കോഴിക്കോട്: ഇല്ല, മുക്കത്തിന്റെ ആധിപത്യത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ല... പഴയ പ്രതാപത്തിന് തെല്ല് മങ്ങലേറ്റെങ്കിലും റവന്യു ജില്ല സ്കൂൾ കായികോത്സവത്തിൽ മുക്കം ഉപജില്ലക്കുതന്നെ കിരീടം. മുൻകാലങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടമണിഞ്ഞവർക്ക് ഇക്കുറി ഇത്തിരി വിയർക്കേണ്ടിവന്നെങ്കിലും 250 പോയന്റുമായി ചാമ്പ്യൻപട്ടം കാത്തു.
188 പോയന്റുമായി പേരാമ്പ്ര ഉപജില്ല ഇക്കുറിയും രണ്ടാം സ്ഥാനം നിലനിർത്തി. 127 പോയന്റുമായി പതിവുപോലെ ബാലുശ്ശേരി ഉപജില്ലക്കുതന്നെ മൂന്നാം സ്ഥാനം.
27 വീതം സ്വർണവും വെള്ളിയും 16 വെങ്കലവുമായാണ് മുക്കം ഒന്നാം സ്ഥാനം പിടിച്ചടക്കിയത്. 19 സ്വർണവും 16 വെള്ളിയും 19 വെങ്കലവുമണിഞ്ഞാണ് പേരാമ്പ്ര രണ്ടാം സ്ഥാനം കാത്തത്. 15 സ്വർണവും 11 വെള്ളിയും അഞ്ച് വെങ്കലവുമാണ് ബാലുശ്ശേരിയുടെ സമ്പാദ്യം. കഴിഞ്ഞ വർഷം 326 പോയന്റുമായിട്ടായിരുന്നു മുക്കം അടക്കിവാണത്.
19 സ്വർണവും 13 വെള്ളിയും ഏഴ് വെങ്കലവുമടക്കം 141 പോയന്റ് നേടിയ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസാണ് സ്കൂളുകളുടെ കൂട്ടത്തിൽ ഇക്കുറിയും മുന്നിൽ. പുല്ലൂരാംപാറയുടെ കരുത്തിലാണ് മുക്കം ഇത്തവണയും ചാമ്പ്യന്മാരായത്. കഴിഞ്ഞ വർഷം 241 പോയന്റ് നേടി ഒന്നാമതായ പുല്ലൂരാംപാറക്ക് ഇക്കുറി 100 പോയന്റിന്റെ കുറവ് വന്നെങ്കിലും ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ല.
13 സ്വർണവും ഒമ്പത് വെള്ളിയും 10 വെങ്കലവുമണിഞ്ഞ കുളത്തുവയൽ സെന്റ് ജോർജ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ പൂവമ്പായി എ.എം.എച്ച്.എസ് 13 സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലവുമായി 84 പോയന്റുമായി മൂന്നാമതായി. 75 സ്കൂളുകൾ മത്സരത്തിനിറങ്ങിയ മേളയിൽ 74 സ്കൂളുകൾ മെഡൽ പട്ടികയിൽ ഇടംപിടിച്ചു. ജേതാക്കൾക്ക് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ ട്രോഫികൾ സമ്മാനിച്ചു.
കോഴിക്കോട്: ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനെ തീപിടിപ്പിച്ച പോരാട്ടത്തിൽ പൂല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ അൻഫാലും കരോലിന മാത്യുവും അതിവേഗക്കാരായി. 100 മീറ്റർ സീനിയർ വിഭാഗത്തിൽ അൻഫാലും കരോലിനയും സ്വർണമണിഞ്ഞു.
മലപ്പുറം ജില്ലയിലെ കിഴിശ്ശേരി ചെറുപറമ്പിൽ ഷംസാദിന്റെയും ഫർഹത്ത് ബാനുവിന്റെയും മകനായ അൻഫാൽ കമ്പ്യൂട്ടർ സയൻസ് പ്ലസ് ടു വിദ്യാർഥിയാണ്. പുല്ലൂരാംപാറ കുമ്പളാനിക്കൽ മാത്യുവിന്റെയും ജോളി തോമസിന്റെയും മകളാണ് പ്ലസ് ടു ബയോ സയൻസ് വിദ്യാർഥിയായ കരോലിന മാത്യു.
