എ​ൻ.​വി ഷീ​ന​, മു​ഹ​മ്മ​ദ് അ​ന​സ്, മു​ഹ​മ്മ​ദ് അ​ജ്മ​ൽ, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ

ഇന്റർ സ്റ്റേറ്റ് അത്‍ലറ്റിക്സിൽ തിളങ്ങി മലയാളികൾ; ഷീന, അനസ്, അജ്മൽ, അഫ്സൽ ഏഷ്യൻ ഗെയിംസിന്

ഭുവനേശ്വർ: ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി കേരളത്തിന്റെ നിരവധി താരങ്ങൾ. ഇന്റർസ്റ്റേറ്റ് സീനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ സ്വർണ നേട്ടത്തോടെ എൻ.വി ഷീന സ്വർണവും ഏഷ്യൻ ഗെയിംസ് യോഗ്യതയും നേടി. നയന ജെയിംസിനാണ് ഈയിനത്തിൽ വെള്ളി. മെഡലിനൊപ്പം ഒളിമ്പ്യൻ വൈ. മുഹമ്മദ് അനസും വി. മുഹമ്മദ് അജ്മലും പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിലും പി. മുഹമ്മദ് അഫ്സൽ 800 മീറ്ററിലും യോഗ്യത നേടി. സെമിയിൽ 45.63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അനസ് ഏഷ്യൻ ഗെയിംസിന് യോഗ്യനായത്. പിന്നീട് ഫൈനലിൽ 45.76 സെക്കൻഡോടെ അനസ് വെള്ളി നേടി. ശ്രീലങ്കയുടെ കലിംഗ കുമാരകെക്കാണ് സ്വർണം (45.64 സെക്കൻഡ്). 45.90 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടിയ അജ്മലും ഏഷ്യൻ ഗെയിംസിലേക്ക് ടിക്കറ്റെടുത്തു. നാലാമതെത്തിയ മറുനാടൻ മലയാളി അമോജ് ജേക്കബിനും യോഗ്യത ഉറപ്പിക്കാനായി. 46.17 സെക്കൻഡാണ് യോഗ്യത സമയം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലും 400 മീറ്റർ റിലേയിലും അനസ് വെള്ളി നേടിയിരുന്നു. മിക്സഡ് റിലേയിൽ സ്വർണവുമണിഞ്ഞു.

സർവീസസ് താരമായ പാലക്കാട്ടുകാരൻ അഫ്സൽ 800 മീറ്ററിൽ ഒരു മിനിറ്റ് 47.47 സെക്കൻഡിൽ കുതിച്ചാണ് ഏഷ്യൻ ഗെയിംസ് ഉറപ്പാക്കിയത്. ഹരിയാനയുടെ ക്രിഷൻ കുമാറിനാണ് സ്വർണം (ഒരു മിനിറ്റ് 46.17 സെ.). വനിതകളുടെ 1500 മീറ്ററിൽ കേരളത്തിന്റെ പി.യു. ചിത്രക്ക് ഏഴാം സ്ഥാനമേ ലഭിച്ചുള്ളൂ. മലയാളികളടക്കം ഒരു ഡസനിലേറെ താരങ്ങൾ ഇത്തവണ ഏഷ്യൻ ഗെയിംസ് യോഗ്യത നേടിയിട്ടുണ്ട്.

വൈകുന്നേരം നടന്ന വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ ആന്ധ്രയുടെ ജ്യോതി യാരാജി 11.46 സെക്കൻഡിൽ സ്വർണം നേടി. നാട്ടുകാരിയായ സർബാനി നന്ദക്കാണ് വെള്ളി. വനിതകളുടെ 400 മീറ്ററിൽ ഹരിയാനയുടെ അഞ്ജലി ദേവി കരിയറിലെ മികച്ച സമയമായ 51.48 സെക്കൻഡിൽ ഓടിയെത്തി സ്വർണമണിഞ്ഞു. ആദ്യ നാലു സ്ഥാനങ്ങളിലെത്തിയ താരങ്ങളും ഏഷ്യൻ ഗെയിംസ് യോഗ്യത ഉറപ്പാക്കി. 1500 മീറ്ററിൽ മധ്യപ്രദേശിന്റെ ദീക്ഷ ഒന്നാമതെത്തി. പുരുഷന്മാരുടെ 100 മീറ്ററിൽ തമിഴ്നാട് താരം ശിവ കുമാറാണ് ജേതാവ്.

Tags:    
News Summary - Malayalis shine in inter-state athletics; Sheena, Anas, Ajmal and Afzal for the Asian Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.