ടോക്യോ: ട്രാക്കിനുമീതെ മുഴങ്ങുന്ന വെടിയൊച്ചക്കൊപ്പം സ്റ്റാർട്ടിങ് ബ്ലോക്കിൽനിന്ന് വീശിയടിക്കുന്ന ആ മിന്നൽപ്പിണറാകും ഈ ടോക്യോ ഒളിമ്പിക്സിെൻറ ഏറ്റവും വലിയ നഷ്ടം. അതെ. സാക്ഷാൽ ഉസൈൻ ബോൾട്ട്. ഭൂമുഖത്തെ ഏറ്റവും വേഗമുള്ള മനുഷ്യൻ. ഒളിമ്പിക്സിൽ 'ട്രിപ്ൾ ട്രിപ്ൾ' തികച്ച ഏക മനുഷ്യൻ. ആഗസ്റ്റ് ഒന്നിന് ടോക്യോ ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ പ്രധാന ട്രാക്കിൽ 100 മീറ്റർ ഫൈനലിന് ലോകത്തിലെ അതിവേഗക്കാർ അണിനിരക്കുമ്പോൾ ഏവരും ആഗ്രഹിക്കുന്നത് അതായിരിക്കും. സ്റ്റാർട്ടിങ് ബ്ലോക്കിൽ കാലുവെക്കുന്നതിനുമുമ്പ് ആകാശത്തേക്ക് നോക്കി നെഞ്ചിൽ കുരിശുവരച്ച് കൈവിരലിൽ ചുംബിക്കുന്ന ആറടി അഞ്ചിഞ്ച് ഉയരമുള്ള, കൗതുകമാർന്ന ചേഷ്ടകളുള്ള, ആൾക്കൂട്ടത്തിനു നേരെ സാങ്കൽപികമായി അമ്പെയ്യുന്ന ആ മനുഷ്യൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. പുതിയ വേഗവും പുതിയ ദൂരവും പുതിയ കരുത്തും പിറക്കുന്ന ഒളിമ്പിക്സിൽ ഉസൈൻ ബോൾട്ട് കുറിച്ച റെക്കോഡ് ആരെങ്കിലും തിരുത്തുമോ?
എല്ലാ കായിക ഇനങ്ങളുടെയും മാറ്റുരയ്ക്കുന്ന ഒളിമ്പിക്സിൽ എന്തുകൊണ്ടും സൂപ്പർ സ്റ്റാർ ഐറ്റം പുരുഷന്മാരുടെ 100 മീറ്റർ തന്നെയാണ്. ഏറ്റവും വേഗമാർന്ന മനുഷ്യനെ കണ്ടെത്തുന്ന, ഒന്നു ദീർഘശ്വാസമെടുത്തുവിടുന്നതിനുള്ളിൽ 100 മീറ്റർ അനായാസം താണ്ടുന്ന അതിശയിപ്പിക്കുന്ന ഇനം. ഓരോ ഒളിമ്പിക്സിലും വേഗത്തിൽ പുതുചരിത്രമെഴുതിയ ഇനം.
1896ലെ ആതൻസ് ഒളിമ്പിക്സിൽ അമേരിക്കയുടെ തോമസ് ബുർകയുടെ പേരിലാണ് ആധുനിക കാലത്തെ ആദ്യ ഒളിമ്പിക്സ് 100 മീറ്റർ സ്വർണം കുറിക്കപ്പെട്ടത്. 12 സെക്കൻഡിനുള്ളിലായിരുന്നു അത്രയും ദൂരം ബുർക താണ്ടിയത്. ഇതിഹാസ കായികതാരമായിരുന്ന അമേരിക്കയുടെ ജെസ്സി ഓവൻസ് 1936ൽ ബർലിനിൽ സ്വർണമണിഞ്ഞത് 10.3 സെക്കൻഡിനുള്ളിലായിരുന്നു. മനുഷ്യന് താണ്ടാൻ കഴിയുന്ന ഏറ്റവും വലിയ വേഗം എന്നു കരുതിയ ആ റെക്കോഡ് 1960ൽ കിഴക്കൻ ജർമനിയുടെ
അർമിൻ ഹാരി പിഴുതെറിഞ്ഞു. നാലു വർ ഷത്തിനുശേഷം 1964ൽ തൊട്ടടുത്ത ടോക്യോ ഒളിമ്പിക്സിൽ അമേരിക്കയുടെ ബോബ് ഹെയ്സ് 10 സെക്കൻഡിൽ 100 മീറ്റർ താണ്ടി അതിശയം സൃഷ്ടിച്ചു. ലോകം ഹെയ്സിനെ നോക്കി 'ഇതാ ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മനുഷ്യൻ' എന്നു വിശേഷിപ്പിച്ചു. അത് പറഞ്ഞ് നാവെടുത്തുതീരുംമുമ്പ് 1968ൽ അമേരിക്കക്കാരനായ ജിം ഹെയ്ൻസ് 9.95 സെക്കൻഡിൽ 100 മീറ്റർ കടന്ന് 10 സെക്കൻഡിൽ താഴെ ആ ദൂരം ഒളിമ്പിക്സിൽ താണ്ടാമെന്ന് കാണിച്ചുകൊടുത്തു.
