ബംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ മെഡൽ കാത്തിരിപ്പിന് മൂന്നാംദിനം അറുതി. വനിതകളുടെ പോൾവാൾട്ടിൽ 3.8 മീറ്റർ പിന്നിട്ട് മരിയ ജയ്സൺ നേടിയ വെങ്കലമാണ് മലയാളി മാനം കാത്തത്. 4.05 മീറ്റർ ചാടിയ റെയിൽവേസിന്റെ പവിത്ര വെങ്കിടേശ് സ്വർണവും നാല് മീറ്റർ കടന്ന റെയിൽവേസിന്റെ തന്നെ ഭരണിക ഇളങ്കോവൻ വെള്ളിയും നേടി.
കഴിഞ്ഞ മീറ്റിൽ ദേശീയ റെക്കോഡോടെ സ്വർണമണിഞ്ഞ തമിഴ്നാടിന്റെ റോസി മീന പോൾരാജിന് പിന്നിൽ യഥാക്രമം വെള്ളിയും വെങ്കലവുമായിരുന്നു പവിത്രയുടെയും ഭരണികയുടെയും സമ്പാദ്യം. ഈ മീറ്റിലെ അതേ ദൂരം ചാടി അന്ന് മരിയ ജയ്സൺ നാലാമതായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ കസഖ്സ്താനിൽ നടന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നാല് മീറ്റർ കടന്ന പവിത്ര വെങ്കടേശ് വെള്ളി നേടിയിരുന്നു. പുരുഷന്മാരുടെ 4x 400 മീറ്റർ റിലേയിൽ മലയാളി താരം ജിതിൻ ജോർജ് അടങ്ങുന്ന ടീം സർവിസസിനായി സ്വർണം നേടി. അക്ഷയ് നൈൻ, ഹിമാൻഷു, അംഗ്രേജ് സിങ് എന്നിവരാണ് ടീമംഗങ്ങൾ.
തമിഴ്നാട് വെള്ളിയും രാജസ്ഥാൻ വെങ്കലവും നേടി. കേരള ടീം ഏഴാമതായാണ് ഫിനിഷ് ചെയ്തത്. വനിതകളുടെ 4x400 മീറ്റർ റിലേയിൽ സോണിയ ബൈശ്യ, കിരൺ പഹൽ, ഫ്ലോറൻസ് ബർല, പ്രാചി എന്നിവരടങ്ങുന്ന റെയിൽവേസ് ടീമിനാണ് സ്വർണം. പഞ്ചാബും ഹരിയാനയും രണ്ടും മൂന്നും സ്ഥാനത്തെത്തി. മറ്റു മത്സര ഫലങ്ങൾ (സ്വർണം, വെള്ളി, വെങ്കലം ക്രമത്തിൽ): ട്രിപ്ൾ ജംപ് (വനിതവിഭാഗം)- മലാല അനുഷ, ഭൈരബി റോയ്, ഷർവാരി പരുലേകർ.
ഷോട്ട്പുട്ട് (പുരുഷ വിഭാഗം) -സാഹിബ് സിങ്, പാർഥ് ലാക്ര, അഭിലാഷ് സക്സേന. ഹാമർ ത്രോ (പുരുഷ വിഭാഗം) -തരൺവീർ, നീരജ് കുമാർ, അജയ് കുമാർ. ഡിസ്കസ്ത്രോ (വനിത വിഭാഗം) - നിധി, നീതിക വർമ, സന്ദീപ് കുമാരി. 5000 മീ. (പുരുഷ വിഭാഗം)- മുർലി ഗവിത്, ഗൗരവ് മത്തൂർ, സചേലാൽ പട്ടേൽ. 5000 മീ. (വനിത വിഭാഗം) - അങ്കിത, സീമ, ദൃഷ്ടിബെൻ ചൗധരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.