പാരിസ്: പാരാലിമ്പിക്സിന്റെ രണ്ടാം ദിനം മെഡൽപട്ടികയിൽ ഇടം നേടി ഇന്ത്യയുടെ അഭിമാന താരങ്ങൾ. ഷൂട്ടിങ്ങിൽ അവനി ലേഖാര സ്വർണം നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലാണ് (എസ്.എച്ച് 1) അവനി വീൽചെയറിലിരുന്ന് തുടർച്ചയായ രണ്ടാം സ്വർണമണിഞ്ഞത്. ഇതേയിനത്തിൽ മോന അഗർവാൾ വെങ്കലം വെടിവെച്ചിട്ടു. ചരിത്രത്തിലാദ്യമായി അത്ലറ്റിക്സിൽ ട്രാക്ക് ഇനത്തിൽ ഇന്ത്യ മെഡൽ നേടിയതും ശ്രദ്ധേയമായി. വനിതകളുടെ ടി 35 വിഭാഗം 100 മീറ്റർ ഓട്ടത്തിലാണ് പ്രീതി പാൽ വെങ്കലം നേടിയത്. 14.21 സെക്കൻഡിൽ ഫിനിഷ് ചെയ്ത പ്രീതി കരിയർ ബെസ്റ്റ് സമയമാണ് കുറിച്ചത്. കാലിന് സ്വാധീനക്കുറവുള്ള താരമായ പ്രീതി യു.പിയിലെ മുസഫർനഗർ സ്വദേശിനിയാണ്.
പുരുഷന്മാരുടെ പത്ത് മീറ്റർ എയർ പിസ്റ്റളിൽ മനീഷ് നർവാൾ വെള്ളിയും സ്വന്തമാക്കി. 234.9 എന്ന സ്കോറാണ് മനീഷ് നേടിയത്. ടോക്യോയിൽ മനീഷ് സ്വർണം നേടിയിരുന്നു.
പാരാലിമ്പിക്സിൽ തുടർച്ചയായി രണ്ട് സ്വർണം നേടുന്ന താരമെന്ന ബഹുമതിയിലേക്ക് അവനി ഗംഭീര പ്രകടനത്തോടെയാണ് കുതിച്ചത്. ടോക്യോയിൽ കുറിച്ച 249.6 എന്ന സ്കോറും അവനി പാരിസിൽ തിരുത്തി. 249.7 ആണ് പുതിയ റെക്കോഡ്. 22കാരിയായ അവനി രാജസ്ഥാനിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റാണ്. 11ാം വയസ്സിൽ കാറപകടത്തിൽ അരക്ക് താഴെ തളർന്നുപോയതാണ്. ടോക്യോയിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ സ്വർണവും 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കലവുമായിരുന്നു അവനിയുടെ നേട്ടം. പാരാലിമ്പിക്സിൽ ഒരേ ഗെയിംസിൽ രണ്ട് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കായിക താരമെന്ന ബഹുമതിയാണ് അവനി ടോക്യോയിൽ നേടിയത്. ഇത്തവണയും 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഈ താരം മത്സരിക്കുന്നുണ്ട്.
പാരിസിൽ ഫൈനലിന് മുമ്പുള്ള യോഗ്യത റൗണ്ടിലും അവനിക്ക് ഉന്നം പിഴച്ചില്ല. രണ്ടാം സ്ഥാനക്കാരിയായാണ് ഫൈനൽ പോരാട്ടത്തിന് അർഹത നേടിയത്. സഹതാരം മോന അഞ്ചാമതായും യോഗ്യത റൗണ്ട് പിന്നിട്ടു. രാജ്യത്തിനായി മെഡൽ നേടാനായതിൽ സന്തോഷമുണ്ടെന്ന് അവനി പറഞ്ഞു. ടീമിനും കോച്ചിനും മാതാപിതാക്കൾക്കും നന്ദി പറയുന്നതായും അഭിമാന താരം വ്യക്തമാക്കി. കൈകാലുകൾക്ക് ബുദ്ധിമുട്ടുള്ളവർക്കും അരക്ക് താഴെ തളർന്നവർക്കുമുള്ള മത്സര വിഭാഗമാണ് എസ്.എച്ച് 1. പിത്തസഞ്ചിക്ക് ശസ്ത്രക്രിയ കഴിഞ്ഞ അവനി അടുത്തിടെ ശാരീരികമായി ക്ഷീണത്തിലായിരുന്നു. ഭാരം കുറഞ്ഞതടക്കമുള്ള പ്രശ്നങ്ങൾ അതിജീവിച്ചാണ് പാരാലിമ്പിക്സിനായി താരം ഒരുങ്ങിയത്. 37കാരിയായ മോന 228.7 സ്കോറോടെയാണ് വെങ്കലം നേടിയത്.
ബാഡ്മിന്റണിൽ സുഹാസ് യതിരാജും നിതേഷ് കുമാറും സെമിയിലെത്തി. എസ്.എൽ 4 വിഭാഗത്തിൽ കൊറിയയുടെ ഷിൻ ക്യുങ് ഹ്വാനെയാണ് 2007 ബാച്ച് ഐ.എ.എസ് ഓഫിസർ കൂടിയായ സുഹാസ് തോൽപിച്ചത്.
എസ്.എൽ 3 വിഭാഗത്തിൽ ചൈനയുടെ യാങ് ജിയാൻയുവാനെതിരെയായിരുന്നു നിതേഷ് കുമാറിന്റെ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.