1984ൽ ലോസ് ആഞ്ജലസിലും 88ൽ സിയോളിലും അമേരിക്കയുടെ കാൾ ലൂയിസ് 10 സെക്കൻഡിൽ താഴെ 100 മീറ്റർ പിന്നിട്ട് റെക്കോഡ് കുറിച്ചു. 84ൽ 9.99 സെക്കൻഡിലായിരുന്നെങ്കിൽ 88ൽ 9.92 എന്ന റെക്കോഡിലായിരുന്നു കാൾ ലൂയിസിെൻറ പ്രകടനം. 1998ൽ അത്ലാൻറ ഒളിമ്പിക്സിൽ കാനഡയുടെ ഡോണോവൻ ബെയ്ലി 9.84 സെക്കൻഡിൽ ലോകത്തെ അമ്പരപ്പിച്ചു.
പക്ഷേ, ചരിത്രം പിറക്കാനിരുന്നത് 2008 െബയ്ജിങ് ഒളിമ്പിക്സിലായിരുന്നു. 9.69 എന്ന അമാനുഷിക വേഗത്തിൽ ജമൈക്കയുടെ ഉസൈൻ ബോൾട്ട് ആ വേഗം താണ്ടുമ്പോൾ ലോകം അന്തംവിട്ടുനിന്നു. ഒരു മനുഷ്യന് താണ്ടാവുന്ന ഏറ്റവും വലിയ വേഗമെന്ന് അത് വിശേഷിപ്പിക്കപ്പെട്ടു. പക്ഷേ, ആ റെക്കോഡിനും ആയുസ്സ് കുറവായിരുന്നു. 2012ൽ ലണ്ടൻ ഒളിമ്പിക്സിൽ ഉസൈൻ ബോൾട്ട് തന്നെ അത് തിരുത്തി. 9.63 സെക്കൻഡ് എന്ന മിന്നൽവേഗം. 2016ലെ റിയോ ഒളിമ്പിക്സിലും സ്വർണം ബോൾട്ടിനായിരുന്നുവെങ്കിലും 9.81 എന്ന വേഗത്തിലായിരുന്നു ആ പ്രകടനം.
2009 ആഗസ്റ്റ് 16ന് ബർലിൻ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 9.58 എന്ന മാന്ത്രികവേഗത്തിൽ 100 കടന്ന് ലോക റെക്കോഡ് കുറിച്ചു ഉസൈൻ ബോൾട്ട്. 'മിന്നൽ ബോൾട്ട്' എന്ന വിശേഷണവും ബോൾട്ടിന് സ്വന്തമായി.
2008, 2012, 2016 ഒളിമ്പിക്സുകളിൽ 100 മീറ്റർ, 200 മീറ്റർ, 4x100 മീറ്ററിൽ തുടർച്ചയായി 'ട്രിപ്ൾ' സ്വർണം നേടിയ ബോൾട്ട് 2016ലെ റിയോ ഒളിമ്പിക്സോടെ 30ാമത്തെ വയസ്സിൽ ട്രാക്കിനോട് വിടപറഞ്ഞു.
റിയോ കടന്ന് ഒളിമ്പിക്സ് ടോക്യോയിൽ എത്തുമ്പോഴും ലോകം ആഗ്രഹിക്കുന്നത് ട്രാക്കിെൻറ അങ്ങേത്തലക്കൽ ഉസൈൻ ബോൾട്ട് ഉണ്ടായെങ്കിൽ എന്നാണ്. ഭൂമുഖത്ത് മനുഷ്യന് അവെൻറ രണ്ടു കാലുകളിൽ താണ്ടാവുന്ന ഏറ്റവും വലിയ വേഗം എന്നു വിശേഷിപ്പിക്കപ്പെട്ട ഉസൈൻ ബോൾട്ടിെൻറ മന്ത്രിക റെക്കോഡ് ഈ ഒളിമ്പിക്സിൽ ആരെങ്കിലും പിഴുതെറിയുമോ...? ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആഗസ്റ്റ് ഒന്നിലെ ആ സ്വപ്നദിനത്തിലേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.