ന്യൂഡൽഹി: ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിക്കുന്ന ആദ്യ ഫെൻസറായ ഭവാനി ദേവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫെൻസിങ് വാൾ സമ്മാനിച്ചു. ഇന്ത്യൻ ഒളിമ്പിക് സംഘത്തിന് നൽകിയ സ്വീകരണ പരിപാടിക്കിെട മോദി തന്നെ ഝാൻസി റാണിയെന്ന് വിശേഷിപ്പിച്ചതായി അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്കതമാക്കി. പ്രധാനമന്ത്രിയുടെ രാജ്യസ്നേഹവും കായിക മേഖലയിലെ വികസന പ്രവർത്തനങ്ങളോടുള്ള താൽപര്യത്തെയും താൻ സല്യൂട്ട് ചെയ്യുന്നതായി ഭവാനി ദേവി പറഞ്ഞു.
'ഫെൻസിങ് പോലുള്ള ഒരു പുതിയ കായിക ഇനത്തിൽ ആദ്യമായി യോഗ്യത നേടുന്നത് അത്ര എളുപ്പമല്ല. നിങ്ങൾ രാജ്യത്തിന് ഒരു പുതിയ കായിക വിനോദത്തെ പരിചയപ്പെടുത്തുകയും എല്ലാവരുടെയും അഭിമാനവുമായി മാറി. നിങ്ങളുടെ നേട്ടങ്ങൾ മുഴുവൻ രാജ്യത്തെ യുവാക്കളെയും കുട്ടികളെയും കായിക രംഗത്ത് എത്തിച്ചേരാൻ പ്രേരിപ്പിക്കുന്നു. നീ ഝാൻസി റാണിയെ പോലെയാണ്' -മോദി പറഞ്ഞതായി ഭവാനി ദേവി ട്വിറ്ററിൽ കുറിച്ചു.
'അടുത്തിടെ എനിക്ക് എന്‍റെ അച്ഛനെ നഷ്ടപ്പെട്ടു. എന്നാൽ ഇന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുമായി സംവദിച്ചപ്പോൾ അദ്ദേഹത്തിന്‍റെ വാക്കുകളും അനുഗ്രഹങ്ങളും അച്ഛന്‍റെ ഓർമകൾ തിരികെ കൊണ്ടുവന്നു' -ഭവാനി കൂട്ടിച്ചേർത്തു.
ടോക്യോ ഒളിംപിക്സിൽ രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകി പ്രചോദനത്തിനും പിന്തുണക്കും ഭവാനി ദേവി നന്ദി പറഞ്ഞിരുന്നു. രാജ്യത്തിന് താങ്കൾ കഴിവിന്‍റെ പരമാവധി നൽകി. ജയവും തോൽവിയുമെല്ലാം ജീവിതത്തിന്‍റെ ഭാഗമാണ്. താങ്കളുടെ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. ഓരോ ഇന്ത്യക്കാരനും താങ്കൾ പ്രചോദനമാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇതിന് മറുപടിയായാണ് തോൽവിയിലും പിന്തുണച്ച പ്രധാനമന്ത്രിക്ക് ഭവാനി ദേവി നന്ദി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.