർഗനൈസർ കെ. സജിലാൽ, എം. മനേഷ് എന്നിവർ സംസാരിച്ചു.
കല്ലുവാതുക്കൽ: പൊടിപാറിച്ച് സെക്കൻഡുകളിൽ 100 മീറ്ററിനപ്പുറം ഫിനിഷിങ് ലൈനിലേക്ക് കുതിച്ചെത്തി മിന്നും വേഗതാരങ്ങളായി നാലുപേർ. ജില്ല സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ ആവേശ നിമിഷങ്ങൾ സമ്മാനിച്ചാണ് സീനിയർ, ജൂനിയർ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും 100 മീറ്റർ ഓട്ടം അവസാനിച്ചത്.
ഏറ്റവും ചെറിയ സമയത്ത് ഫിനിഷ് ചെയ്ത് വേഗരാജപട്ടം സീനിയർ ആൺകുട്ടികളിൽ കെ.പി. അർജുൻ സ്വന്തമാക്കി. 10.20 സെക്കൻഡിലാണ് സായ് താരം കുതിച്ചെത്തിയത്. തുടർച്ചയായി രണ്ടാം വർഷം ജില്ല സ്കൂൾ മീറ്റിൽ വേഗതാരമാകുക എന്ന തകർപ്പൻ നേട്ടവും കടപ്പാക്കട ടി.കെ.ഡി.എം എച്ച്.എസ്.എസിലെ +2 ക്കാരൻ ഇതിനൊപ്പം സ്വന്തമാക്കി.
2022 ജില്ല സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗത്തിൽ 100 മീറ്റർ വേഗതാരം അർജുൻ ആയിരുന്നു. കണ്ണൂർ പറശ്ശിനിക്കടവ് കമ്പിൽ കടവ് കിഴക്കേപുരയിൽ ഹൗസിൽ സുജിത് - ശ്രീജ ദമ്പതികളുടെ മകനാണ്. ‘സായ്’ പരിശീലകൻ രജീഷാണ് കോച്ച്.
വേഗ റാണിയായി സീനിയർ പെൺകുട്ടികളിൽ ഐ. ആഷ്ന 12.03 സെക്കൻഡിൽ ലക്ഷ്യം മറികടന്നു. നിലവിലെ ചാമ്പ്യൻ സ്കൂളായ പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസിന് ഇത്തവണ ലഭിച്ച ആദ്യ സ്വർണം കൂടിയാണ് ആഷ്നയുടേത്. അഞ്ചൽ അലയമൺ ഹാരിസ് ഭവനിൽ ഐ. ഇബ്നുവിന്റെയും എ. വി. സിനിയുടെയും മകളാണ് ഈ പ്ലസ് വൺകാരി.
ജൂനിയർ ആൺകുട്ടികളിൽ 10.51 സെക്കൻഡ് സമയത്തിൽ കുതിച്ചെത്തി കൊട്ടാരക്കര ഇരുമ്പനങ്ങാട് എ.ഇ.പി. എം.എച്ച്.എസ്.എസ് താരം ബി. ശ്രീനന്ദ് വേഗതാരമായി. സബ് ജില്ലയിൽ ലോങ് ജംപ് മത്സരത്തിനിടെ വലതുകാലിലെ ലിഗ്മെന്റിന് ഏറ്റ പരിക്കുമായാണ് പത്താം ക്ലാസുകാരൻ കുതിച്ചത്. എഴുകോൺ അമ്പലത്തുംകാല പ്ലാംതുണ്ടിൽ വീട്ടിൽ ബിനു - ഉഷകുമാരി ദമ്പതികളുടെ മകനാണ്. സ്കൂളിലെ കായികാധ്യാപകൻ മനേഷാണ് പരിശീലകൻ.
ജൂനിയർ വിഭാഗം പെൺകുട്ടികളിൽ സായ് താരം എ. സാന്ദ്ര 11.47 സെക്കൻഡിലാണ് തകർപ്പൻ പ്രകടനം നടത്തിയത്. കോഴിക്കോട് കടലുണ്ടി അമ്പാളി കാരപറമ്പിൽ രവി - സിന്ധു ദമ്പതികളുടെ മകളാണ്. എസ്.എൻ ട്രസ്റ്റ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഒന്നര വർഷമായി കൊല്ലം സായിയിലാണ് പരിശീലനം. എ. ബോസാണ് കോച്ച്.
കഴിഞ്ഞ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കായികമേളയുടെ ട്രാക്കിൽ ഇറങ്ങി കയറിയതിനുശേഷം ഒമ്പത് മാസം വൈഗ കൃഷ്ണൻ ട്രാക് കണ്ടിട്ടില്ല. എന്തിന് പരിശീലനത്തിനുപോലും ഇറങ്ങിയിട്ടില്ല. പക്ഷേ, സ്കൂൾ മീറ്റ് വന്നാൽ ആളിന് അതിന്റെ യാതൊരു കുറവും ഉണ്ടാകില്ല. അതിനുള്ള തെളിവാണ് ജില്ല സ്കൂൾ മീറ്റിൽ ഇന്നലെ വൈഗ സ്വന്തമാക്കിയ സ്വർണം ഉൾപ്പെടെ മൂന്ന് മെഡലുകൾ.
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയത്. ട്രിപ്ൾ ജംപിലും ഹൈജംപിലും അവസാന നിമിഷംവരെ പൊരുതി വെള്ളിയുമായി മടങ്ങി. യാതൊരു പരിശീലനവുമില്ലാതെ ഉപജില്ലയിലെ മത്സരപരിചയം മാത്രം വെച്ചാണ് തകർപ്പൻ പ്രകടനം കടപ്പാക്കട ടി.കെ.ഡി.എം. എച്ച്.എസ്.എസ് +1 വിദ്യാർഥിനി നടത്തിയത്. കഴിഞ്ഞ വർഷം ജില്ലയിൽ ജൂനിയർ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയിരുന്നു.
തിരുമുല്ലവാരം കൈക്കുളങ്ങര നോർത്ത് ലക്ഷ്മി ഭവനിൽ രാമകൃഷ്ണൻ - ശ്രീജ ദമ്പതികളുടെ മകളാണ്. സഹോദരി പൂജ കേരള യൂനിവേഴ്സിറ്റി അത്ലറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.