ന്യൂഡൽഹി: ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി നീരജ് ചോപ്ര ചരിത്രം കുറിച്ചതിൽ പ്രതികരണവുമായി മാതാവ് സരോജ് ദേവി. മകന്റെ വിജയത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പാകിസ്താൻകാരനായ അർഷദിനോടുള്ള വിജയം എങ്ങനെ കാണുന്നു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള അവരുടെ മറുപടി ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.
‘‘കളിക്കളത്തിൽ എല്ലാവരും താരങ്ങൾ മാത്രമാണ്. എല്ലാവരും എത്തുന്നത് മത്സരിക്കാനാണ്. ഒരാളല്ലെങ്കിൽ മറ്റൊരാൾ എന്തായാലും ജയിക്കും. അതുകൊണ്ട് പാകിസ്താനിയാണോ ഹരിയാനക്കാരനാണോ എന്നത് ചോദ്യമല്ല. പാകിസ്താനിൽനിന്ന് വിജയിച്ച താരത്തെ (അർഷദ് നദീം) ഓർത്ത് ഞാൻ സന്തോഷവതിയാണ്’’, സരോജ് പറഞ്ഞു.
സരോജിന്റെ മറുപടി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്. സരോജിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. സരോജിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ അഭിനന്ദിച്ച പലരും ഇവരെപ്പോലെ ഒരമ്മയുള്ളപ്പോൾ നീരജ് ലോകചാമ്പ്യനായതിൽ അതിശയിക്കാനില്ലെന്നും പ്രതികരണമുണ്ടായി.
ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ സ്വർണമണിഞ്ഞ ശേഷം ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ നീരജ് പാകിസ്താൻ താരം അർഷാദ് നദീമിനെയും ചേർത്തുനിർത്തിയത് ഏറെ ചർച്ചയായിരുന്നു. നീരജ് ചോപ്രയുൾപ്പെടെ ഇന്ത്യയുടെ മൂന്ന് താരങ്ങൾ ഫൈനലിലുള്ളപ്പോൾ അർഷാദ് നദീമിലായിരുന്നു പാകിസ്താന്റെ പ്രതീക്ഷയത്രയും. എന്നാല്‍, നീരജിന് പിന്നിൽ രണ്ടാമതായാണ് അർഷാദ് ഇടം പിടിച്ചത്.
നീരജ് ചോപ്രയും അർഷാദ് നദീമും തമ്മിലുള്ള സൗഹൃദം മുമ്പും ചർച്ചയായിട്ടുള്ളതാണ്. നീരജിന്റെ പ്രകടനങ്ങൾ തനിക്ക് പ്രചോദനമേകുന്നതായി നദീം വെളിപ്പെടുത്തിയിരുന്നു. ഫൈനലിന് ശേഷം പാക് താരത്തെ ഒപ്പംനിന്ന് ഫോട്ടോയെടുക്കാൻ ക്ഷണിച്ചത് നീരജ് ആയിരുന്നു. അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിലും ഇന്ത്യക്കും പാകിസ്താനും ഇതേ പ്രകടനം ആവർത്തിക്കാൻ സാധിക്കട്ടെയെന്നായിരുന്നു അർഷദ് നദീമിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.