100 മീറ്റർ ജൂനിയർ വിഭാഗത്തിൽ ദേവഗിരി സാവിയോ എച്ച്.എസ്.എസിലെ പി. അമർജിത്തും പൂവമ്പായി എ.എം.എച്ച്.എസിലെ പി.വി. അഞ്ജലിയും സ്വർണമണിഞ്ഞു. 100 മീറ്റർ സബ് ജൂനിയർ വിഭാഗത്തിൽ ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്കൂളിലെ എസ്. ആകാശും കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്.എസിലെ എസ്. കൃഷ്ണേന്ദുവും സ്വർണമണിഞ്ഞു.
കോഴിക്കോട്: ഈസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളജിലെ വിദ്യാർഥികൾ ഇന്റേൺഷിപ്പിന് പോയില്ലായിരുന്നുവെങ്കിൽ ആകാശ് എന്ന അതിവേഗക്കാരൻ പിറക്കുമായിരുന്നില്ല. സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കൂട്ടുകാരെ മുഴുവൻ പിന്തള്ളി ഒന്നാമനാകുമ്പോൾ ആ ‘അധ്യാപക വിദ്യാർഥികൾ അവനു ചുറ്റും ഓടിക്കൂടി.
നിപ കഴിഞ്ഞ് സ്കൂൾ തുറന്നപ്പോഴാണ് ഫിസിക്കൻ എജുക്കേഷൻസ് കോളജിലെ 20ഓളം വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ സ്കൂളുകളിൽ ഇന്റേൺഷിപ്പിന് പോയത്. അങ്ങനെയാണ് അവർ ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്കൂളിലും എത്തിയത്. ഏഴാം ക്ലാസുകാരനായ ആകാശിൽ ഒരു കായിക താരമുണ്ടെന്ന് തിരിച്ചറിഞ്ഞ അവർ അവനെ കോളജിന്റെ ഗ്രൗണ്ടിൽ കൊണ്ടുവന്ന് പരിശീലനം നൽകി. ഒരാഴ്ച മാത്രമേ അവനെ പരിശീലിപ്പിക്കാനായുള്ളൂ.
പക്ഷേ, ആ ഒരാഴ്ചകൊണ്ട് അവനെ ഒരു അതിവേഗ ഓട്ടക്കാരനാക്കാൻ അവർക്കായി. 200 മീറ്ററിലും ആകാശിനാണ് സ്വർണം. 500 കുട്ടികൾ തികയാത്ത സ്കൂളായതിനാൽ കായികാധ്യാപകന്റെ തസ്തിക ഇല്ലാത്ത സ്കൂളാണിത്. 16ന് കുന്ദംകുളത്ത് ആരംഭിക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധാനംചെയ്ത് ആകാശ് ഇറങ്ങുമ്പോൾ അവന്റെ ‘ഗുരുനാഥൻമാർ’ക്കായിരിക്കും ഏറെ സന്തോഷം.
ഈസ്റ്റ്ഹില്ലിൽ താമസിക്കുന്ന ടെയ്ലറായ ശിവകുമാറിന്റെയും രാജിയുടെയും മകനാണ് ആകാശ്. ജ്യേഷ്ഠൻ അർജുൻ കുസാറ്റിലെ എൻജിനീയറിങ് വിദ്യാർഥിയും വോളിബാൾ കളിക്കാരനുമാണ്.
കോഴിക്കോട്: ജൂനിയർ ഗേൾസ് 400 മീറ്റർ ഹർഡ്ൽസിലും 4x400 മീറ്റർ റിലേയിലും സ്വർണം നേടിയ പൂവമ്പായി എ.എം.എച്ച്.എസിലെ പി.ടി. സമൃദ്ധയുടെ പേരിനു മുന്നിലെ പി.ടിയുടെ അർഥം പിലാവുള്ളക്കണ്ടി തെക്കേപ്പറമ്പിൽ എന്നാണ്. സാക്ഷാൽ പി.ടി. ഉഷയുടെ മേൽവിലാസം.
ജില്ല കായികോത്സവത്തിൽ പൊൻതാരമായ ഈ മിടുക്കി പി.ടി. ഉഷയുടെ അനിയത്തി പി.ടി. സുമയുടെ മകളാണ്. ശിവശങ്കരനാണ് പിതാവ്. ഉഷയുടെ ഇഷ്ടയിനമായ 400 മീറ്റർ ഹർഡ്ൽസിൽ തന്നെയാണ് സമൃദ്ധയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉഷ സ്കൂളിൽ പരിശീലിക്കുന്ന സമൃദ്ധയെ ട്രാക്കിലിറക്കാൻ അമ്മയാണ് കൂടെ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.