പനാജി (ഗോവ): കളരിത്തറയോട് കേരളത്തിന് നന്ദി പറയാം, ദേശീയ ഗെയിംസിൽ 12ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു പോകുമായിരുന്ന മലയാളി സംഘത്തെ കൈപിടിച്ച് ഉയർത്തിയതിന്. വ്യാഴാഴ്ച സമാപിച്ച ഗോവ ദേശീയ ഗെയിംസിൽ കേരളത്തിന്റെ മൊത്തം മെഡലുകളിൽ നാലിലൊന്നോളം അങ്കത്തട്ടിൽനിന്നായിരുന്നു.
കളരി അവതരിച്ചില്ലായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടനമാകുമായിരുന്നു മലയാളത്തിന്റേത്. ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ കളരിപ്പയറ്റിൽനിന്ന് കേരളം വെട്ടിപ്പിടിച്ചത് 19 സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 22 മെഡലുകൾ. ഓവറോൾ പട്ടികയിൽ അഞ്ചാം സ്ഥാനവുമായാണ് കേരളം ഗോവ വിടുന്നത്.
മൂന്ന് സ്വർണം കൈവിട്ടത് കളരിയിലും ഭാവി ശുഭമല്ലെന്ന സൂചനയായി. മറ്റു സംസ്ഥാനങ്ങളിൽ കളരിക്ക് അത്ര പ്രചാരമില്ലെന്നതും കേരളത്തിന്റെ പരമ്പരാഗത ആയോധന കലയാണിതെന്നും കൂടി കണക്കാക്കുമ്പോൾ സ്വർണപ്പയറ്റിൽ വലിയ ആഹ്ലാദത്തിനും വകയില്ല. ഇതിനപ്പുറം തോൽവികളിൽനിന്ന് പാഠം പഠിച്ചില്ലെങ്കിൽ പിന്നോട്ടടിയുടെ ഭാവിയാണ് മലയാളത്തിനെന്ന് ഗോവ ദേശീയ ഗെയിംസും ആവർത്തിക്കുന്നു.
കഴിഞ്ഞ ഗുജറാത്ത് ഗെയിംസിൽനിന്ന് ഗോവയിലെത്തുമ്പോൾ മെഡൽ നേട്ടം ഉയർത്താനും ആറിൽനിന്ന് അഞ്ചിലേക്ക് സ്ഥാനം ഉയർത്താനും കഴിഞ്ഞുവെന്ന് കേരള സംഘത്തിന് അവകാശപ്പെടാമെങ്കിലും അത്ലറ്റിക്സിലെയടക്കം കുത്തക എത്രയോ കാലമായി അകലെയാണ്.
കേരളം ആതിഥേയത്വം വഹിച്ച 2015ലെ ഗെയിംസിൽനിന്ന് ഗോവയിലേക്കെത്തുമ്പോൾ 18 സ്വർണം ഉൾപ്പെടെ 75 മെഡലുകളാണ് നഷ്ടം. 54 സ്വർണവും 48 വെള്ളിയും 60 വെങ്കലവും അടക്കം 162 മെഡലുകളായിരുന്നു 2015ൽ കേരളം സ്വന്തമാക്കിയത്. കഴിഞ്ഞ ഗുജറാത്ത് ഗെയിംസിൽ 23 സ്വർണവും 18 വെള്ളിയും 13 വെങ്കലവും അടക്കം 54 മെഡലുകളായി ഇത് കുറഞ്ഞു. രണ്ടിൽനിന്ന് ആറിലേക്കും താണു.
ഈ കണക്കുപ്രകാരം കഴിഞ്ഞ ദേശീയ ഗെയിംസിനേക്കാൾ ഇത്തവണ മുന്നോട്ടുപോയി. 36 സ്വര്ണവും 24 വെള്ളിയും 27 വെങ്കലവുമടക്കം മൊത്തം 87 മെഡലുകളോടെ കേരളം അഞ്ചാം സ്ഥാനത്താണ്. 13 സ്വര്ണവും ആറ് വെള്ളിയും 14 വെങ്കലവുമാണ് ഗോവയിൽ അധികമായി സ്വന്തമാക്കിയത്.
എടുത്തുകാട്ടാൻ കഴിയുന്ന പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതാണ് ഗോവൻ യാഥാർഥ്യം. എങ്കിലും കഴിഞ്ഞ തവണ മെഡൽ കിട്ടാത്ത പല ഇനത്തിലും ഇത്തവണ സുവർണ ചരിതമെഴുതി. കളരിപ്പയറ്റ് കഴിഞ്ഞാൽ കേരളം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് നീന്തൽക്കുളത്തിൽനിന്നാണ്.
ആറ് സ്വർണം. സാജൻ പ്രകാശ് മൂന്ന് സ്വർണമടക്കം ഒമ്പത് മെഡൽ സമ്മാനിച്ചു. കർണാടകയിൽനിന്ന് കേരളത്തിനായി മത്സരിക്കാൻ എത്തിയ ഹർഷിത ജയറാമിലൂടെയാണ് മറ്റു രണ്ട് സ്വർണവും ഒരു വെങ്കലവുമെന്നതും കാണാതിരിക്കാനാവില്ല. ഇതിനൊപ്പം വനിത വാട്ടർപോളോയിലും സ്വർണം സ്വന്തമാക്കി.
