കംപാൽ (ഗോവ): ഇരട്ടസ്വർണത്തോടെ ദേശീയ ഗെയിംസിൽ കേരളത്തിന്റെ സുവർണ മടങ്ങിവരവ്. സ്വർണത്തിലേക്ക് വീണ്ടും നീന്തിക്കയറിയ സാജൻ പ്രകാശും തായ്ക്വോണ്ടോയിൽ മാർഗരറ്റ് മരിയ റെജിയുമാണ് സ്വർണവരൾച്ചക്ക് അറുതിയിട്ടത്. 200 മീ. മെഡ്‌ലെ നീന്തലിലാണ് സാജൻ പ്രകാശിന്റെ സ്വർണനേട്ടം. ഇതോടെ ഗോവയിലെ സാജന്റെ സ്വർണനേട്ടം മൂന്നായി ഉയർന്നു. 400 മീ. ഫ്രീസ്റ്റെലിൽ സാജൻ വെള്ളിയും നേടി.
തായ്ക്വോണ്ടോയിൽ വനിതകളുടെ 67 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് മാർഗരറ്റിന്റെ സ്വർണം. ഇതിനൊപ്പം മിക്സഡ് റിലേയിലും പുരുഷന്മാരുടെ സെപക് താക്രോയിലും വെള്ളി നേടിയ കേരളം വെള്ളിയാഴ്ച നാലു വെങ്കലവും സ്വന്തമാക്കി. രണ്ടു സ്വർണം, മൂന്ന് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്നലത്തെ കേരളത്തിന്റെ സമ്പാദ്യം. ഇതോടെ 13 സ്വർണവും
18 വീതം വെള്ളി-വെങ്കലങ്ങളുമടക്കം മൊത്തം 49 മെഡലുകളുമായി കേരളം ഏഴാം സ്ഥാനത്തെത്തി. ഗെയിംസിൽ 60 സ്വർണവുമായി മഹാരാഷ്ട്രയാണ് ഒന്നാമത്. 43 സ്വർണമുള്ള സർവിസസ് രണ്ടാമതും 32 സ്വർണമുള്ള ഹരിയാന മൂന്നാമതുമാണ്.
വ്യാഴാഴ്ച സ്വർണം അകന്നുനിന്ന കേരള ക്യാമ്പിലേക്ക് വെള്ളിയാഴ്ച വൈകീട്ടാണ് ഇരട്ട സന്തോഷമെത്തിയത്. ആദ്യം നീന്തൽകുളത്തിൽനിന്ന് സാജൻ പ്രകാശാണ് സ്വർണമെത്തിച്ചത്. 200 മീ. മെഡ്‌ലിയിലായിരുന്നു (2.04.57) ഗെയിംസിലെ മൂന്നാം സ്വർണം. ഇതോടെ സാജന്റെ മൊത്തം മെഡൽനേട്ടം ഒമ്പതായി. മൂന്നു മിനിറ്റ് 58.13 സെക്കന്റുകൾക്കായിരുന്നു 400 മീ. ഫ്രീസ്റ്റെലിൽ സാജൻ വെള്ളിയിലേക്ക് നീന്തിയെത്തിയത്.
വനിതകളുടെ തായ്‌ക്വോണ്ടോയില്‍ ജമ്മു-കാശ്മീരിന്റെ അഫ്രിന്‍ ഹൈദറെ ഏകപക്ഷിയമായ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാര്‍ഗറ്റ് സ്വര്‍ണം കരസ്ഥമാക്കിയത്. ദക്ഷിണേഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടുള്ള മാർഗരറ്റ് കോട്ടയം കല്ലറ സ്വദേശിനിയാണ്. തിരുവനന്തപുരം സായിയിൽ പരിശീലനം നടത്തുന്ന മാർഗരറ്റ് സാമൂഹിക നീതി വകുപ്പിൽ ക്ലാർക്കാണ്. പുരുഷൻന്മാരുടെ സെപക് താക്രോ ഡബിൾസിലാണ് കേരളത്തിന്റെ രണ്ടാം വെള്ളിനേട്ടം. നിതിൻ വി. നായർ, ബേസിൽ കെ. ബാബു, ജി.എ. അക്ഷയ് എന്നിവരടങ്ങിയ ടീമാണ് രണ്ടാമതെത്തിയത്. ഫൈനലിൽ ആതിഥേയരായ ഗോവക്ക് മുന്നിലായിരുന്നു കീഴടങ്ങൽ (21-13, 22-20). അത്‍ലറ്റിക്സിന്റെ സമാപനദിനം, മിക്സഡ് റിലേയിലാണ് മൂന്നാം വെള്ളി. പി. അഭിരാം, ഗൗരി നന്ദന, റിൻസ് ജോസഫ്, ജിസ്ന മാത്യു എന്നിവരാണ് ട്രാക്കിലിറങ്ങിയത്.
വനിതകളുടെ ഹൈജംപിൽ എയ്ഞ്ചൽ പി. ദേവസ്യ 1.74 മീ) വെങ്കലവും സ്വന്തമാക്കി. വൂഷു 70 കിലോ ഫൈറ്റിങ്ങിൽ മലപ്പുറം സ്വദേശിനി പി.സി. സ്നേഹയും തൌലു -ഗുൻശൂ വിഭാഗത്തിൽ മലപ്പുറംകാരിതന്നെയായ എൻ.പി. ഗ്രീഷ്മയും വെങ്കലം നേടി. തായ്ക്വോണ്ടോയിൽ 80 കിലോയിൽ താഴെയുള്ളവരുടെ ക്യോറൂഗി വിഭാഗത്തിൽ ആലപ്പുഴക്കാരൻ യാസിൻ മുഹമ്മദിലൂടെയാണ് നാലാമത്തെ വെങ്കലനേട്ടം.
വാട്ടർ പോളോയിൽ കേരള വനിതകൾ ഫൈനലിൽ കടന്നു. ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ഫൈനലിൽ പശ്ചിമ ബംഗാളാണ് ഏതിരാളികൾ. സെമി ഫൈനലിൽ മഹാരാഷ്ട്രയെയാണ് കേരള സംഘം തോൽപിച്ചത് (16 -7). പുരുഷ ഫുട്ബാളിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ശനിയാഴ്ച കേരളം മൈതാനത്തിറങ്ങും. അവസാന ഗ്രൂപ് മത്സരത്തിൽ മേഘാലയയാണ് ഏതിരാളികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.