കൊച്ചി: പ്രൈം വോളിബാൾ ലീഗ് അവസാനപാദ മത്സരങ്ങളുടെ മൂന്നാം പോരാട്ടത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ 3-2ന് തകർത്ത് അഹ്മദാബാദ് ഡിഫൻഡേഴ്സ്. സ്വന്തം കാണികൾക്ക് മുന്നിൽ ആവേശത്തോടെ കളിച്ച സ്പൈക്കേഴ്സിന് മുന്നിൽ പതറാതെ ഡിഫൻഡേഴ്സ് 15-5, 11-15, 9-15,15-12, 15-14 ജയത്തോടെ സെമിഫൈനൽ ഉറപ്പാക്കി. ആറ് മത്സരങ്ങളിൽ അഞ്ചും ജയിച്ച ഡിഫൻഡേഴ്സ് 11 പോയന്റുമായി ടേബിളിലും അപ്രമാദിത്യം തുടർന്നു. ആറു മത്സരം പൂർത്തിയാക്കിയ കൊച്ചിയുടെ അഞ്ചാം തോൽവിയാണിത്. നന്ദഗോപാലാണ് കളിയിലെ താരം.
അറ്റാക്കർ നന്ദഗോപാൽ സുബ്രഹ്മണ്യവും ബ്ലോക്കർ എൽ.എം. മനോജും തുടങ്ങിവെച്ച മിന്നൽ സ്മാഷുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ തുടക്കത്തിൽ കാലിക്കറ്റ് ഹീറോസിനെ വിറപ്പിച്ച വീര്യത്തിലെത്തിയ ബ്ലൂ സ്പൈക്കേഴ്സിനായില്ല. സ്പൈക്കേഴ്സിനായി വിപുൽ കുമാറും ബി.എസ്. അഭിനവും കളംനിറഞ്ഞതിനാൽ മാത്രമാണ് അഞ്ച് പോയന്റെങ്കിലും നേടാനായത്. മിന്നും താരമായ എറിൻ വർഗീസും ജോർജ് ആന്റണിയും അവസരത്തിനൊത്ത് ഉയർന്നതോടെ ആതിഥേയർ പിന്നെ കുതിച്ചെങ്കിലും അഹ്മദാബാദുകാർ കരുത്തോടെ തിരിച്ചുവന്നു.
അതേസമയം, ഞായറാഴ്ചത്തെ രണ്ടാമത്തെ മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ മുംബൈ മിറ്റിയോര്‍സ് (4-1) അട്ടിമറിച്ചു. സ്കോര്‍: 14-15, 15-9, 15-12, 15-11, 15-8. എട്ട് പോയന്റുള്ള ബ്ലാക്ക് ഹോക്സിന് സെമിയിലെത്താൻ മറ്റു ഫലങ്ങള്‍ കൂടി ആശ്രയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.