സിഡ്നി: ആസ്ട്രേലിയയിൽ ഗ്രാൻഡ്സ്ലാം കളിക്കാനെത്തി നാടുകടത്തൽ ഭീഷണിയിൽ നിൽക്കുന്ന ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച് ഡിസംബർ 16ന് കോവിഡ് ബാധിതനായിരുന്നുവെന്ന് രേഖ. വളരെ അടുത്ത നാളുകളിൽ വൈറസ് ബാധിതനായതിനാൽ കോവിഡ് വാക്സിൻ എടുക്കുന്നതിൽ ഇളവുണ്ടെന്ന് ആസ്ട്രേലിയയിലെ കോടതിയിൽ നൽകിയ രേഖകളിൽ പറയുന്നു.
കഴിഞ്ഞ ദിവസം മെൽബണിൽ വിമാനമിറങ്ങിയ ഉടൻ ദ്യോകോവിച്ചിനെ അതിർത്തി സേന തടവിലാക്കിയിരുന്നു. എട്ടു മണിക്കൂർ സമയം ബന്ധപ്പെട്ടവരുമായി ആശയവിനിമയത്തിനുപോലും അവസരം നൽകാതെയായിരുന്നു കടുത്ത നടപടി. തിരിച്ചയക്കാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും പിന്നീട് അത് നീട്ടിവെച്ചു. തിങ്കളാഴ്ച കോടതി വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.
കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയ രാജ്യത്ത് സൂപ്പർ താരത്തിനുമാത്രം ഇളവു നൽകുന്നതിനെതിരെ കനത്ത പ്രതിഷേധമുയർന്നിരുന്നു. ഇതാണ് അവസാനഘട്ട നടപടികളിലെത്തിച്ചത്. മുമ്പ് കോവിഡ് ബാധിതനായെന്നത് വാക്സിനെടുക്കാത്തതിന് കാരണമാകില്ലെന്നു പറഞ്ഞായിരുന്നു നടപടി. വിക്ടോറിയൻ സംസ്ഥാന സർക്കാറും ടെന്നിസ് ആസ്ട്രേലിയയും ചേർന്നാണ് ദ്യോകോക്ക് അനുമതി നൽകിയതെങ്കിലും വിഷയം കേന്ദ്രത്തിന്റെ പരിധിയിൽപെട്ടതാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറയുന്നു.
അതേസമയം, ഡിസംബർ 16ന് ദ്യോകോ കോവിഡ് ബാധിതനായെന്നു പറയുന്നെങ്കിലും തൊട്ടുപിറ്റേന്ന് സെർബിയയിൽ നടന്ന ചടങ്ങിൽ മാസ്ക് ഇടാതെ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.