വനിത ബാസ്കറ്റ്ബാളിൽ (5x5) മികവാർന്ന പ്രകടനത്തിലൂടെ സ്വർണം നേടാനായത് നേട്ടം. എന്നാൽ, കഴിഞ്ഞ തവണ വെള്ളി കിട്ടിയ വനിത 3x3 ബാസ്കറ്റ്ബാളിൽ ക്വാർട്ടറിൽ പുറത്തായി. പുരുഷന്മാർക്ക് മെഡൽ നേട്ടമുണ്ടാക്കാനായില്ല.
അത്ലറ്റിക്സിൽ മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ മൂന്ന് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമാണ് ഉണ്ടായിരുന്നത്. ഒരു കാലത്ത് മലയാളി താരങ്ങളുടെ കുത്തകയായിരുന്ന ട്രാക്കിൽനിന്ന് ഒരു സ്വർണം പോലും നേടാനായില്ല.
അയൽ സംസ്ഥാനങ്ങളായ ആന്ധ്രയും തമിഴ്നാടുമൊക്കെ മുന്നിലോടിക്കയറുകയും ചെയ്തു. ലോങ്ജംപിൽ പുരുഷ വിഭാഗത്തിൽ വൈ. മുഹമ്മദ് അനീസും വനിതകളിൽ ആൻസി സോജനും സ്വർണം നേടി. ട്രിപ്പിൾജംപിൽ എൻ.വി. ഷീനയും സ്വർണനേട്ടം ആവർത്തിച്ചു.
ലോങ്ജംപിലും ട്രിപ്പിൾജംപിലും നയന ജയിംസിന് വെള്ളിയുണ്ട്. കേരളത്തിനായി മത്സരിക്കാതെ പല പ്രമുഖ താരങ്ങളും വിട്ടുനിന്നത് അത്ലറ്റിക്സിലെ സ്വർണ വീഴ്ചക്ക് കാരണമായി നിരത്തുമ്പോൾ, തമിഴ്നാടിനും ആന്ധ്രക്കുമൊക്കെ ദേശീയ താരങ്ങളെ കളത്തിലിറക്കാനായി.
കഴിഞ്ഞ തവണ നാല് സ്വർണമുണ്ടായിരുന്ന കനോയിങ്-കായാക്കിങ്ങിൽ ഇത്തവണ രണ്ടായി ചുരുങ്ങി. റോവിങ്ങിലെ രണ്ട് സ്വർണവും നിലനിർത്താനായി. ജിംനാസ്റ്റിക്സ്, തൈക്വാൻഡോ, ബീച്ച് ഫുട്ബാൾ എന്നിവയിലും ഓരോ സ്വർണം ലഭിച്ചു. കഴിഞ്ഞ തവണ ഇരട്ട സ്വർണം ലഭിച്ച വോളിബാൾ ഇല്ലാത്തത് കേരളത്തിന് തിരിച്ചടിയുമായി.
കേരളത്തിന്റെ മെഡൽ ചോർച്ചക്ക് മലയാളി താരങ്ങളുടെ മറ്റ് ഇടങ്ങളിലേക്കുള്ള ‘കുടിയേറ്റം’ കാരണമായി ചൂണ്ടിക്കാട്ടാമെങ്കിലും ഇതു മാത്രമല്ല. അസോസിയേഷനുകളുടെ സെലക്ഷനുകളിലെ പക്ഷപാതിത്വം, ഫണ്ടിന്റെ ലഭ്യതക്കുറവ് അടക്കം പിന്നെയും കാരണങ്ങൾ ഏറെ.
ഹരിയാനയടക്കമുള്ള സംസ്ഥാനങ്ങൾ പണം വാരിയെറിയുമ്പോൾ, കനോയിങ്-കയാക്കിങ് ടീമുകൾക്ക് സ്പോർട്സ് കൗൺസിൽ ഒന്നരലക്ഷം രൂപ അനുവദിക്കാത്തതിനാൽ മത്സരിച്ച് പരിചയമുള്ള ബോട്ട് എത്തിക്കാൻ കഴിയാതെ കടം വാങ്ങി മത്സരിക്കുന്നതായിരുന്നു ഈ ഗെയിംസിലെ കേരള ക്യാമ്പ് കാഴ്ച.
താരങ്ങൾക്ക് പരിശീലനത്തിനടക്കം സ്കോളർഷിപ്പുമായി മറ്റു സംസ്ഥാനങ്ങൾ പിന്നാലെ നടക്കുമ്പോൾ മലയാളികൾക്ക് ഇതൊക്കെ അന്യം. കേരളത്തിനായി മെഡൽ നേടിയവരെ തേടി അടുത്ത ഗെയിംസ് ലക്ഷ്യമിട്ട് ഗോവ അടക്കമുള്ള സംസ്ഥാനങ്ങൾ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയതിനും സാക്ഷിയായി. ഫുട്ബാളിൽ കേരളത്തിന്റെ റിസർവ് ഗോളിക്കുവരെ വിളി ലഭിച്ചുവെന്നതിൽനിന്ന് മറ്റുള്ളവരുടെ ശുഷ്കാന്തി വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.