ന്യൂഡൽഹി: പാകിസ്താൻ ജാവലിങ് താരം അർഷാദ് നദീം തന്‍റെ ജാവലിനിൽ കൃത്രിമം കാണിച്ചെന്ന പ്രചാരണങ്ങൾ തള്ളി ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ നീരജ് ചോപ്ര പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി നീരജ് ചോപ്ര എത്തിയത്. സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും അക്കൗണ്ടുകളുമായിരുന്നു വിദ്വേഷ പ്രചാരണത്തിന് പിന്നിൽ.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ നീരജ് ചോപ്ര പറഞ്ഞതിങ്ങനെ: ''മത്സരത്തിന് മുമ്പ് എല്ലാ മത്സരാർഥികളും അവരുടെ ജാവലിനുകൾ ഒഫീഷ്യൽസിനെ ഏൽപിക്കണം. ഇങ്ങനെ പരിശോധിച്ചെത്തുന്ന ജാവലിൻ ഏതു മത്സരാർഥിക്കും ഉപയോഗിക്കാം. എന്‍റെ ജാവലിൻ വെച്ച് പാക് താരം തയാറെടുപ്പ് നടത്തിയത് അങ്ങനെയാണ്. എന്‍റെ ഉൗഴം വന്നപ്പോൾ ജാവലിൻ ഞാൻ ആവശ്യപ്പെടുകയും അദ്ദേഹം തിരികെ നൽകുകയും ചെയ്തു'' -നീരജ് വ്യക്തമാക്കി. നീരജും അർഷാദും സുഹൃത്തുക്കളാണ്.
''എന്‍റെ പേര് നിങ്ങളുടെ താൽപര്യങ്ങൾക്കും സ്ഥാപിത അജണ്ടകൾക്കും വേണ്ടി ഉപയോഗിക്കരുതെന്ന് ഞാൻ അപേക്ഷിക്കുന്നു. ഒന്നാകാനും ഐക്യത്തോടെ ഇരിക്കാനുമാണ് സ്പോർട്സ് ഞങ്ങളെ പഠിപ്പിക്കുന്നത്. എന്‍റെ ചില പ്രസ്താവനകളിൽ ചിലരുണ്ടാക്കുന്ന പ്രതികരണങ്ങൾ എന്നെ നിരാശപ്പെടുത്തുന്നു'' -നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. നീരജിന്‍റെ ട്വീറ്റ് പങ്കിട്ട് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.